
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന നടത്തിയ നടന് ദിലീപ് ഇനി ആലുവ സബ് ജയിലിലേക്ക്. ഇന്ന് രാവിലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. നാളെ പോലീസ് താരത്തിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ട സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഇതിനിടയില്‍ ദിലീപിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനാകും. താരത്തിന് വേണ്ടി രംഗത്ത് എത്തിയിരിക്കുന്നത് മുന്‍ നിര അഭിഭാഷകരാണ്.
മുതിര്‍ന്ന അഭിഭാഷകന് രാംകുമാറാണ് ദിലീപിനായി കേസ് ഏറ്റെടുത്തിട്ടുള്ളത്. അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ദിലീപിനെതിരേ പോലീസ് കെട്ടിച്ചമച്ച തെളിവുകളാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ പോലീസ് കസ്റ്റഡി അപേക്ഷയും സമര്‍പ്പിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ കനത്ത പോലീസ് കാവലിലായിരുന്നു താരത്തെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ എത്തിച്ചത്. രാവിലെ ആറരയോടെ താരത്തെ ആലുവ പോലീസ് ക്ളബ്ബില്‍ നിന്നും അങ്കമാലിയിലെ മജിസ്ട്രേറ്റ് റീന റിയാസിന്റെ മുന്നില്‍ എത്തിക്കുക ആയിരുന്നു. താരത്തെ ഏറ്റുവാങ്ങാന്‍ ആലുവ സബ്ജയിലും ഒരുങ്ങിയിരിക്കുകയാണ്. മറ്റു സാധാരണ തടവുകാര്‍ക്കൊപ്പം പ്രത്യേക സൗകര്യങ്ങളൊന്നും കൂടാതെയാകും കഴിയേണ്ടി വരിക.
ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ദിലീപിനെതിരേ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ആലുവ പോലീസ് ക്ളബ്ബില്‍ സൂക്ഷിച്ചിരുന്ന താരത്തെ ഇന്ന് രാവിലെ ആറേ മുക്കാലോടെയാണ് ഹാജരാക്കിയത്. പൊതുജനങ്ങള്‍ എത്തുന്നതിന് മുമ്പ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ ഉദ്ദേശിച്ചാണ് ദിലീപിനെ രാവിലെ തന്നെ കൊണ്ടുപോയത്. ഗൂഡാലോചന കുറ്റമാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. അമ്മയുടെ പരിപാടിയ്ക്കിടെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഗൂഡാലോച നടത്തിയത് എന്നാണ് പോലീസ് നല്കുന്ന വിവരം.
ഇന്നലെ മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആലുവ പോലീസ് ക്ളബ്ബില്‍ നിന്നും മാധ്യമങ്ങളെ അകറ്റി വലിയ വലയം തീര്‍ത്ത് പോലീസ് ബസിലായിരുന്നു മജിസ്ട്രേറ്റിന് മുന്നിലേക്ക് കൊണ്ടു പോയത്. ദിലീപിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോള്‍ അനേകം യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു. മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ മുദ്രാവാക്യം വിളികളുമായി യൂത്ത് കോണ്‍ഗ്രസ് വന്നിരുന്നു. മുദ്രാവാക്യം വിളികളും കൂക്കിവിളികളുമായാണ് താരത്തെ പോലീസ് വാഹനത്തില്‍ കയറ്റിയത്.
തെറ്റു ചെയ്യാത്തതിനാല്‍ ഭയപ്പെടുന്നില്ല എന്നു ദിലീപ് പറഞ്ഞു. താരത്തിനെതിരേ 19 തെളിവുകള്‍ ഉണ്ടെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയില്‍ ദിലീപ് പൊട്ടിക്കരഞ്ഞതായും മകളെയും ബന്ധുക്കളെയും കാണണമെന്ന ആവശ്യപ്പെട്ടതായും വിവരമുണ്ട്. ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുക്കുന്നതിന് സാക്ഷികളും ഇത് കേട്ട സാക്ഷികളും ഉണ്ടായിരുന്നു. ഇതെല്ലാം താരത്തിനെതിരേ നിര്‍ണ്ണായകമായി മാറുകയായിരുന്നു. കേസില്‍ ഇന്ന് ദിലീപിന്റെ സഹായി അപ്പുണ്ണിയെയും ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം.






