Authored by Web Desk | Last updated: 29 Jun 2017, 4:48 PM | 7 min read
ആറു വര്‍ഷത്തിനു ശേഷം ജയപ്രദ വീണ്ടും മലയാള സിനിമയിലേക്ക്... കിണര്‍ എന്ന ചിത്രത്തിലൂടെ എത്തുന്ന ദേവദൂതന്റെ സ്വന്തം അലീനയോടൊപ്പം...
വാകപ്പൂമരച്ചോട്ടില്‍ നിരത്തിയിട്ട ബെഞ്ചിലിരുന്ന് ക്യാമറക്ലിക്കുകള്ക്ക് ഭാവങ്ങള്‍ വാരിയെറിയുന്ന സൗന്ദര്യത്തെ ആരുമൊന്ന് നോക്കിപ്പോകും. ബ്ളസിയുടെ പ്രണയത്തിലെ ഗ്രേയ്സിന് ആറുവര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും എന്തൊരു ഗ്രെയ്സ്! തന്റെ കരം പിടിച്ചാല്‍ കടലോളം വെണ്ണിലാവെന്ന് അന്ധനായ നിഖില്‍ മഹേശ്വര് പാടിയ ദേവദൂതനിലെ അലീന; ജയപ്രദ. കഥ പറയുന്ന കണ്ണുകളുടെ ഉടമ. എം.പി.യായി രാഷ്ര്ടീയത്തിലും നിറസാന്നിദ്ധ്യമായിത്തീര്ന്ന വ്യക്തിത്വം.
ഇനിയും കഥ തുടരുമെന്ന ജോഷി-മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ജയപ്രദ ചുരുക്കം സിനിമകളിലൂടെതന്നെ മലയാളിയുടെ ഇഷ്ടനായികയായി. ഹിന്ദിയിലടക്കം മുന്നൂറിലധികം ചിത്രങ്ങളില്‍ നായികയായ ജയപ്രദ ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്കെത്തുന്നത്, കിണറിലൂടെ. ജയ പ്രദ കന്യകയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.
പ്രണയത്തിനു ശേഷം വലിയൊരു ഇടവള... എന്തായിരുന്നു കാരണം ?
പ്രത്യേകിച്ചൊന്നുമില്ല. ഞാന്‍ മറ്റു ഭാഷകളിലെ സിനിമകളില്‍ തിരക്കായിരുന്നു. പിന്നെ രാഷ്ട്രീയവും. എങ്കിലും മലയാള സിനിമ എനിക്കെപ്പോഴും പ്രിയപ്പെട്ടതു തന്നെ. നല്ല തിരക്കഥയുമായി ആരും വരാത്തതാണു കാരണം.
ഇവിടുത്തെ പ്രേക്ഷകരെന്നും എന്നെ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട്. ഒരിക്കലും അന്യഭാഷാ നായിക എന്ന പരിഗണനയല്ല തന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ നല്ല തിരക്കഥകളിലേ അഭിനയിക്കൂ എന്ന് തീരുമാനിച്ചിരുന്നു.
മൂന്നു മിനിറ്റ് മാത്രമുള്ളതായിരുന്നു ജയപ്രദയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റവേഷം. അവിടെ നിന്ന് ഇതുവരെ...?
സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണത്. സ്കൂളിലെ ഒരു ഡാന്‍സ് കണ്ടിട്ടാണ് 1976 ല്‍ കെ.ബി. തിലക് സാര്‍ സംവിധാനം ചെയ്ത ഭൂമി കോശം എന്ന തെലുങ്കു ചിത്രത്തിലേക്ക് ഓഫര്‍ വരുന്നത്. അന്ന് എനിക്ക് സിനിമയെപ്പറ്റി ഒന്നുമറിയില്ല. എന്താണ് എനിക്കു ചുറ്റും സംഭവിക്കുന്നതെന്ന് പോലും മനസ്സിലായില്ല.
മൂന്നു മിനിറ്റുള്ള പാട്ടായിരുന്നു. പാട്ട് സീനില്‍ കലശം എടുത്തു കൊണ്ട് നടന്നു വരാന്‍ പറഞ്ഞു. ഞാനത് ചെയ്തു. ബോള്‍ഡായ പ്രണയകഥാപാത്രമായിരുന്നു എന്റേത്.
