
ചർമ്മത്തെ ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധാരണകളും ആശങ്കകളും നിലനിൽക്കുന്ന ഒരു രോഗമാണ് വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ. ചർമ്മത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ (Melanin) എന്ന പിഗ്മെന്റിന്റെ കുറവ് മൂലമാണ് ശരീരത്തിൽ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നത്. ഇതൊരു പകർച്ചവ്യാധിയോ മാരകമായ രോഗമോ അല്ലെങ്കിലും, രോഗബാധിതർ നേരിടുന്ന മാനസിക വിഷമം ചെറുതല്ല.
വെള്ളപ്പാണ്ടിനെക്കുറിച്ച് പലരുടെയും മനസ്സിലുള്ള പ്രധാന ചോദ്യമാണ്; ഈ രോഗം പാരമ്പര്യമായി പകരുന്ന ഒന്നാണോ? ഇതിന്റെ കാരണങ്ങളെക്കുറിച്ചും സാധ്യതാ ഘടകങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കാം.
എന്താണ് വിറ്റിലിഗോ?
ചർമ്മത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ (Melanin) എന്ന ഘടകത്തിന്റെ നാശമാണ് വിറ്റിലിഗോയ്ക്ക് കാരണം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം ചർമ്മകോശങ്ങളെ തെറ്റായി തിരിച്ചറിഞ്ഞ് ആക്രമിക്കുന്ന ഓട്ടോഇമ്മ്യൂൺ (Autoimmune) അവസ്ഥയാണ് ഇതിന് പ്രധാനമായി വഴിതെളിക്കുന്നത്. ഇതിനുപുറമേ ശരീരകോശങ്ങളിൽ ഉണ്ടാകുന്ന ആന്തരിക വ്യതിയാനങ്ങൾ അഥവാ ഓക്സിഡേറ്റീവ് സ്ട്രെസ് (Oxidative stress) ജനിതകപരമായ തകരാറുകൾ എന്നിവ മൂലം മെലാനിൻ ഉത്പാദിപ്പിക്കുന്ന 'മെലനോസൈറ്റ്' കോശങ്ങളെ നശിപ്പിക്കുകയോ അവയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നു. കഠിനമായ സൂര്യതാപം, വീര്യമേറിയ രാസവസ്തുക്കളുമായുള്ള സമ്പർക്കം, അമിതമായ മാനസിക സമ്മർദ്ദം എന്നിവയും ഈ കോശങ്ങളുടെ നാശത്തിന് ആക്കം കൂട്ടാറുണ്ട്. ഇങ്ങനെ മെലാനിന്റെ ഉത്പാദനം പൂർണ്ണമായി നിലയ്ക്കുന്ന ചർമ്മഭാഗങ്ങളിലാണ് വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നത്.
തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ
വെള്ളപ്പാണ്ടിന്റെ ലക്ഷണങ്ങൾ എല്ലാവരിലും ഒരുപോലെയല്ല സാധാരണയായി പ്രകടമാകുന്നത്. എന്നിരുന്നാലും താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ചർമ്മരോഗ വിദഗ്ദ്ധനെ കാണേണ്ടത് അനിവാര്യമാണ്:
>> നിറം മങ്ങിയ പാടുകൾ: ചർമ്മത്തിൽ പെട്ടെന്ന് ചെറിയ തോതിൽ നിറം മങ്ങുകയും പിന്നീട് അത് പൂർണ്ണമായും വെളുത്ത പാടുകളായി മാറുകയും ചെയ്യുക.
>> അകാല നര: തലമുടി, കൺപീലികൾ, പുരികം, താടി എന്നിവ അകാലത്തിൽ നരയ്ക്കുകയോ വെളുത്ത നിറമാകുകയോ ചെയ്യുക.
>> ശരീരത്തിന്റെ ഉൾഭാഗങ്ങളിലെ നിറംമാറ്റം: വായിനകത്തോ മൂക്കിനുള്ളിലോ ഉള്ള കോശങ്ങളുടെ (Mucous membranes) സ്വാഭാവിക നിറം നഷ്ടപ്പെടുക.
>> ഇരുവശങ്ങളിലുമുള്ള പാടുകൾ: ശരീരത്തിന്റെ ഇരുവശങ്ങളിലും (ഉദാഹരണത്തിന് രണ്ട് കൈകളിലും അല്ലെങ്കിൽ രണ്ട് കാലുകളിലും) ഒരേ രീതിയിൽ സമാന്തരമായി പാടുകൾ പ്രത്യക്ഷപ്പെടുക.
വെള്ളപ്പാണ്ട് പാരമ്പര്യമാണോ? കാരണങ്ങളും സാധ്യതാ ഘടകങ്ങളും
വിറ്റിലിഗോ ഉണ്ടാകുന്നതിന് പിന്നിൽ കൃത്യമായ ഒരു കാരണം മാത്രം ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. എങ്കിലും ജനിതക ഘടകങ്ങൾക്ക് ഇതിൽ വലിയ പങ്കുണ്ട്.
1. ജനിതക ഘടകങ്ങൾ
പഠനങ്ങൾ അനുസരിച്ച് 20% മുതൽ 30% വിറ്റിലിഗോ ബാധിച്ചവരിൽ കുടുംബത്തിൽ ആർക്കെങ്കിലും ഈ രോഗമുള്ളതായി കാണാറുണ്ട്. അതായത്, മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ വെള്ളപ്പാണ്ട് ഉണ്ടെങ്കിൽ കുട്ടികൾക്ക് ഇത് വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അല്പം കൂടുതലാണ്. എന്നാൽ മാതാപിതാക്കൾക്ക് രോഗമുണ്ടെന്ന് കരുതി കുട്ടികൾക്ക് വരണമെന്ന് നിർബന്ധമില്ല.
2. ഓട്ടോഇമ്മ്യൂൺ അവസ്ഥ
ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ സ്വന്തം കോശങ്ങളെത്തന്നെ ശത്രുവായി കണ്ട് നശിപ്പിക്കുന്ന അവസ്ഥയാണിത്. വിറ്റിലിഗോ ഉള്ളവരിൽ രോഗപ്രതിരോധ വ്യവസ്ഥ ചർമ്മത്തിന് നിറം നൽകുന്ന മെലനോസൈറ്റുകളെ നശിപ്പിക്കുന്നു. തൈറോയ്ഡ്, ടൈപ്പ്-1 പ്രമേഹം, അലോപേഷ്യ തുടങ്ങിയ ഓട്ടോഇമ്മ്യൂൺ രോഗങ്ങളുള്ളവർക്ക് വിറ്റിലിഗോ വരാനുള്ള സാധ്യത കൂടുതലാണ്.
3. ബാഹ്യമായ ഘടകങ്ങൾ
ജനിതകപരമായ സാധ്യതയുള്ളവരിൽ ചില ബാഹ്യ ഘടകങ്ങൾ രോഗസാധ്യത വർദ്ധിപ്പിക്കാൻ കാരണമാകുന്നു:
>> അമിതമായ മാനസിക സമ്മർദ്ദം (Stress).
>> കഠിനമായ സൂര്യതാപം (Severe Sunburn).
>> വീര്യമേറിയ കെമിക്കലുകളുമായുള്ള സമ്പർക്കം.
>> ചർമ്മത്തിലുണ്ടാകുന്ന മുറിവുകളോ പൊള്ളലോ.
ആദ്യഘട്ടത്തിലെ രോഗനിർണ്ണയവും അത്യാധുനിക ചികിത്സകളും
വെള്ളപ്പാണ്ട് പൂർണ്ണമായും ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിലും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാൽ രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ സാധിക്കും.
ചർമ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്ന വിറ്റിലിഗോ മുൻകാലങ്ങളിൽ ചികിത്സിച്ചു മാറ്റാൻ പ്രയാസമേറിയ ഒന്നായാണ് കരുതിയിരുന്നത്. എന്നാൽ വൈദ്യശാസ്ത്ര രംഗത്തെ അത്യാധുനിക ചികിത്സാരീതികളായ ഫോട്ടോതെറാപ്പി (Phototherapy), ലേസർ ചികിത്സകൾ, സ്റ്റിറോയിഡ് ക്രീമുകൾ, ചില പ്രത്യേക സാഹചര്യങ്ങളിൽ മെലനോസൈറ്റ് ട്രാൻസ്പ്ലാന്റേഷൻ പോലുള്ള ശസ്ത്രക്രിയകൾ എന്നിവയിലൂടെ നഷ്ടപ്പെട്ട നിറം വലിയൊരു പരിധി വരെ തിരികെ കൊണ്ടുവരാൻ സാധിക്കും.
>> ഫോട്ടോതെറാപ്പി (Phototherapy): ശരീരത്തിൽ വ്യാപകമായി കാണപ്പെടുന്ന പാടുകൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സയാണിത്. നിയന്ത്രിത അളവിലുള്ള അൾട്രാവയലറ്റ് രശ്മികൾ (Narrowband UVB) ചർമ്മത്തിൽ പതിപ്പിച്ച് നിറം ഉത്പാദിപ്പിക്കുന്ന കോശങ്ങളെ (മെലനോസൈറ്റുകൾ) വീണ്ടും സജീവമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
>> എക്സൈമർ ലൈറ്റ്, ലേസർ ചികിത്സകൾ (Excimer Light & Laser Therapy): ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമായി കാണുന്ന ചെറിയ പാടുകൾ മാറ്റാൻ ഈ ലേസർ ചികിത്സ സഹായിക്കും. ചുറ്റുമുള്ള ആരോഗ്യകരമായ ചർമ്മത്തെ ബാധിക്കാതെ പാടുകൾ ഉള്ള ഭാഗങ്ങളിൽ മാത്രം ലേസർ രശ്മികൾ കൃത്യമായി കേന്ദ്രീകരിക്കാൻ ഇതിലൂടെ സാധിക്കുന്നു.
