
വാഷിംഗ്ടണ്‍: വ്യത്യസ്തമായ ആശയങ്ങളും ഭ്രാന്തന് ചിന്താഗതികളുമാണ് തന്നെ വ്യത്യസ്തനാക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിനകം അനേകം തവണ പറയാതെ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയുടെ എക്കാലത്തെയും തലവേദനയായ മെക്സിന്‍ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റവും മയക്കുമരുന്ന് കടത്തും ഇല്ലാതാക്കന്‍ സോളാര്‍ പാനല്‍ കൊണ്ടുള്ള ട്രിക്കുമായി എത്തുകയാണ് ട്രംപ്.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ സോളാര്‍ പാനല്‍ നിരത്തിയുള്ള വേലിയാണ് സംഭവം. ഒരേ സമയം വേലിയായും വൈദ്യുതിയായും ഉപയോഗിക്കാന്‍ ഇതുകൊണ്ട് കഴിയുമല്ലോ എന്നാണ് ട്രംപിന്റെ ചിന്താഗതി. ഇതില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിക്കാനും കഴിയും ഒപ്പം നിര്‍മ്മാണ ചെലവ് കുറയ്ക്കാനും കഴിയും. ഇയോവയിലെ സെഡാര്‍ റാപിഡ്സിലെ ജനക്കൂട്ടത്തിനോടാണ് ട്രംപ് തന്റെ ആശയം പങ്കുവെച്ചത്.
''അതിര്‍ത്തി കടന്നുവരുന്ന മയക്കുമരുന്നിനെ തടയേണ്ടതുണ്ട്. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു കാര്യം നിങ്ങളോട് പറയാം. തെക്കന്‍ അതിര്‍ത്തിയില്‍ സൂര്യന്റെ നല്ല സാന്നിദ്ധ്യമുണ്ട്. ചൂടും ആവശ്യത്തിനുണ്ട്. ഇവിടെ നമുക്കൊരു സോളാര്‍ വേലി കെട്ടാം. അത് ഊര്‍ജ്ജം നിര്‍മ്മിക്കുകയും അതിന്റെ ചെലവ് വഹിക്കുകയും ചെയ്യും. ഇതിലൂടെ ഇവിടെ മതില് നിര്‍മ്മിക്കുന്ന മെക്സിക്കോയുടെ ചെലവ് കുറയ്ക്കാനുമാകും. ഇക്കാര്യം ചിന്തിച്ചു നോക്കുക. ഭീത്തിക്ക് എത്ര ഉയരം കൂടുന്നോ അത്രയും മൂല്യം കൂടും. എന്തൊരു മനോഹര സങ്കല്‍പ്പം അല്ലേ'' ട്രംപ് പറഞ്ഞു.
അതിര്‍ത്തിയില്‍ ഭിത്തി നിര്‍മ്മിക്കുന്ന കാര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ ഭരണകൂടം ആശയം മുന്നോട്ടു വെച്ചത്. ഇതിന് സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള ആശയവുമായി ലാസ് വെഗാസിലെ ഒരു ബിസിനസുകാരന് ടോം ഗ്ളീസണ്‍ ടെന്‍ഡര്‍ വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നെങ്കിലും ട്രംപ് ഭരണകൂടം മെക്സിക്കന്‍ അതിര്‍ത്തിയിലെ ഭിത്തി നിര്‍മ്മാണത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചയെന്നും നടത്തിയിട്ടില്ല. ഡമോക്രാറ്റില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടെങ്കിലും യുഎസ് കോണ്‍ഗ്രസ് പദ്ധതിക്ക ഫണ്ട് നല്കാന് വിസമ്മതിക്കുകയാണ്. നിലവില്‍ അതിര്‍ത്തി വേലിയിലെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ നടത്താനുള്ള ഫണ്ടുകള്‍ മാത്രമാണ് സമ്മതിച്ചിരിക്കുന്നത്.






