
തുടര്ച്ചയായി രണ്ടു തവണ ദേശീയ അവാര്ഡ് നേടിയ, ദക്ഷിണേന്ത്യയിലെ സ്മിതാ പാട്ടിലെന്ന് അറിയപ്പെട്ടിരുന്ന അര്ച്ചന, വലിയൊരു ഇടവേളയ്ക്കു ശേഷം കിണറിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു...
ഒരിക്കലുമൊരു അഭിനേത്രിയാവില്ലെന്ന് തള്ളിപ്പറഞ്ഞപ്പോഴും ആ ആഗ്രഹത്തില് ഉറച്ചു നിന്ന്, ബാലു മഹേന്ദ്ര എന്ന മാര്ഗ്ഗദര്ശം പിന്തുടര്ന്ന് അഭിനയകലയുടെ കൊടുമുടി ചവിട്ടിക്കയറിയ കറുത്ത സുന്ദരി.
വെല്ലുവിളികള് ഏറ്റെടുത്ത്, തികച്ചും സ്വാഭാവികമായി കഥാപാത്രങ്ങളെ തന്നിലേക്ക് ആവാഹിക്കുന്ന പ്രതിഭ. ദക്ഷിണേന്ത്യയില് മാത്രമല്ല ഹിന്ദിയിലും ബംഗാളിയിലും പ്രേക്ഷകശ്രദ്ധയാകര്ഷിച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച ദക്ഷിണേന്ത്യന് താരം. നൃത്തവേദികളിലെ മായാലാവണ്യം.
നടി അര്ച്ചനയുടെ വിശേഷണങ്ങള് ഇതിലൊന്നും ഒതുങ്ങുന്നില്ല. 34 വര്ഷം മുമ്പ് മലയാളസിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ അര്ച്ചന തന്മയത്വമുള്ള കഥാപാത്രങ്ങള് വെള്ളിത്തിരയിലെത്തിച്ചു. പത്തു വര്ഷത്തെ ഇടവേളയ്ക്കു ശേഷം സജീവമാകുകയാണ് അര്ച്ചന.
വലിയ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക്... ?
2007 നു ശേഷം ദീര്ഘമായൊരു ഇടവേളയെടുത്തു. നല്ല തിരക്കഥകള് വരാതിരുന്നതാണ് കാരണം. ഇവിടുത്തെ ട്രെന്ഡ് വളരെ മോശമായിരുന്നു. സ്ത്രീകള്ക്ക് പ്രാധാന്യം നല്കുന്ന, കരുത്തേറിയ കഥാപാത്രങ്ങള് കുറവായിരുന്നു.
പക്ഷേ ഒരിക്കലും വെള്ളിത്തിരയെ മിസ് ചെയ്തിട്ടില്ല. ശരിയായ തിരക്കഥ എന്നെത്തേടിയെത്തുമെന്നും അതിലൂടെ ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്നും എനിക്ക് കൃത്യമായി അറിയാമായിരുന്നു.
നൃത്തവേദികളിലൂടെയാണ് അര്ച്ചനയെന്ന സുന്ദരിയെ കലാലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്, അല്ലേ?
അതെ.നൃത്തം എനിക്ക് ശരിക്കും ആവേശമാണ്. ഓരോ തവണ ചിലങ്ക കെട്ടിയാടുമ്പോഴും മനസ്സ് വികാരതീവ്രമാണ്. അത് വാക്കുകളില് കൂടി വിശദീകരിക്കാനാവില്ല. അതേസമയം അതൊരു തീരാദുഃഖവുമാണ്.
ഒരു നര്ത്തകിയാകാനുള്ള എന്റെ മോഹം സാധിക്കാതെ ഇപ്പോഴും മനസ്സില് കിടക്കുന്നു. സിനിമയിലെങ്കിലും അത്തരമൊരു കഥാപാത്രം കിട്ടാത്തത് തീര്ത്തും സങ്കടം തന്നെ.
ഐ ആം മാഡ്ലി ആന്ഡ് ബാഡ്ലി വാണ്ട് ടു ഡൂ എ ഡാന്സ് റോള്. പക്ഷേ ഇതുവരെ കിട്ടിയിട്ടില്ല. സത്യത്തില് ജീവിതത്തിലെ വലിയ നിരാശയാണത്.
ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചതിനെക്കുറിച്ചോര്ക്കുമ്പോള് ?
അന്ന് ഞാന് ശരിക്കും ബ്ലാങ്കായിരുന്നു. ചുറ്റും എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. ശരിക്കും ഒരു ട്രാന്സ് മൂഡ്.
ജീവിതത്തെക്കുറിച്ചോ കരിയറിനെകുറിച്ചോ യാതൊരു ഐഡിയയും അക്കാലത്തുണ്ടായിരുന്നില്ല. നത്തിംഗ് വാസ് ഇന് മൈ മൈന്ഡ്. പിന്നീട് എല്ലാം വന്നു സംഭവിക്കുകയായിരുന്നു.
വെള്ളിത്തിരയിലെത്തിയത്?