ആ സിനിമയിലൂടെയാണ് നടന് എം. പ്രഭാകര്‍ റെഡ്ഡി ലളിതാറാണി എന്ന എന്നെ ജയപ്രദയാക്കുന്നത്. ആ മൂന്നു മിനിറ്റ് ശരിക്കും മൂന്ന് ഡെക്കേഡുകള് തന്നെയായിരുന്നു. സിനിമയെന്തെന്നറിയാത്ത ഒരു പെണ്‍കുട്ടിയുടെ ബ്ലാങ്കായ മനസ്സായിരുന്നു അന്ന് എന്റേത്. വലിയൊരു വെല്ലുവിളിയായിരുന്നു അത്. ഇന്ന് എല്ലാം വളരെ ഫാസ്റ്റാണ്. അക്കാലത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍ പോലുമാവില്ല.
വീട്ടുകാര്‍ പോലും രണ്ടു വട്ടം ആലോചിച്ച ശേഷമേ പെണ്‍കുട്ടികളെ സിനിമയില്‍ വിടൂ. എന്റെ അമ്മയും അച്ഛനും വളരെ സിമ്പിളായിരുന്നു. അങ്കിളിന് മാത്രമായിരുന്നു സിനിമയുമായുള്ള ബന്ധം. സിനിമ കാണുമെന്നതിലുപരി യാതൊരു ബന്ധവുമില്ലായിരുന്നു. ഇന്നങ്ങനല്ല.
എല്ലാവര്ക്കും വിശാലചിന്താഗതിയാണ്. അമ്മമാര്‍ പോലും മക്കളെ ഈ മേഖലയിലേക്ക് പോകാനനുവദിക്കുന്നു. ഒരു കരിയറായി അത് കരുതുന്നു. താരങ്ങളുടെ മക്കള്‍ ഇതിലേക്ക് എത്തുന്നത് അതിന്റെ തെളിവാണ്.
എപ്പോഴാണ് വെള്ളിത്തിരയെ സ്നേഹിച്ചു തുടങ്ങിയത് ?
തുടക്കത്തില്‍ സിനിമയില്‍ നിന്നകന്നു പോകാനായിരുന്നു ഇഷ്ടം. സുഹൃത്തുക്കളെയും സ്കൂളിനെയും മറ്റും ശരിക്കും മിസ് ചെയ്തു. (പുറത്ത് ചന്നംപിന്നം പെയ്യുന്ന മഴയെ നോക്കിയിരുന്ന് അവര്‍ തുടര്‍ന്നു) ഒന്നു മഴ പെയ്തെങ്കില്‍ ഷൂട്ടിങ് നിര്‍ത്തുമ്പോള്‍ വീട്ടില്‍ പോകാമല്ലോ എന്നു ചിന്തിച്ച കാലമുണ്ട്!
പക്ഷേ പതിയെ ഞാനതിനെ ശരിക്കും പ്രണയിച്ചു തുടങ്ങി.
അതിന്റെ സൗന്ദര്യം അറിഞ്ഞു. ഗ്ലാമര്‍ മേഖലയെന്നതു കൊണ്ടല്ല മറിച്ച് ഓരോ കഥാപാത്രവും സമൂഹത്തിന്റെ പ്രതിഫലനമാണ്. കുടുംബചിത്രങ്ങള്‍, സബ്ഡ്യൂഡ് കഥാപാത്രങ്ങള്‍, അമ്മ, ഭാര്യ, സഹോദരി, കാമുകി, മരുമകള്‍ എന്നിങ്ങനെ ഒട്ടുമിക്ക വേഷങ്ങളും ചെയ്തു. എല്ലാ ഭാഷയിലും കാമ്പുള്ള കഥാപാത്രങ്ങള്‍ കിട്ടി. പ്രഗല്ഭരായ സംവിധായകര്‍, അഭിനേതാക്കള്‍, തിരക്കഥാകൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു.
അതിലൊക്കെ ഉപരി നൃത്തം എന്റെ ജീവനാണ്. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. പ്രേക്ഷകര്‍ നൃത്തവേഷങ്ങളില് എന്നെയൊരുപാട് സഹിച്ചിട്ടുണ്ട്. നല്ല സിനിമകള്‍ ഞാന്‍ നല്കിയപ്പോള് പ്രേക്ഷകരത് രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
വലിയൊരു ഭാഗ്യമാണ് എനിക്ക് കിട്ടിയത്. പ്രണയം, ശരാബി, സഞ്ചോഗ്, അന്തലുനിഗത, മേഘസന്ദേശം, സാഗരസംഗമം(ചിലങ്കയൊലി), സിരി സിരി മൂവ്വാ എന്നിവയിലൊക്കെ പ്രണയഗാനങ്ങളും കിട്ടിയിട്ടുണ്ട്. മണ്മറഞ്ഞ ഒരുപാട് പ്രഗല്ഭര്ക്കൊപ്പം വര്‍ക്ക് ചെയ്തു.
