
തിരുവനന്തപുരം : സംസ്ഥാനത്ത് മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത ആറ് സ്വാശ്രയ നഴ്സിങ് കോളജുകളുടെ അംഗീകാരം പിന്‍വലിക്കാനും നാലു കോളജുകളിലെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനുമുള്ള നടപടിയെടുത്ത് കേരളാ ആരോഗ്യ സര്‍വകലാശാല. അംഗീകാരം പിന്‍വലിച്ച കോളേജുകള്‍ക്ക് ഈ വര്‍ഷം പ്രവേശനം നടത്താനാകില്ല.
സ്വാശ്രയ നഴ്സിങ് കോളജുകളെ കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല ഗവേണിങ് കൗണ്‍സിലാണ് കോളജുകളുടെ അംഗീകാരം പിന്‍വലിക്കാനും സീറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും തീരുമാനമെടുത്തത്.
കോട്ടയം ജില്ലയിലെ നഴ്സിങ് കോളേജ് ഓഫ് ഗുരു എഡ്യുക്കേഷണല്‍ ട്രസ്റ്റ്,തിയോഫിലസ് കോളേജ് ഓഫ് നഴ്സിങ്,എറണാകുളത്തെ ഇന്ദിരാഗാന്ധി നഴ്സിങ് കോളേജ്, കൊട്ടാരക്കരയിലെ മേഴ്സി കോളേജ് ഓഫ് നഴ്സിങ്, തിരുവനന്തപുരം വെള്ളറടയിലെ രുക്മിണി കോളേജ് ഓഫ് നഴ്സിംഗ്, നെടുമങ്ങാട് നൈറ്റിംഗേല്‍ കോളേജ് ഓഫ് നഴ്സിംഗ് എന്നിവയ്ക്കാണ് അംഗീകാരം നഷ്ടമായത്.എരുമേലി അസീസി, കണ്ണൂര്‍ കനോഫ, കോഴഞ്ചേരി ഫയോനില്‍, പാലക്കാട് സെവന്ത്ഡേ എന്നീ കോളേജുകളിലെ സീറ്റുകളാണ് വെട്ടിക്കുറച്ചത്.