1984 ല് പി.എന്. മേനോന് സാറിന്റെ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെ. ഇറ്റ് ജസ്റ്റ് ഹാപ്പന്ഡ് എന്നു പറയാനാണ് എനിക്കിഷ്ടം.
കുഞ്ഞുനാള് മുതല് കലയോട് താത്പര്യമുണ്ടായിരുന്നു. അതു തിരിച്ചറിഞ്ഞിട്ടാവണം വീട്ടുകാര് ആറാം ക്ലാസു മുതല് നൃത്തം പഠിപ്പിച്ചത്.
കഥക്, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയൊക്കെ വേഗം എന്നിലേക്ക് അലിയിച്ചു ചേര്ത്തു. നല്ലൊരു നര്ത്തകിയാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അതു നടന്നില്ല. വെള്ളിത്തിരയിലേക്ക് വളരെ ചെറുപ്പത്തില്, ഒന്പതിലോ പത്തിലോ പഠിക്കുന്ന സമയത്ത് തന്നെ വന്നു ചേര്ന്നു. പിന്നീടതായി എന്റെ ലോകം.
അഭിനയത്തിലേക്ക് വേരുറപ്പിച്ചത്... ?
നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. എന്നെത്തേടി നല്ല കഥാപാത്രങ്ങള് വന്നതോടെ അങ്ങനെയായിത്തീര്ന്നു.
ഒരുപാട് സിനിമകളൊന്നും ചെയ്തില്ലെങ്കിലും 1988ല് ബാലു മഹേന്ദ്ര സാറിന്റെ വീട് എന്ന സിനിമയ്ക്ക് ആദ്യ ദേശീയ അവാര്ഡ് കിട്ടിയതോടെ എന്റെ ട്രാക്ക് ഏതുതരം സിനിമകളിലാണെന്ന് മനസ്സിലായി. അതിനു കാരണമായത് ഗുരുവും മാര്ഗ്ഗദര്ശിയുമൊക്കെയായ ബാലു സാറാണ്.

ബാലു മഹേന്ദ്രയെന്ന സംവിധായകനെ പരിചയപ്പെടുന്നത് ?
അഡയാര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയില് പഠിക്കുന്ന സമയത്ത് അമേരിക്കന് സംവിധായകന് വില്ല്യം ഗ്രീവ്സ് ഒരു വര്ക്ക്ഷോപ്പ് നടത്തി. വില്ല്യമാണ് ബാലു മഹേന്ദ്ര സാറിനെ പരിചയപ്പെടുത്തുന്നത്.
ആ പരിചയമാണ് നീങ്കള് കെട്ടവൈ എന്ന സിനിമയിലേക്ക് എത്തിക്കുന്നത്. ആ സിനിമയിലെ രാധ എന്ന കഥാപാത്രത്തിലൂടെ ഞാന് സജീവമായി.
മുമ്പ് പല പ്രാവശ്യം കറുത്തവളെന്ന കാരണത്താല് എന്നെ പല സംവിധായകരും നിരസിച്ചിരുന്നു. നടിയെന്നനിലയ്ക്ക് ഈ രൂപവും വച്ച് ഞാനൊരിക്കലും രക്ഷപ്പെടില്ലെന്നും സിനിമയുടെ ഒരു മേഖലയിലും നിലനില്ക്കില്ലെന്നും പലരും വിധിച്ചു.
എന്നാല് എ മാന് വിത്ത് വിഷന് എന്നതിന് ഉത്തമ ഉദാഹരണമാണ് ബാലു സാര്. ഏതുതരം കഥാപാത്രങ്ങളാണ് എനിക്ക് ഉചിതമെന്ന് അദ്ദേഹം കൃത്യമായി മനസ്സിലാക്കി.
ഞങ്ങളൊരുമിച്ച ആദ്യ സിനിമയില് ലൊക്കേഷനില് ഒരു മാധ്യമപ്രവര്ത്തകനെത്തി അദ്ദേഹത്തോട് ചോദിച്ചു: അടുത്തിടെ ഒരു സംവിധായകന് നിരസിച്ച അര്ച്ചനയെ താങ്കള് സെലക്ട് ചെയ്തു. ഈ പെണ്കുട്ടിയുടെ ഭാവിയെക്കുറിച്ച് താങ്കള്ക്കെന്താണ് പറയാനുള്ളത്?? ഈ ചോദ്യത്തിനുള്ള മറുപടി അദ്ദേഹം എഴുതിയാണ് കൊടുത്തത്.
അതെന്തായിരുന്നു?
ഒരു പേപ്പറിലാണ് ഉത്തരമെഴുതിയത്. ആകാംക്ഷ കൊണ്ട് എന്താണെഴുതിയിരുന്നതെന്ന് ബാലു സാറിനോട് ഞാന് ചോദിച്ചു. പിന്നീടത് മനസ്സിലാകും,, എന്നദ്ദേഹം പറഞ്ഞു.