കെ വിശ്വനാഥ് ജി, കെ. രാഘവേന്ദ്രറാവു സാര്‍, കെ. ബാലചന്ദ്രര്‍ സാര്‍, ദാസരി നാരായണ റാവൂ സാര്‍, കെ.ബാപ്പുജി തുടങ്ങി കന്നഡത്തിലും ബോളിവുഡിലും മലയാളത്തിലുമൊക്കെയുള്ള എല്ലാ സംവിധായകരും എനിക്ക് ശരിക്ക് ഗുരുക്കന്മാര് തന്നെയാണ്.
എന്റെ എല്ലാ വിജയങ്ങള്‍ക്കും കാരണം ഇവരാണ്. പതിനാലാം വയസ്സില്‍ ഞാനെത്തുമ്പോള്‍ എനിക്കൊപ്പം അഭിനയിക്കുന്ന മിക്ക താരങ്ങള്‍ക്കും നാല്‍പ്പതും അന്‍പതും വയസ്സുണ്ട്. എന്‍.ടി.ആര് സാര്‍, നാഗേശ്വരറാവു ജി, രാജ്കുമാര് സാര്‍ എന്നിങ്ങനെ എന്റെ നായകന്മാരെല്ലാം ഹീറോ എന്നതിലുപരി എന്നെ പ്രൊട്ടക്ട് ചെയ്ത് കെയര്‍ തന്നവരാണ്. നിര്‍മ്മാതാക്കളും അതുപോലെയായിരുന്നു.
എന്റെ ഒരു സിനിമ വിജയിച്ച് അടുത്ത സിനിമയ്ക്ക് വേണ്ടി എന്നെ അന്വേഷിച്ചു വന്നാല്‍ അവര്‍ പറയുന്നത് ജയാ, ഈഫ് യു മേക്ക് ദിസ് ഫിലിം സക്സസ്ഫുള്‍ വീ വില്‍ ഗിവ് യു കാര്‍.. ഞാനൊരിക്കലും ഈ സുവര്ണ്ണലോകത്തു നിന്ന് പുറത്തു പോയിട്ടില്ല. അതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പോകരുതെന്ന് പലരും പറഞ്ഞത്.
പിന്നെന്തിനായിരുന്നു അങ്ങനെയൊരു തീരുമാനം ?
ഞാനതിന് ഒരിക്കലും ഫിറ്റ് ആയിരുന്നില്ല. എന്‍.ടി.ആര് സാറാണതിന് കാരണം. തെലുങ്ക് ദേശം പാര്‍ട്ടിയില്‍ അദ്ദേഹത്തിന് ഒരു സപ്പോര്‍ട്ട് ആവശ്യമാണെന്ന് പറഞ്ഞ് എന്നെ വിളിപ്പിച്ചു. ആദ്യമത് കേട്ടപ്പോള്‍ ഞാന്‍ സര്...പൊളിറ്റിക്സിലോ, ഞാ നോ?? എന്നാണ് ചോദിച്ചത്.
ജയാ, നീ പൊളിറ്റിക്സിലേക്ക് പോയാല്‍ ഇന്‍ഡസ്ട്രിക്കു പോലുമത് അംഗീകരിക്കാനാവില്ല എന്നു പലരും പറഞ്ഞു. രാഷ്ട്രീയത്തെക്കുറിച്ച് ഒരു വാചകം പറയാനോ, മൈക്കിലൂടെ സംസാരിക്കാനോ അറിയില്ല. പക്ഷേ അദ്ദേഹം വിട്ടില്ല. എനിക്ക് ഒരു സീറ്റും ഓഫര്‍ ചെയ്തു. എന്‍.ടി.ആര് എന്ന വലിയ മനുഷ്യന്റെ വാക്കുകള്‍ തള്ളിക്കളയാന്‍ എനിക്കാവുമായിരുന്നില്ല.
എന്‍.ടി.ആര്. കമല്ഹാസന്, അമിതാഭ് ബച്ചന്, ജിതേന്ദ്ര, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിങ്ങനെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായിട്ടുണ്ട്..?
ഇവരൊക്കെ എനിക്ക് ഗുരുക്കന്മാരാണ്. എന്‍.ടി.ആര് സാര്‍ ശരിക്കുമൊരു വിസ്മയമാണ്. അമിത് ജി ശരിക്കും മാസ്റ്ററാണ്. എങ്ങനെയാണഭിനയക്കേണ്ടതെന്നും സംഭാഷണം പറയേണ്ടതെന്നും പറഞ്ഞു തന്നിട്ടുണ്ട്. ആദ്യമൊക്കെ അദ്ദേഹത്തിന്റെ മുന്നില്‍ നിന്നു സംസാരിക്കാനൊരു മടിയായിരുന്നു. സൗഹൃദപരമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.
