Authored by Web Desk | Last updated: 15 Jun 2017, 1:29 PM | 2 min read
വലിയൊരു വ്യത്യസ്തത പുലര്‍ത്തുന്ന സിനിമയാണ് 'രാമലീല.' നവാഗതനായ അരുണ്‍ഗോപി ഈ ചിത്രം സംവിധാനം ചെയ്യുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം 'രാമലീല' നിര്‍മ്മിക്കുന്നു.
പുലിമുരുകന്റെ വന്‍ വിജയത്തിനു ശേഷം മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.
ബുദ്ധിയും സാങ്കേതികവിദ്യയും ഒരുപോലെ സമന്വയിപ്പിക്കുന്ന ഈ ചിത്രം മലയാളസിനിമയിലെ സമീപകാല ഹൈടെക്ക് മൂവിയാണ്.
രാഷ്ട്രീയമാണ് പ്രധാന പശ്ചാത്തലം. രാമനുണ്ണി എന്ന ചെറുപ്പക്കാരന്റെ രാഷ്ട്രീയ ജീവിതവും കുടുംബജീവിതവും കോര്‍ത്തിണക്കിയുള്ള സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സച്ചിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മുകേഷ്, സായ്കുമാര്, വിജയരാഘവന്, സിദ്ദിഖ്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ ഇങ്ങനെ മലയാളത്തിലെ മുന്‍നിര നടന്മാരുടെ സാന്നിധ്യം ഈ ചിത്രത്തെ ഏറെ താരസമ്പന്നമാക്കുന്നു.
പ്രശസ്ത തമിഴ്നടി രാധികാ ശരത്കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രമായ 'രാഗിണി'യെ അവതരിപ്പിക്കുന്നത്.
ഒരു സാധാരണ വീട്ടമ്മയെപ്പോലെ വീട്ടിലെ ചുവരുകള്‍ക്കിടയില്‍ ഒതുങ്ങുന്ന ഒരു സ്ത്രീയായിരുന്നില്ല രാഗിണി.
ഭര്‍ത്താവായ രാഘവന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എന്നും താങ്ങും തണലുമായി രാഗിണി നിന്നിരുന്നു. പലപ്പോഴും രാഗിണിയുടെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും രാഘവന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു.
ഇന്ന് മകന്റെ ജീവിതത്തിലും ഇവര്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. ഒരു നടി എന്ന നിലയില്‍ ഏറെ അഭിനയസാധ്യതകള്‍ നിറഞ്ഞ ഒരു കഥാപാത്രമാണ് രാഗിണി.
പാലക്കാടാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ജനാധിപത്യ സ്വഭാവമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അടിയുറച്ച പ്രവര്‍ത്തകനായിരുന്നു രാഘവന്. രാഷ്ട്രീയപ്രവര്‍ത്തനം നിസ്വാര്‍ത്ഥ സേവനമായിക്കണ്ടിരുന്ന രാഘവന് ആ പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്നു.
രാഘവന്റെ മരണമാണ് രാമനുണ്ണിയെ ഈ രംഗത്തേക്ക് അടുപ്പിച്ചത്. അതിന് അമ്മയുടെ പ്രോത്സാഹനം. അച്ഛന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റണമെന്നതായിരുന്നു അമ്മയുടെ ആഗ്രഹം.
കൊടിയുടെ നിറം എന്തായാലും രാഷ്ട്രീയരംഗം എന്നും കിടമത്സരത്തിന്റെയും കുതികാല് വെട്ടിന്റെയുമൊക്കെ വിഹാരരംഗമാണ്. ഈ രംഗത്തേക്ക് കടന്നുവന്ന രാമനുണ്ണിയും പലപ്പോഴും ഇതിന്റെയെല്ലാം ഭാഗമാകേണ്ട സാഹചര്യത്തിലെത്തി.
അത് പിന്നീട് പ്രായോഗിക തലത്തിലേക്കും കടന്നുകൂടുകയായിരുന്നു. രാമനുണ്ണി ഇവിടെ അനുഭവജ്ഞനെപ്പോലെ പെരുമാറിത്തുടങ്ങിയപ്പോള് രാമനുണ്ണിയുടെ പുതിയ മുഖമാണ് ഈ രംഗം കണ്ടത്. രാമനുണ്ണിയടെ ഈ തേരോട്ടം ഈ രംഗത്തെ പല പ്രഗത്ഭന്മാര്ക്കും അതിശയമായി.
ഒരുഘട്ടത്തില്‍ രാമനുണ്ണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി ഹെലന എന്ന ആര്‍ക്കിടെക്ട് കൂടി കടന്നുവരുന്നതോടെ ചിത്രത്തിന്റെ സ്വഭാവം മാറുകയാണ്. ബുദ്ധിയും ശക്തിക്കുമൊപ്പം നൂതനമായ സാങ്കേതിക ഘടകവും അനിവാര്യമാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ഏറെ രസകരവും ഉദ്വേഗത്തോടെയും അവതരിപ്പിക്കുന്നത്.
ഇവിടെയാണ് ഈ ചിത്രം ഹൈടെക് മൂവിയാകുന്നത്. പ്രയാഗാ മാര്‍ട്ടിനാണ് ഹെലനയെ അവതരിപ്പിക്കുന്നത്. പ്രയാഗയ്ക്ക് മെയിന്‍സ്ട്രീം സിനിമയില്‍ മുന്‍നിരയിലേക്ക് കടന്നുവരാന്‍ കഴിയുന്ന ചിത്രംകൂടിയാണിത്. ആദ്യമായി ഒരു മുന്‍നിര നായികയാകുന്ന ചിത്രം.
മുകേഷ്, സിദ്ദിഖ്, സായ്കുമാര്, വിജയരാഘവന്, സുരേഷ് കൃഷ്ണ, സാദിഖ്, ഷാജു, ലെന, ചാലിപാലാ, ജെയിംസ് പാറയ്ക്കല്‍, ആദിനാട് ശശി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരുന്നു. ഷാജി കുമാറാണ് ഛായാഗ്രാഹകന്‍, എഡിറ്റിംഗ്- വിവേക് ഹര്ഷന്. കലാസംവിധാനം- സുജിത് രാഘവ്. മേക്കപ്പ്- ജിതേഷ് പൊയ്ക, കോസ്റ്റിയൂം ഡിസൈന്‍- സമീറാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാജി പാടൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- പാര്ത്ഥന്, ശ്രീനാഥ് സുധാകരന്.