കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നിലവില്‍ വന്നതോടെ കനത്ത വില വര്‍ദ്ധനവാണ് വേറിട്ട സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. അക്കൂട്ടത്തില്‍ ബാങ്കുകള്‍ നല്കുന്ന ഒട്ടുമിക്ക സേവനങ്ങള്‍ക്കും നികുതി വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍, ഡിഡി എടുക്കല്‍, ചെക്ക് കളക്ഷന്‍ എന്നിവ അടക്കം സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന ഒട്ടുമിക്ക് സേവനങ്ങള്‍ക്കും നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സേവന നികുതി 15 എന്നതില്‍ നിന്നും 18 ശതമാനത്തിലേക്ക് ഉയര്‍ത്തിയതാണ് ഇതിന് കാരണം.
എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത എണ്ണം കഴിഞ്ഞാല്‍ 20 രൂപ ഫീസും 15 ശതമാനം സേവനനികുതിയായി മൂന്ന് രൂപയും അടക്കം 23 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ജിഎസ്ടി കൂടി വരുന്നതോടെ 23.60 രൂപയിലേക്ക് ഉയരും. ഇതിന് പുറമെ ഡിഡി എടുക്കുന്നതിന് എല്ലാ ബാങ്കുകള്‍ക്കും ഒരു നിശ്ചിത നിരക്കുണ്ട്. ഇതുകഴിഞ്ഞാല്‍ തുകയ്ക്ക് അനുസരിച്ച് സേവനനിരക്ക് കൂടും.
ചില ബാങ്കുകള്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് ആയിരം രൂപയ്ക്ക് പത്തുരൂപ വീതം സേവന നിരക്കും ഈടാക്കിയിരുന്നത് തിരിച്ച് ഏര്‍പ്പെടുത്താനും നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.