പിന്നീട് ഞാന്‍ ഉയരവ്യത്യാസം കുറയ്ക്കാന്‍ സ്റ്റൂളില്‍ കയറി നിന്നായിരുന്നു സംസാരിച്ചിരുന്നത്. വലിയ സംഭാഷണങ്ങള്‍ പറയേണ്ടതെങ്ങനെയെന്ന് അദ്ദേഹം തിരക്കിനിടയിലും പറഞ്ഞു തരുമായിരുന്നു. ജിതേന്ദ്രജിയുമായി 50 സിനിമ ചെയ്തിട്ടുണ്ട്. നല്ല ഫ്രണ്ട്ലിയായിരുന്നു.
മലയാളത്തിലെ ആദ്യ സിനിമയായിരുന്നു ഇനിയും കഥ തുടരും. അന്ന് ഭാഷയില്‍ ഞാന്‍ ഏലിയനായിരുന്നു. ഒരു വാക്കു പോലും അറിയില്ല. മമ്മൂട്ടിജി വളരെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം വളരെ റിസേര്‍വ്ഡാണ്, ചുരുക്കം ചിലരോടു മാത്രമേ സംസാരിക്കൂ എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ എന്നോടങ്ങനെയായിരുന്നില്ല. സജസ്റ്റ് ചെയ്തിട്ടുണ്ട്.
പലതും പറഞ്ഞു തന്നിട്ടുണ്ട്. ഞങ്ങളുടെ മകളായി അഭിനയിച്ച ബേബി ശാലിനി പിന്നീട് നായികയായി. ഇടയ്ക്ക് അവാര്‍ഡ് നിശകളില്‍ കാണുമ്പോള്‍ വലിയ സന്തോഷത്തോടെ ശാലിനി വന്ന് സംസാരിക്കാറുണ്ട്. പിന്നീട് മമ്മൂട്ടിജിയുടെ ആദ്യ ഹിന്ദി സിനിമയായ ധര്ത്തീപുത്രയിലും ഞാനുണ്ടായിരുന്നു.
സിബി മലയില്‍ സാര്‍ എന്ന മികച്ച സംവിധായകനും ലാല്‍ സാര്‍ എന്ന അതുല്യ കലാകാരനുമാണ് ദേവദൂതന്റെ വിജയം. ലാല്‍ ജി ഒരു വിസ്മയമാണ്. ഓരോ സീനിലും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ മാജിക് തന്നെയാണ് പിന്നീട് പ്രണയത്തിലും സംഭവിച്ചത്.
ഗ്ലാമര്‍ ലോകമായിരുന്നില്ലേ ബോളിവുഡ്. ആ തീരുമാനം വളരെ ആലോചിച്ച് എടുത്തതാണോ?
ബോളിവുഡിലേക്ക് ഞാനൊരിക്കലും തയാറെടുത്തിരുന്നില്ല. മറ്റു ഭാഷകളില്‍ ഞാനത്രയ്ക്കു തിരക്കിലായിരുന്നു. സിരി സിരി മൂവ്വാ എന്ന തെലുങ്ക് സിനിമയുടെ റീമേക്കായ സര്ഗ്ഗത്തിലൂടെയാണ് തുടക്കം.
വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന സമയത്ത് വിവാഹം... അതും പ്രണയം ?
അതും സംഭവിച്ചു. മിക്ക നായികമാരുടെയും പ്രണയം ഇങ്ങനെയായിരിക്കും. നിര്‍മ്മാതാവായ സുന്ദര്‍ലാല്‍ നഹാത്തയുടെ മകനും നിര്‍മ്മാതാവുമായ ശ്രീകാന്ത് നഹാത്തയിലേക്ക് എന്നെ ആകര്‍ഷിച്ചത് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ്. അദ്ദേഹത്തിന്റെ കുറെ സിനിമകളില്‍ ഞാന്‍ നായികയായി.
സിനിമ രക്തത്തിലുള്ള വ്യക്തിയായിരുന്നു അദ്ദേഹം. എല്ലാ സംസാരത്തിലും സിനിമ നിറഞ്ഞു നിന്നു. പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ പ്രണയിക്കാനൊന്നും സമയമില്ല. എങ്കിലും ജീവിതയാത്രയ്ക്കിടയില്‍ കുടുംബജീവിതവുമുണ്ടായി.