>> സ്റ്റിറോയിഡ് ക്രീമുകൾ (Topical Steroid Creams): രോഗത്തിന്റെ പ്രാരംഭഘട്ടത്തിലും രോഗം പടരുന്നത് തടയാനും വീര്യമേറിയ കോർട്ടിക്കോസ്റ്റിറോയിഡ് ക്രീമുകൾ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. ചർമ്മത്തിലെ കോശങ്ങളുടെ നാശം തടയാനും രോഗബാധ നിയന്ത്രിക്കാനും ഇവ സഹായിക്കും.
>> മെലനോസൈറ്റ് ട്രാൻസ്പ്ലാന്റേഷൻ പോലുള്ള ശസ്ത്രക്രിയകൾ: പുതിയ പാടുകൾ ഉണ്ടാകാത്തതും നിലവിലുള്ളവ പടരാത്തതുമായ പ്രത്യേക സാഹചര്യങ്ങളിൽ ശസ്ത്രക്രിയയിലൂടെ മികച്ച ഫലം ലഭിക്കും. രോഗിയുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് ആരോഗ്യകരമായ നിറകോശങ്ങൾ (Melanocytes) ശേഖരിച്ച് പാടുകളുള്ള ഭാഗത്ത് വെച്ചുപിടിപ്പിക്കുന്ന അത്യാധുനിക രീതിയാണിത്.
വിദഗ്ദ്ധ നിർദ്ദേശങ്ങളും ജീവിതശൈലി പുനർക്രമീകരണവും
>> സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം: വെള്ളപ്പാടുള്ള ചർമ്മത്തിന് സൂര്യപ്രകാശമേൽക്കുമ്പോൾ പെട്ടെന്ന് പൊള്ളലൽക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ പുറത്തിറങ്ങുമ്പോൾ ഉയർന്ന SPF ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക.
>> മാനസിക സമ്മർദ്ദം കുറയ്ക്കുക: കടുത്ത മാനസിക സമ്മർദ്ദം ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും വെള്ളപ്പാട് പെട്ടെന്ന് പടരാൻ കാരണമാവുകയും ചെയ്യും. അതിനാൽ യോഗ, ധ്യാനം, വ്യായാമം എന്നിവയിലൂടെ സ്ട്രെസ് നിയന്ത്രിക്കേണ്ടത് രോഗമുക്തിക്ക് ഏറെ പ്രധാനമാണ്.
>> ആരോഗ്യകരമായ ഭക്ഷണം: ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് കോശങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.
>> കെമിക്കലുകൾ ഒഴിവാക്കുക: വീര്യമേറിയ ഡിറ്റർജന്റുകൾ, ഹെയർ ഡൈകൾ എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ചർമ്മത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുത്ത ഉപയോഗിക്കുക.
വിറ്റിലിഗോ എന്നത് വെറുമൊരു ശാരീരികാവസ്ഥ മാത്രമാണ് കൃത്യമായ ജീവിതശൈലിയിലൂടെയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയും തുടക്കത്തിൽ തന്നെ ഈ അവസ്ഥയെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. സാമൂഹികമായ തെറ്റിദ്ധാരണകളും ഒളിച്ചോട്ടവുമല്ല, മറിച്ച് രോഗബാധിതർക്ക് നൽകേണ്ട ശരിയായ പരിചരണവും മാനസിക പിന്തുണയുമാണ് സമൂഹത്തിൽ നിന്ന് ഉണ്ടാകേണ്ടത്.
ഓർക്കുക: വിറ്റിലിഗോ എന്നത് പകരുകയോ ജീവന് ഭീഷണിയാകുകയോ ചെയ്യുന്ന ഒരു രോഗമല്ല. ശരിയായ അറിവും ശാസ്ത്രീയമായ ചികിത്സയും ഉണ്ടെങ്കിൽ വിറ്റിലിഗോയെ ഭയപ്പെടാതെ പൂർണ്ണ ആത്മവിശ്വാസത്തോടെ നേരിടാം
ഡോ. റാസിൽ അഹമ്മദ് (കൺസൾട്ടന്റ് ഡെർമറ്റോളജി ആസ്റ്റർ മിംസ് കോട്ടക്കൽ )






