
സിനിമപോലെ പ്രണയമാണ് ഷട്ടില്‍ ബാഡ്മിന്റനോടും കുഞ്ചാക്കോ ബോബന്. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാറില്ലെങ്കിലും ഷട്ടില്‍ കളിയാണ് ആരോഗ്യ രഹസ്യമെന്ന് ചാക്കോച്ചന് പറയാതെ പറയുന്നു.
അഭിനയം പോലെ തന്നെ കുഞ്ചാക്കോ ബോബന് പ്രിയമേറിയതാണ് ഷട്ടില്‍ ബാഡ്മിന്റണും. വെറുമൊരു വ്യായാമമായിട്ടല്ല ചാക്കോച്ചന് ഷട്ടില്‍ കളിയെ കാണുന്നത്.
ചെറുപ്പം മുതല്‍ ഷട്ടിലിനോട് വല്ലാത്ത ക്രേസാണ്. അഭിനയത്തോടൊപ്പം ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുമോ എന്ന ചോദ്യത്തിന് ഉത്തരംഒരു കുസൃതിച്ചിരിയോടെ ചാക്കോച്ചന് പറഞ്ഞുതുടങ്ങി.
അഭിനയം, കുടുംബം, ബിസിനസ് ഇതിനിടയില്‍ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടാറുണ്ടോ ?
വലിയ ഹെല്‍ത്ത് കോണ്‍ഷ്യസ് ഒന്നുമല്ല ഞാന്‍. എന്റെ പ്രധാന വ്യായാമം ഷട്ടില്‍ കളിയാണ്. എത്ര തിരക്കാണെങ്കിലും ഷട്ടില്‍ കളിക്കാന്‍ സമയം കണ്ടെത്തും.
പഠിക്കുന്ന സമയത്തു ധാരാളം സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. ചെറുപ്പം മുതല്‍ ഷട്ടിലിനോട് വല്ലാത്തൊരു ആവേശമാണ്. എത്ര വൈകിയാലും കളി മുടക്കില്ല. അതൊരു വ്യായാമം എന്ന നിലയിലല്ല മറിച്ചു ജീവിതത്തിന്റെ ഒരു ഭാഗമാണ്.
എന്നും രാവിലെ നാലര എന്നൊരു സമയമുണ്ടെങ്കില്‍ കളിക്കാന്‍ ഇറങ്ങും. എത്ര വൈകി വീട്ടിലെത്തിയാലും അതിനൊരു മാറ്റവുമുണ്ടാകില്ല. ഒരു ദിവസം ഷൂട്ട് കഴിഞ്ഞു എത്തിയപ്പോള്‍ സമയം വെളുപ്പിന് 3.30. എത്തിയ ഉടന്‍ ഫ്രെഷ് ആയി കളിക്കാന്‍ ഇറങ്ങി. ഇത് കണ്ട ഭാര്യ പ്രിയ പോലും ഞെട്ടി.
ഇന്ന് കളിക്കാന്‍ പോകണോ എന്നവളുടെ ചോദ്യം കേട്ടപ്പോള്‍ എനിക്ക് ദേഷ്യമാണ് വന്നത്. ഞാനവളോട് ചോദിച്ചു, 'നമ്മുടെ കല്യാണം കഴിഞ്ഞിട്ട് വര്‍ഷം കുറെ ആയില്ലേ? ഇന്ന് വരെ ഞാന്‍ ഒരു ദിവസമെങ്കിലും ഷട്ടില്‍ കളി മുടക്കിയിട്ടുണ്ടോ? പിന്നെ എന്തിനാ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം' എന്ന്. പ്രിയയ്ക്ക് ഒന്നും പറയനില്ലായിരുന്നു. ഷട്ടില്‍ കളി കഴിഞ്ഞു വന്ന ശേഷമാണ് ഞാനന്ന് ഉറങ്ങിയത് പോലും.
ചിലപ്പോള്‍ രാജ്യത്തിന് പുറത്തുപോലും ഷൂട്ടിംഗ് ഉണ്ടാകാറുണ്ട്. ഇത്തരം സാഹര്യത്തില്‍ എന്തുചെയ്യും?
ലോകത്തെവിടെ പോയാലും ഈ ശീലം ഞാന്‍ തെറ്റിക്കാറില്ല. എന്തെടുത്തില്ലെങ്കിലും ഷട്ടിലും ബാറ്റും കയ്യിലുണ്ടാകും. അത് മാത്രം മറക്കില്ല. അത് ഷൂട്ടിങ്ങിനു പോയാലും അല്ലാതെ പ്രിയക്കൊപ്പം യാത്ര പോയാലും. അതിനു പ്രിയ എന്നെ കളിയാക്കും.
സാധാരണ അഭിനേതാക്കളോടു ചോദിച്ചാല്‍ സിനിമ ഒന്നാം ഭാര്യയെന്ന് പറയും. ഇവിടെ ഒരാള്‍ക്ക് ഷട്ടില്‍ ഒന്നാം ഭാര്യയും സിനിമ രണ്ടാം ഭാര്യയുമാണ്. ഇതൊക്കെ കഴിഞ്ഞു എനിക്കെന്തെങ്കിലും സ്ഥാനമുണ്ടോ എന്ന് ചോദിച്ച് പരിഭവിക്കും. അപ്പോള്‍ ഞാനവളോട് പറയും ഈ രണ്ടു ഭാര്യമാരെക്കാളും എനിക്കിഷ്ടം എന്റെ മൂന്നാം ഭാര്യയെ ആണെന്ന്.
അതോടെ അവളുടെ പരിഭവവും തീരും. ഞങ്ങള്‍ ഒരുമിച്ചുള്ള യാത്രകളില്‍ മറക്കാതെ ഷട്ടില്‍ എടുത്ത് തരുന്നത് പ്രിയയാണ്. എന്നിട്ടെന്നെ കളിയാക്കും. ഭാര്യയെ ഉപേക്ഷിച്ചു പോകുകയാണോ എന്ന്. എന്റെ എല്ലാ കാര്യങ്ങളിലും പ്രിയക്ക് പ്രത്യേക ശ്രദ്ധയാണ്.
ഭക്ഷണ കാര്യങ്ങളില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍?
ഒരു നിയന്ത്രണവുമില്ല. എന്ത് കിട്ടിയാലും കഴിക്കും. ഒന്നും അമിതമാകാറില്ല. പിന്നെ ധാരാളം ഫ്രൂട്ട്സ് കഴിക്കും. വെള്ളം കുടിക്കും. ഇഷ്ട ഭക്ഷണം ചപ്പാത്തിയാണ്. ചിക്കനും ഇഷ്ടമാണ്. പലപ്പോഴും തിരക്കുകള്‍ കാരണം കൃത്യ സമയത്ത്് കഴിക്കാന്‍ സാധിക്കില്ല.
അങ്ങനെയുള്ള സമയങ്ങളില്‍ എന്തെങ്കിലും പഴങ്ങള്‍ കയ്യില്‍ കരുതും. എന്നിട്ടു അത് കഴിക്കും. വീട്ടിലുള്ള സമയത്ത്് ഭക്ഷണം കഴിക്കണമെന്നു പ്രിയക്ക് നിര്‍ബന്ധമാണ്. എന്നെക്കാളും എന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നത് പ്രിയ ആണ്.
അനിയത്തിപ്രാവില്‍ ഞങ്ങള്‍ കണ്ട ചാക്കോച്ചനാണ് ഇപ്പോഴും മുന്നിലിരിക്കുന്നത്. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്?
ദൈവം തരുന്നു ഞാന്‍ സ്വീകരിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനായി. ഒന്നും ചെയ്യാറില്ല. സിനിമയുടെ ഭാഗമായല്ലാതെ മേക്ക് അപ്പ് ചെയ്യാറില്ല. ബോഡി ഫിറ്റ്നസിനു വേണ്ടിയും ഒന്നും ചെയ്യാറില്ല.
ചാക്കോച്ചന്റെ ഒരു ദിവസം എങ്ങനെ?
എന്നും അതിരാവിലെ 4 മണിക്ക് ഉണരും. 4.30 നു ഷട്ടില്‍ കളിക്കാന്‍ പോകും. 7 നു തിരിച്ച് വന്നു അല്പനേരം ഉറങ്ങും. കൃത്യം 9 നു ബ്രേക്ക് ഫാസ്റ്റ്.
പിന്നെ എന്തെങ്കിലും യാത്രകളോ മറ്റുമായി പോകും. രാത്രിയില്‍ 10 നു കിടന്നുറങ്ങും. ഇതൊക്കെ ഷൂട്ട് ഇല്ലത്തെ സമയത്താണ് കേട്ടോ. ഷൂട്ടിംഗ് ഉണ്ടെങ്കില്‍ എല്ലാം തെറ്റും.
ഇപ്പോഴും ചിരിച്ച മുഖമായാണ് ചാക്കോച്ചനെ കാണുന്നത്? ഇത്രയും ടെന്‍ഷന്‍ പിടിച്ച ജീവിതത്തില്‍ ഇതെങ്ങനെ സാധിക്കുന്നു?
നല്ലതു മാത്രം കാണുക, നല്ലതു മാത്രം കേള്‍ക്കുക. മനസിനെ സങ്കടപ്പെടുത്തുന്ന രീതിയില്‍ എന്തെങ്കിലും ഉണ്ടായാല്‍ അത് മറന്നുകളയുക. പോസിറ്റീവായി ചിന്തിച്ചാല്‍ ജീവിതവും പോസിറ്റീവായേ തീരൂ.
2006 നു ശേഷം ചാക്കോച്ചന് ബിസിനസും മറ്റുമായി സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. ആ സമയത്ത് ഒരു തിരിച്ചു വരവില്ല എന്നു തീരുമാനിച്ചിരുന്നോ?
ഏറെക്കുറേ അങ്ങനെ തന്നെയായിരുന്നു. സിനിമ വേണ്ട എന്തെങ്കിലും ബിസിനസ് ചെയ്യണം, ഒരു ജോലി സമ്പാദിക്കണം, എന്തിന് എംബിഎ പഠിക്കണം എന്നുപോലും ചിന്തിച്ചിരിക്കുന്നു.
എംബിഎ പഠിക്കുന്നതിനായി സ്റ്റഡി മെറ്റീരിയല്‍സ് പോലും വാങ്ങിയിരുന്നു. അത് പിന്നീട് തൂക്കി വിറ്റു എന്നത് മറ്റൊരു സത്യം. ആ ഒരു ഗ്യാപ്പില്‍ എന്റെ സിനിമ ചാനലുകളില്‍ ടെലികാസ്റ്റ് ചെയ്തത് കണ്ട് പലരും വിളിച്ച് പുതിയ സിനിമ ഏതാണ്?
എന്താ അഭിനയിക്കാത്തത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അതു കേട്ടപ്പോഴാണ് ആളുകള്‍ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്.
പ്രതീക്ഷിച്ച പല സിനിമകളും പരാജയപെട്ടപ്പോള്‍ താങ്ങായി നിന്ന സൗഹൃദങ്ങള്‍?
ഒരുപക്ഷേ, സൗഹൃദങ്ങളായിരിക്കും എന്റെ ഏറ്റവും വലിയ ശക്തി. സിനിമകള്‍ പരാജയപെടുന്ന അവസരങ്ങളില്‍ മറ്റ് എല്ലാവരേയും പോലെ എനിക്കും ഒരുപാട് സങ്കടമുണ്ടായിരുന്നു. ആ സമയത്ത് എന്നെ ഏറെ സമാധാനിപ്പിച്ച ആളുകളാണ് ഷാഫി, ലാലു (ലാല്‍ ജോസ്), ബെന്നി ചേട്ടന് (ബെന്നി. പി. നായരമ്പലം) എന്നിവര്‍.
വീണ്ടും സിനിമയിലേക്ക് വരണം, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നതില്‍ പ്രധാനി ലാലുവാണ്. എന്റെ രണ്ടാം വരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും എന്തിന് രൂപത്തില്‍ പോലും മാറ്റങ്ങളുള്ള കഥാപാത്രം നല്‍കിയത് ലാലുവാണ്.
എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയുമൊക്കെ ഇതിനുദാഹരണങ്ങളാണ്. നമ്മള് തളരുമ്പോള്‍ കൂടെ നില്ക്കുന്ന സുഹൃത്തുക്കളാണ് ഏറ്റവും വലിയ സൗഭാഗ്യം.
പൊതുവേ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ആളാണ് ചാക്കോച്ചന്. എന്നാല്‍ പലപ്പോഴും ആ സൗഹൃദങ്ങള്‍ നെഗറ്റീവായി ബാധിച്ചിട്ടില്ലേ?
സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമെല്ലാം നല്ലതിനെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. ഒരു സൗഹൃദം നെഗറ്റീവായി ബാധിക്കുന്നത് പിന്നീട് നല്ലത് എന്തെങ്കിലും സംഭവിക്കാനാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം.
ഉദാഹരണം പറഞ്ഞാല്‍ രാജേഷും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സിനിമയില്‍ ഞാനായിരുന്നു നായകന്. അത് തീര്‍ത്തും പരാജയമായിരുന്നു. രണ്ടാമത്തെ സിനിമയായ ട്രാഫിക്കിലും അദ്ദേഹം എന്നെ തന്നെയാണ് സെലക്ട് ചെയ്തത്.
അന്നും ഇന്നും ആരാധികമാരുടെ റൊമാന്റിക് ഹീറോ ആണ് ചാക്കോച്ചന്?
അന്നൊക്കെ എന്നെ ഏറ്റവുമധികം ചീത്ത വിളിച്ചിരുന്നത് ഞങ്ങളുടെ വീട്ടില്‍ വരുന്ന പോസ്റ്റ്മാനാണ്. ഞങ്ങളുടെ വീടിനു മുമ്പില്‍ വന്ന് കോളിംഗ് ബെല്ലടിക്കുമ്പോള്‍ ഞാനാകും മിക്കവാറും വന്ന് വാതില്‍ തുറക്കുക.
എന്റെ മുമ്പിലേയ്ക്ക് ഒരു ചാക്കുകെട്ട് ഇട്ടിട്ട് ആളുടെ ഒരു നോട്ടമുണ്ടായിരുന്നു. ഇപ്പോഴും അത് മറക്കില്ല. ഇന്ന് കത്തുകളൊന്നുമില്ല. മെസേജ്, സെല്‍ഫികളുടെ ഒക്കെ കാലമാണ്.