വിവാഹം കഴിഞ്ഞ ശേഷം സിനിമ വിട്ടു പോകുന്നവരാണധികവും. പക്ഷേ എന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ല. വീണ്ടും തിരക്കായി. ഫാന്‍സ് കുറയുമെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നെ സംബന്ധിച്ച് ഞാനേറെ ഇഷ്ടപ്പെട്ട കരുത്തുറ്റ കഥാപാത്രമായ റാണി ചെന്നമ്മയായി മാറിയതു പോലും വിവാഹശേഷമാണ്. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഞാനേറെ ആസ്വദിച്ചു ചെയ്ത കഥാപാത്രമാണത്.
കുടുംബത്തിന്റെ പിന്തുണ ?
അതായിരുന്നു എല്ലാത്തിലും വലുത്. എന്തു തീരുമാനമെടുക്കും മുമ്പ് ഞാനത് എന്തുകൊണ്ട് ചെയ്യുന്നു എന്നവരെ പറഞ്ഞു മനസ്സിലാക്കും. ഒരിക്കലും അവരുടെ മനസ്സില്‍ സംശയത്തിന്റെ ഒരു കണിക പോലും അവശേഷിപ്പിച്ച് ഒന്നും ചെയ്യാറില്ല. എന്നെക്കുറിച്ച് ഒരിക്കലും ആശങ്കപ്പെടാന്‍ അവസരം കൊടുത്തിട്ടില്ല.
സ്ത്രീയെന്നല്ല ഏതൊരാളുടെയും വിജയത്തിനു പിന്നില്‍ ഫാമിലി ബോണ്ടിംഗ് വേണം. അവരുടെ കംഫര്‍ട്ട് ലെവലില്‍ നിന്നാണ് എല്ലാം ചെയ്തിട്ടുള്ളത്. എനിക്ക് തെറ്റാണെന്ന് തോന്നിയാല്‍ ഞാനത് തുറന്നു പറയും. തിരിച്ചും അങ്ങനെ തന്നെ.
അഭിനയം, രാഷ്ട്രീയം... എന്നതിലുപരി ?
ഇടയ്ക്ക് ടെലിവിഷനില്‍ ജയപ്രദം എന്നൊരു റിയാലിറ്റി ഷോ ചെയ്തു. ഒരുപാട് താരങ്ങളെ ഞാനതില്‍ അഭിമുഖം ചെയ്തു. നാഗാര്‍ജ്ജുന, ചിരഞ്ജീവി, കമല്ഹാസന്, രാം ഗോപാല്‍ വര്‍മ്മ എന്നിവരെയൊക്കെ. പൊതുവേ ശാന്തനായ നാഗാര്‍ജ്ജുന പോലും അതില്‍ വളരെ രസകരമായി പങ്കെടുത്തു.
പണ്ടു മുതലേ എന്റെ സന്തോഷത്തെക്കുറിച്ച് ചിന്തിക്കാതെ ആരു പ്രശ്നത്തില്‍ പെട്ടാലും ഞാന്‍ സഹായിക്കും. ആ സ്വഭാവമാണ് ജനങ്ങളിലേക്കും ഞാന്‍ നല്‍കിയത്. എനിക്കതില്‍ അഭിമാനമുണ്ട്. ജനങ്ങളുടെ വലിയ പിന്തുണയില്‍ ഞാന്‍ എം.പിയായി.
പാര്‍ലമെന്റ് ഒരു നല്ല പ്ലാറ്റ്ഫോമാണ്. നല്ല ഗൃഹപാഠത്തോടെ ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ എല്ലാവരുമത് കേള്‍ക്കും. ജനങ്ങളുടെ ശബ്ദമായി ഞാന്‍ മാറുന്നതില്‍ അഭിമാനം തോന്നിയിട്ടുണ്ട്. വ്യക്തിപരമായും എന്നെയത് മാറ്റിയിട്ടുണ്ട്. ജനങ്ങള്‍ക്കു വേണ്ടിയാകുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറക്കും. റാണി ചിറ്റൂര്ചെന്നമ്മയാകും. ഒട്ടും പരിചിതമില്ലാത്ത മേഖലയെക്കുറിച്ചു പോലും സംസാരിക്കും.
രാഷ്ട്രീയം പഠിപ്പിച്ചത് ?
രാഷ്ട്രീയത്തില്‍ വരും മുമ്പ്, എല്ലാം വളരെ എളുപ്പമായിരുന്നു എന്നാണ് വിചാരിച്ചിരുന്നത്. റോഡുപണിയുന്നത്, അല്ലെങ്കില്‍ ഒരു പാലം, അതൊക്കെ ഞൊടിയില്‍ സാധിച്ചെടുക്കാവുന്നതാണെന്നായിരുന്നു ധാര ണ. ഇതൊന്നും പ്രാക്ടിക്കല്ലല്ല എന്ന് 16 വര്‍ഷം എം.പിയായി സേവനമനുഷ്ഠിച്ചപ്പോള്‍ മനസ്സിലായി.
എങ്ങനെയാണ് ഒരു ഫയല്‍ നീങ്ങുന്നത്, എപ്പോള്‍ മുതലാണ് വെല്ലുവിളികള്‍ തുടങ്ങുന്നതെന്ന് തിരിച്ചറിഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുക്കന്നതിന് മുമ്പ്, അതായത് ജനപ്രതിനിധിയായി മത്സരിക്കണമെന്ന് ചിന്തിക്കുന്ന നിമിഷം മുതല്‍ വെല്ലുവിളി തുടങ്ങും.
സ്ത്രീയായതു കൊണ്ട് വെല്ലുവിളികള്‍ ഇരട്ടിയായിരുന്നില്ലേ ?
ഉറപ്പായും. സ്ത്രീയായതു കൊണ്ടു മാത്രം കടന്നു പോകേണ്ട ദുര്‍ഘട പാതകളുണ്ട്. എതിര്‍പാര്‍ട്ടികള്‍ മാത്രമല്ല കൂട്ടത്തിലുള്ളവര്‍ പോലും തകര്‍ക്കാന്‍ ശ്രമിക്കും, സ്വഭാവദൂഷ്യം പറയും, എങ്ങനൊക്കെ തള്ളിയിടാന്‍ കഴിയുമോ ആ വഴികളൊക്കെ കണ്ടെത്തും. ഏറ്റവുമവസാനം ക്രൂരമായി ഇല്ലാതാക്കാന്‍ ശ്രമിക്കും. അവിടെ നിന്നൊക്കെ പിടിച്ചു കയറിയാല്‍ കാത്തിരിക്കുന്നത് വന്‍വിജയമായിരിക്കും.
സരോജിനി നായിഡു, റാണി ലക്ഷ്മി ഭായി, ഇന്ദിരഗാന്ധി, ചിറ്റൂര്‍ റാണി ചെന്നമ്മ എന്നിങ്ങനെ ഒരുപാട് സ്ത്രീരത്നങ്ങള്‍ക്ക് ജന്മം നല്കിയ രാജ്യമാണ് ഭാരതം. ആ രക്തം എന്നിലുമുണ്ട്. അതാണെനിക്ക് കരുത്തായത്. വളരെ നാണം കുണുങ്ങിയായ, അന്തര്‍മുഖയായിരുന്നു ഞാന്‍.
ഒരാളൊന്നു സൂക്ഷിച്ചു നോക്കിയാല്‍ കരയുമായിരുന്നു. രണ്ടു മിനിറ്റ് സംസാരിക്കാന്‍ പറഞ്ഞാല്‍ പേടിയായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍ അതെല്ലാം മാറി. ഇപ്പോള്‍ എത്ര മണിക്കൂറു വേണമെങ്കിലും ജനങ്ങളോട് സംസാരിക്കാന്‍ എനിക്കു കഴിയും.
ഹിന്ദി അറിയില്ലാത്തതു കൊണ്ടാണ് ഊമ കഥാപാത്രം കിട്ടിയതെന്ന് ബോളിവുഡില്‍ സംസാരം വന്നു. അതുകൊണ്ടാവാം എനിക്ക് ഹിന്ദി അറിയില്ല എന്ന നിലയിലുള്ള പെരുമാറ്റം അവിടെ നിന്നുണ്ടായത്. സത്യത്തില്‍ അതിന്റെ ഒറിജിനലിലും ഞാന്‍ ഊമക്കുട്ടിയായിട്ടാണ്.
ശരിക്കും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സംസാരിക്കുന്നതാണ് എളുപ്പം. എന്റെ അംഗചലനങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തണം. എനിക്കത്തരം കഥാപാത്രങ്ങള്‍ ഇഷ്ടമാണ്.
അക്കാലത്തെ ടോപ്പ് ഹീറോയിനായ ശ്രീദേവിയുമായി ഒരു മത്സരമുണ്ടായിരുന്നോ ?
യെസ്. ശ്രീദേവി ഈസ് എ ഗുഡ് ആക്ട്രസ് ആന്‍ഡ് എ ഡാന്‍സര്‍ ടൂ. ആരോഗ്യകരമായ മത്സരം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. സംഭാഷണങ്ങള്‍, സീനുകള്‍, കോസ്റ്റിയൂസ്, അംഗചലനങ്ങള്‍, നൃത്തം എന്നിങ്ങനെ എല്ലാത്തിലും ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു.
ശരിക്കും ഒരു ടൈഗര്ലി ഫൈറ്റ്. അതൊരു ആവശ്യവുമായിരുന്നു. എല്ലാ ഭാഷയിലും അങ്ങനെയൊരു മത്സരം വേണം. എങ്കിലേ നല്ല സിനിമകള്‍ ഉണ്ടാവൂ. ഞാനത് ശരിക്കും ആസ്വദിച്ചിട്ടുണ്ട്.
സിനിമ കാണുന്നത് പൊതുവേ കുറവായിരുന്നു. ബംഗാളി, കന്നഡ, തമിഴ്, തെലുങ്ക്, മറാഠി എന്നിങ്ങനെ എല്ലാ ഭാഷാചിത്രങ്ങളും ഒരേ സമയം കിട്ടി. ബോളിവുഡിലും ശരിക്കും ബിസിയായി. അതുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല. അതിനിടെ രാഷ്ട്രീയവും എന്നെ തിരക്കിലാക്കി.
അഭിമുഖം എന്നതിലുപരി ലളിത എന്ന സുഹൃത്തിനോട്, സഹപ്രവര്‍ത്തകയോട് സംസാരിക്കുന്ന ഒരു സന്തോഷം പങ്കെടുത്ത എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഞാനത് ഏറെ ആസ്വദിച്ചിട്ടുമുണ്ട്.
ഇതിനൊക്കെ പുറമേ വിദ്യാഭ്യാസ സ്ഥാപനവും, ചാരിറ്റബിള്‍ ട്രസ്റ്റും അമൃപാലി നൃത്ത ബാലെ ട്രൂപ്പും, രാഷ്ട്രീയവും അഭിനയവുമൊക്കെയുണ്ട്. എം.പിയായി എനിക്കു കിട്ടിയ അംഗീകാരത്തെക്കാള്‍ മുകളിലാണ് ജയപ്രദ എന്ന നടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് വീണ്ടും മടങ്ങി വന്നത്.
സത്യജിത്ത് റേ യില്‍ നിന്നുപോലും ഇന്ത്യയിലെ ഏറ്റവും വലിയ സുന്ദരിി എന്ന പ്രശംസ കിട്ടിയല്ലോ ?
സത്യജിത്ത് റേ എന്ന അതുല്യ പ്രതിഭയുടെ ആ വാക്കുകള്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണ്. അതിനുശേഷം കണ്ണാടി നോക്കുമ്പോള്‍ ഇത് എന്നെത്തന്നെയോ എന്ന് സംശയിച്ചിട്ടുണ്ട്. ഒരുപക്ഷേ വീട്ടിലുള്ളവര്‍ പോലും അതു കഴിഞ്ഞാവാം എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിക്കുമൊരു ഊര്‍ജ്ജമായിരുന്നു.
ഒരു വേദന കൂടിയാണത്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഒരു ഓഫര്‍ കിട്ടിയതാണ്. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതു കൊണ്ടതു മുടങ്ങി. എന്റെ മനസ്സിലെ വലിയൊരു വിഗ്രഹമായിരുന്നു അദ്ദേഹം. വ്യക്തി എന്ന നിലയിലും സംവിധായകന് എന്ന നിലയിലും അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാനാവാഞ്ഞത് എപ്പോഴുമൊരു തീരാനഷ്ടമാണ്.
സ്വയം വിലയിരുത്തിയാല്‍ ?
സിമ്പിള്‍. പണ്ടൊക്കെ ആളുകള്‍ക്ക് എന്നെ പെട്ടെന്ന് വിഡ്ഢിയാക്കാന്‍ കഴിയുമായിരുന്നു. ആരെങ്കിലും ഒച്ച ഉയര്‍ത്തി സംസാരിച്ചാല്‍ കരയുന്ന, സെറ്റില്‍ ഒരു വശത്തിരിന്ന് ബുക്ക് വായിക്കുന്ന സാധാരണ പെണ്‍കുട്ടി. പക്ഷേ ഇപ്പോള്‍ ശരിക്കും അലര്‍ട്ടാണ്. ഐ ആം നോട്ട് സോഫ്റ്റ്. ഐ ലുക്ക് സോഫ്റ്റ്, ബട്ട് ഐ ആം നോട്ട് ദാറ്റ് സോഫ്റ്റ്.
കേരളത്തെക്കുറിച്ച് ?
എനിക്കൊരു വീടാണിത്. സ്നേഹിക്കാനറിയാവുന്ന ആളുകളാണ്. ഇവിടെയെത്തുമ്പോള്‍ ഐ ഫീല്‍ ഗ്രേറ്റ്. ഐ ഓള്‍വെയ്സ് സല്ല്യൂട്ട് കേരള ഓഡിയന്‍സ്. ഈ മണ്ണും ഇവിടുത്തെ മനസ്സും നിഷ്കളങ്കമാണ്. അവരിലൊരാളായി എന്നെയും കരുതുന്നതില്‍ വളരെ സന്തോഷമുണ്ട്.
ഇനിയും കഥ തുടരും, ദേവദൂതന്, ഈ സ്നേഹത്തീരത്ത്, പ്രണയം എന്നീ സിനിമകളില്‍ മാത്രമഭനിയിച്ചിട്ടും അവരെന്നെ സ്വന്തം പോലെയാണ് കാണുന്നത്. ഈ സിനിമയിലൂടെയും പ്രേക്ഷകമനസ്സില്‍ ഒരു സ്ഥാനം ഉറപ്പിക്കാനാവുമെന്നാണ് വിശ്വാസം... ബിക്കോസ് ഐ ബിലീവ് ഇന്‍ ഗോഡ്... ഐ ബിലീവ് ഇന്‍ കേരളൈറ്റ്സ്...
കിണറിലേക്ക് ആകര്‍ഷിക്കപ്പെട്ടത് ?
ഏതു സിനിമയിലും സംവിധായകനും നിര്‍മ്മാതാവും ആരെന്ന് ഞാന്‍ വളരെ ശ്രദ്ധിക്കാറുണ്ട്. നിഷാദിനെ വര്‍ഷങ്ങളായിട്ടറിയാം, നല്ല സുഹൃത്താണ്. നിര്‍മ്മാതാവായ ആനിയുമായി പ്രണയം മുതലുള്ള ബന്ധമാണ്. തിരക്കഥയുമിഷ്ടമായി.
ഈ സിനിമയുടെ വിഷയം സാമൂഹികപ്രസക്തിയുള്ളതാണ്. രാഷ്ട്രീയത്തിലിറങ്ങിയ ശേഷം ബോളിവുഡില്‍ മാത്രമല്ല വളരെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കര്‍ഷകരുടെയും പട്ടിണിപ്പാവങ്ങളുടെയും കഷ്ടപ്പാടുകളറിയാം.
യു.പിയില്‍ മാത്രമല്ല കേരളത്തിലെ ജനങ്ങളുടെയും ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കിണറെന്ന സിനിമയും പാവപ്പെട്ട ജനങ്ങളുടെ ദുരിതവും ബുദ്ധിമുട്ടും വെള്ളത്തിന്റെ അപര്യാപ്തതയും പറയുന്നതാണ്.
ഞാന്‍ നിഷാദിനോട് സിനിമയെക്കുറിച്ച് കൂടുതലൊന്നും ചോദിച്ചിട്ടില്ല. അതിന്റെ പ്രമേയവും വിഷയവും സാമൂഹിക പ്രസക്തിയും മാത്രമാണ് പരിഗണിച്ചത്. ഇത്തരമൊരു സിനിമയുടെ ഭാഗമാകാന്‍ വിളിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.
ഇന്ദിരയെന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ല. വെള്ളത്തിനു വേണ്ടി ഒറ്റയ്ക്ക് പോരാടുന്ന ഒരു സ്ത്രീ. മറ്റൊരു ജയപ്രദയാണിതില്. ന്യായത്തിനു വേണ്ടി വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന കഥാപാത്രം. പ്രണയത്തിലെ ഗ്രേസിയെപ്പോലെ ഇന്ദിരയെയും പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്നുറപ്പ്.
സഹതാരങ്ങളെക്കുറിച്ച് ?
എല്ലാവരും പ്രഗല്ഭരാണ്. ലിവിംഗ് ലെജന്‍ഡായ അഭിനേതാക്കള്‍. സിനിമോട്ടോഗ്രഫിയും, സംവിധാനവും മാത്രമല്ല ജയചന്ദ്രന് സാറിന്റെ സംഗീതവുമൊക്കെ ഈ സിനിമയുടെ സൗന്ദര്യം ഇരട്ടിയാക്കുന്നു. പിന്നെ സീമാജി, രേവതി, അര്‍ച്ചന, രണ്‍ജി പണിക്കര്‍ സാര്‍, ജോയി മാത്യൂ എന്നിങ്ങനെ മികച്ച കലാകാരന്മാരുണ്ട്.
സീമാജിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, സിനിമകളിലും കണ്ടിട്ടുണ്ട്. രേവതി ഇപ്പോഴാണ് ജോയിന്‍ ചെയ്തത്. എല്ലാവരും സീനിയറാണ്. ഇവര്‍ക്കെല്ലാമൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ്. ഞാനത്ആസ്വദിക്കുന്നുണ്ട്.