
എത്ര തവണയാണ് കമന്ററി ബോക്‌സിലിരുന്ന് ഞാന്‍ പറഞ്ഞില്ലേ, ഞാന്‍ പറഞ്ഞില്ലേ എന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ആവര്‍ത്തിക്കുന്നത്. ബാറ്റ്‌സ്‌മാനാകട്ടെ ബൗളറാകട്ടെ അടുത്ത നീക്കം പ്രവചിക്കുന്നത് ഗവാസ്‌കര്‍ക്ക് ഒരു ഹോബിയാണ്. ഗവാസ്‌കര്‍ അടക്കം എല്ലാ ക്രിക്കറ്റ് പണ്ഡിതന്മാരെയും ഫൂളാക്കിയാണ് ഏപ്രില്‍ ഒന്നിന്റെ തലേ രാത്രി വിന്‍ഡീസ് ഇന്ത്യയെ കെട്ടുകെട്ടിച്ച് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ അര്‍ഹത നേടിയത്. അതാണ് ട്വന്റി-20 ക്രിക്കറ്റ്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയാന്‍ ഒരു നോബോള്‍ ധാരാളം.
അങ്ങനെയുള്ളപ്പോള്‍ വിനാശകാരിയായ ഒരു ബാറ്റ്‌സ്‌മാനെ, ലെന്‍ഡല്‍ സിമ്മണ്‍സിനെ രണ്ടു തവണ പുറത്താക്കുകയും രണ്ടും നോ ബോള്‍ ആവുകയും ചെയ്‌താല്‍ എന്തുചെയ്ും?യ തുലഞ്ഞതു തന്നെ. ഇന്ത്യയുടെ കാര്യത്തിലും അത്രയേ സംഭവിച്ചുള്ളൂ.
കാര്യങ്ങളൊന്നും ഇന്ത്യയുടെ വഴിക്കായില്ല. ജയത്തിന് എതിരാളി തികച്ചും അര്‍ഹനാണ് എന്നു തോളില്‍ തട്ടി പ്രശംസിച്ച് മടങ്ങേണ്ട കാര്യമേ തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണിക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ വൈരുദ്ധ്യാത്മക ഭൈതികവാദം ലൈനില്‍ കളിയില്‍ മഞ്ഞിന്റെ ഇടപെടലും നോബോളുകള്‍ വിനയായതും ഇഴകീറി താത്വിക അവലോകനം നടത്താന്‍ ധോണി തുനിഞ്ഞത് ഇനിയുള്ള ദിവസങ്ങളില്‍ പലരേക്കൊണ്ടും പലതും പറയിപ്പിക്കും.
സത്യത്തില്‍ സ്‌പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് കിട്ടാത്തവിധം മഞ്ഞിന്റെ ഉപദ്രവം ഉണ്ടായിരുന്നു. നോബോളുകള്‍ വിനയാവുകയും ചെയ്‌തു. എന്നാല്‍ ഇതൊന്നും വാങ്കഡെ സ്‌റ്റേഡിയത്തില്‍ പുതുമയുള്ള കാര്യമല്ല. ദക്ഷിണാഫ്രിക്ക 230 റണ്‍സ് നേടിയിട്ടും ഇംഗ്ലണ്ട് മത്സരം അടിച്ചെടുത്തുകൊണ്ടുപോയത് ഇവിടെയാണ്.
കാര്യങ്ങളെല്ലാം അനുകൂലമാണെങ്കില്‍ കളി ജയിപ്പിക്കാന്‍ പുതുമുഖം ഹാര്‍ദിക് പാണ്ഡ്യ നായകനായാലും മതിയെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ കുറ്റം പറയാനാവില്ല. എല്ലാ വിപരീത ഘടകങ്ങളും മറികടക്കുമ്പോഴാണ് നായകന്‍ മജീഷ്യന്‍ ആകുന്നത്. അത്തരമൊരു മാജിക് ധോണിക്കും ടീം ഇന്ത്യക്കും നഷ്‌ടമായി എന്നതാണ് സത്യം.
കഴിഞ്ഞ ഏകദിന ലോകകപ്പിലും ഇന്ത്യയുടേതു മികച്ച ടീം ആയിരുന്നില്ല. അതിന്റെ തുടര്‍ച്ചയാണ് ഇവിടെ കണ്ടത്. വിരാട് കോഹ്‌ലിയുടെ മിന്നുന്ന ഫോമും ആശിഷ് നെഹ്‌റയുടെ പരിചയ സമ്പത്തും മാറ്റിനിര്‍ത്തിയാല്‍ എടുത്തു പറയാന്‍ ഒന്നുമില്ല. ഫോം അനുസരിച്ച് അജിന്‍ക്യ രഹാനെയും മനീഷ് പാണ്ഡെയും തുടക്കം മുതല്‍ ആദ്യ ഇലവനില്‍ കളിക്കാന്‍ യോഗ്യരായിരുന്നു. ഒരേ ടീമും ഒരേ തന്ത്രവും ധോണിയുടെ ശൈലിയാണ്. കളത്തിന് അകത്തും പുറത്തും ധോണി കൂടുതലായി ഡിഫന്‍സീവ് ആകുന്നു.
ഗെയ്‌ലിനെ പൂട്ടാന്‍ സിലബസ് ഉണ്ടാക്കിയ ഇന്ത്യ ലെന്‍ഡല്‍ സിമ്മണ്‍സിനെ പഠിച്ചതേയില്ല. സിലബസിനു പുറത്തുനിന്നു വന്നപ്പോള്‍ ബ്ബ... ബ്ബ...ബ്ബ. യഥാര്‍ത്ഥത്തില്‍ ഇവിടെയാണ് ഇന്ത്യ തോറ്റത്.
