
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന് ദിലീപ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. കാക്കനാട് സബ് ജയിലില്‍ എത്തിയായിരിക്കും ചോദ്യം ചെയ്യല്‍.
അതേസമയം, കേസില്‍ ദിലീപിനെ ഉള്‍പ്പെടുത്താന്‍ വ്യക്തമായ തെളിവില്ലാത്ത സ്ഥിതിയിലാണ് അന്വേഷണ സംഘം. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്നതു മാത്രമാണ് ദിലീപിന് എതിരായ തെളിവായി പോലീസിനു മുന്നിലുള്ളത്. ടവര്‍ ലൊക്കേഷനില്‍ ഇരുവരും എത്തിയത് എങ്ങനെയാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണം ഉണ്ടായോ എന്നും പരിശോധിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ദിലീപിന് ഇത്തരമൊരു വ്യക്തിയുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും പോലീസ് കണ്ടെത്തി. ഒരു മാസം മുന്‍പാണ് ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൊച്ചി എം.ജി റോഡിലുള്ള ഒരു സ്ഥലത്ത് എത്തിയത്. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മനഃപൂര്‍വ്വം ഗൂഢാലോചന നടക്കുന്നതായും മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ എത്തിയതും ഇതിന്റെ ഭാഗമെന്നും ദിലീപ് സംശയം പ്രകടിപ്പിച്ചു.
പള്‍സറുമായി ഒരു ബന്ധവുമില്ലെന്നും അയാളെ കണ്ടിട്ടില്ലെന്നുമുള്ള ആദ്യ നിലപാടില്‍ തന്നെയാണ് ദിലീപ് ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ കേസില്‍ ദിലീപിന് പങ്കുണ്ടെന്നാണ് മുന്‍പ് പല തവണ ചോദ്യം ചെയ്തപ്പോഴും സുനിയുടെ മൊഴി. കേസ് തന്നിലേക്ക് വഴിതിരിച്ചുവിടാനും അതുവഴി പ്രതിക്ക് രക്ഷപ്പെടാനുമാണെന്നും അതിനു പിന്നില്‍ മറ്റുചിലരുണ്ടെന്നും ദിലീപും സംശയിക്കുന്നുണ്ട്. താനും നടിയുമായുള്ള അഭിപ്രായ ഭിന്നത മുതലെടുത്ത് തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാനും അതുവഴി വ്യക്തിവിരോധം തീര്‍ക്കാനുമാണ് ഇവരുടെ ശ്രമമെന്നാണ് ദിലീപിന്റെ വിശ്വാസം. ഇക്കാര്യത്തില്‍ സംശയമുള്ളവരെ കുറിച്ചുള്ള വിവരം ദിലീപ് പോലീസിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചന






