
കൊല്ലം: പി.എസ്.സി പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ഥികളുടെ ബാഗുകള്‍ മോഷ്ടിച്ചതായി പരാതി. കൊല്ലം ജില്ലയില്‍ ഇന്ന് നടന്ന എല്‍ഡിസി പരീക്ഷ എഴുതിയ വനിതാ ഉദ്യോഗാര്‍ത്ഥികളുടെ ബാഗുകളാണ് പരീക്ഷ ഹാളിന്റെ വരാന്തയില്‍ നിന്നും മോഷണം പോയത്. തേവള്ളി മോഡല്‍ ബോയ്സ് സ്കൂളില്‍ പരീക്ഷയ്ക്കെത്തിയവരുടെ ബാഗുകള്‍ ആയിരുന്നു മോഷണം പോയത്.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ബാഗ് മോഷണം പോയ വിവരം ഉദ്യോഗാര്‍ത്ഥികള്‍ മനസ്സിലാക്കിയത്. നഷ്ടപ്പെട്ട് ബാഗുകളില്‍ പണവും, മൊബൈല്‍ഫോണുകളും ഉണ്ടെന്നും പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പുറത്തുനിന്നും സാധാരണ പരീക്ഷ ഹാളുകളിലേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. അതിനാല്‍ തന്നെ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയവര്‍ തിരക്കിനിടയില്‍ ബാഗുകള്‍ മാറിയെടുത്തതാകാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






