
പത്തനംതിട്ട: പത്തനംതിട്ടയിലെ 13 വയസുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നാണ് പോലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്ത നാല് പേരെ അടക്കമാണ് പിടികൂടിയിരുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം വേണം എന്നാണ് പൊലീസ് പറയുന്നത്. ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് നൽകിയ മൊഴികളിലും മാറ്റം ഉണ്ട്. സംഭവത്തിൽ രണ്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെന്ന്പോലീസ് പറഞ്ഞു. കൗൺസിലിംഗിന് പിന്നാലെ സ്കൂൾ അധികൃതർ പോലീസ്, ശിശുക്ഷേമ സമിതി എന്നിവരെ വിവരം അറിയിച്ചു. തുടർന്ന് കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയത്.
അതേസമയം പതിമൂന്നുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറാണ് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. സ്കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിലും വെച്ച് പീഡനം നടന്നതായി കുട്ടി മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്.