ഇത്തരം ക്രിക്കറ്റിനു പൂര്‍ണമായും പറ്റിയ ബാറ്റിംഗ് നിരയാണ് അവരുടേത്. ഗെയ്‌ല്‍ പോയാല്‍ സിമ്മണ്‍സ് വരും. ഈയൊരു മികവാണ് അവരെ ഇവിടെ എത്തിച്ചത്. ലോക ക്രിക്കറ്റിന്റെ നെറുകയില്‍ വിന്‍ഡീസ് എത്തി എന്നും ഇതിന് അര്‍ത്ഥമില്ല. ആദ്യം ബാറ്റ് ചെയേ്േണ്ടി വന്നിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്ന ചിന്ത സിമ്മണ്‍സിനും ഉണ്ട് . ഏത് കൂറ്റന്‍ സ്‌കോറിനെയും മറികടക്കാന്‍ ഇന്ത്യക്കു കഴിയുമെന്ന് അദ്ദേഹം കരുതുന്നു.
ഏതായാലും സിമ്മണ്‍സ് അടിച്ചുതകര്‍ത്തപ്പോള്‍ ഗാലറിയില്‍ ടെര്‍ഷനടിച്ചിരുന്ന മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി പലതും ഓര്‍മ്മിപ്പിച്ചു. ഇതുവരെ അവര്‍ സിമ്മണ്‍സിനെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് സിമ്മണ്‍സ്.
സിമ്മണ്‍സിന്റെ സെഞ്ചുറിയിലൂടെയായിരുന്നു 2014 ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഉയിര്‍ത്തെഴുന്നേറ്റത്. ആദ്യ നാലുകളിയും തോറ്റശേഷം ജയിച്ചു തുടങ്ങിയ മുംബൈ കിരീടവും നേടി. വാങ്കഡെയുടെ മുക്കും മൂലയും അറിയാവുന്ന സിമ്മണ്‍സ് ഇത്തവണ വാങ്കഡെയില്‍ ഇന്ത്യക്ക് ശവക്കുഴി തോണ്ടി.
മുംബൈ ഇന്ത്യന്‍സിനെ നയിച്ചിട്ടുള്ള ഹര്‍ഭജന്‍ സിംഗ് ആവട്ടെ ഇന്ത്യന്‍ നിരയില്‍ കളിക്കാന്‍ അവസരമില്ലാതെ കാത്തിരിപ്പുണ്ടായിരുന്നു. പരാജയമായിരുന്ന സ്‌പിന്നര്‍ അശ്വി നു പകരം ഹര്‍ഭജനെ നിര്‍ണായക മത്സരത്തില്‍ കളിപ്പിക്കുന്നതിനെക്കുറിച്ച് ധോണി ചിന്തിച്ചിട്ടുണ്ടാവുമോ?
അഞ്ചു മത്സരത്തില്‍ ആകെ 15 ഓവറാണ് അശ്വിന്‍ പന്തെറിഞ്ഞത്. സ്‌പിന്നര്‍മാര്‍ തിളങ്ങിയില്ലെങ്കില്‍ നാട്ടില്‍ ഇന്ത്യയുടെ അവസ്‌ഥ ഊഹിക്കാവുന്നതേയുള്ളൂ. വീന്‍ഡീസിനെതിരേ രണ്ട് ഓവറില്‍ 20 റണ്‍സ് വഴങ്ങിയതോടെ അശ്വിനിലുള്ള വിശ്വാസം ധോണിക്കു പൂര്‍ണമായി നഷ്‌ടപ്പെട്ടു. അപ്പോള്‍ അത്രയ്‌ക്കേ അശ്വിന്‍ ഉണ്ടായിരുന്നുള്ളൂ...
അശ്വിന്റെ ആദ്യ ഓവറില്‍ സിമ്മണ്‍സ് ക്യാച്ച് നല്‍കിയെങ്കിലും നോ ബോളിലൂടെയാണ് രക്ഷപ്പെട്ടത്. പാണ്ഡ്യക്കും രവീന്ദ്ര ജഡേജയ്‌ക്കും വീണ്ടും വീണ്ടും അവസരം നല്‍കിയ ധോണി അശ്വിനെ പിന്നീട് പരിഗണിച്ചില്ല.
അവസാന ഓവറില്‍ ധോണി ലോട്ടറി പ്രതീക്ഷിച്ചാണ് പന്ത് കോഹ്‌ലിയെ ഏല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 93-94 ലെ ഹീറോ കപ്പ്
സെമിയില്‍ സച്ചിന്‍ നല്‍കിയ ഭാഗ്യം ധോണി ഓര്‍ത്തിട്ടുണ്ടാവും.
ജയിക്കാന്‍ വേണ്ടിയിരുന്ന ആറു റണ്‍സ് സച്ചിന്‍ നല്‍കിയില്ല. ഇത്തവണ ഭാഗ്യ പരീക്ഷണത്തിലും തോറ്റതോടെ നിരാശരായി ഇന്ത്യ മടങ്ങി. ബംഗ്ലാദേശിനെതിരേ ജയിച്ചതോടെ ഇന്ത്യയുടെ ഭാഗ്യത്തിന്റെ ക്വാട്ടയും തീര്‍ന്നിട്ടുണ്ടാവാം.
രാജേഷ് മുളക്കുളം