എനിക്ക് ആദ്യ ദേശീയ അവാര്ഡ് കിട്ടിയപ്പോള്, അന്ന് പേപ്പറിലെഴുതിയെന്താണെന്നറിയണോ എന്ന് സാര് ചോദിച്ചു. വേണമെന്ന് പറഞ്ഞപ്പോള് അദ്ദേഹമത് വിശദീകരിച്ചു.
ദിസ് ആക്ടര് ഹൂം ഐ ആം ഇന്ട്രഡ്യൂസിംഗ് ആ സ് അര്ച്ചന ഈസ് ഗോയിംഗ് ടു ബിക്കം ദി ബെസ്റ്റ് ആക്ട്രസ് ഇന് ഇന്ത്യന് സിനിമ വണ് ഡേ. ദിസ് ഗേള് ഈസ് ഗോയിംഗ് ടു ഗെറ്റ് എ നാഷണല് അവാര്ഡ് ഫോര് വണ് ഓഫ് ഹെര് പെര്ഫോമന്സസ് ഇന് ഇന്ത്യന് സിനിമ ആന്ഡ് ഷീ ഈസ് ഗോയിംഗ് ടു ബിക്കം വെരി വെരി പ്രോമിനെന്റ് ആക്ട്രസ്..
ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ഇതു സംഭവിച്ചത്. അന്നേ എന്നിലെ അഭിനേത്രിയെ അദ്ദേഹം തിരിച്ചറിഞ്ഞു. എന്നിലെ നടിയെ പാകപ്പെടുത്തുന്നതില് അദ്ദേഹത്തിന്റെ സിനിമകള് ഒരുപാട് സഹായിച്ചു.
ഷാജി എന്.കരുണ്, ഭരത് ഗോപി, ബുദ്ധദേവ് ദാസ്ഗുപ്ത, പത്മകുമാര് തുടങ്ങിയ മികച്ച സംവിധായകര്ക്കൊപ്പം പ്രവര്ത്തിക്കാന് പിന്നീെടനിക്കു കഴിഞ്ഞു. എങ്കിലും പൂര്ണ്ണ സംതൃപ്തി കിട്ടിയത് ബാലു സാറിന്റെ സിനിമകളിലാണ്. അദ്ദേഹത്തിന്റെ നിര്ദ്ദേശങ്ങള് പാലിച്ചാല് മാത്രം കഥാപാത്രം വിജയിക്കും.
എന്നാലും ദക്ഷിണേന്ത്യയിലെ സ്മിതാ പാട്ടില് എന്നായിരുന്നു താങ്കള് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.?

പക്ഷേ ഇന്ന് സിനിമകളില് സ്ത്രീ പ്രാധാന്യം കുറയുന്നുവെന്ന് തോന്നുന്നുണ്ടോ ?
ഇപ്പോള് സ്ത്രീകള്ക്ക് വേണ്ടിയുള്ള സിനിമകളില്ല. സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമുള്ള സിനിമകളാണ് പണ്ടുണ്ടായിരുന്നത്. സ്ത്രീകള്ക്ക് പ്രാധാന്യം നല്കാത്ത സിനിമകളന്നുണ്ടാകുമായിരുന്നില്ല.
സ്ത്രീകള്ക്ക് മൂല്യം നല്കുന്ന സിനിമകളിന്ന് അന്യമാണ്. സിനിമ ശരിക്കുമൊരു പുരുഷാധിപത്യ മേഖലയായി മാറി. ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല.
പ്രേക്ഷകരും അത്തരം സിനിമകളെ മാത്രം സ്വീകരിക്കുന്നു. അവരുടെ മനോഭാവവും മാറണം. കാരണം പുരുഷന് ജീവിക്കുന്നത് സ്ത്രീയാല് ചുറ്റപ്പെട്ട ഒരു സമൂഹത്തിലാണ്.
അമ്മ, സഹോദരി, ഭാര്യ, മകള് എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ തുറയിലും പുരുഷനൊപ്പം ഒരു സ്ത്രീയുണ്ടാകും. അതുകൊണ്ടു സ്ത്രീകളെ നന്നായി ചിത്രീകരിക്കുന്ന കരുത്തുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കാന് പുരുഷനും ശ്രമിക്കണം.
വെള്ളിത്തിരയില് സ്ത്രീയെയോ- പുരുഷനെയോ തുലനം ചെയ്ത് വാഗ്വാദങ്ങള് നടത്താന് ഞാന് ശ്രമിക്കുന്നില്ല. കാരണം ഇന്ത്യന് സിനിമയില് വളരെ പ്രഗല്ഭരായ പുരുഷ അഭിനേതാക്കള് ഉണ്ടായിട്ടുണ്ട്, ഇപ്പോഴും നിലനില്ക്കുന്നുണ്ട്.
എങ്കിലും കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകളും ഉണ്ടാകണം. ഭാവിയിലെങ്കിലും സ്ത്രീകള്ക്ക് സുന്ദരമായി അഭിനയിക്കാന് കഴിയുന്ന കാമ്പുള്ള കഥാപാത്രങ്ങള് കിട്ടുമെന്നാണ് ഞാന് വിശ്വസിക്കുന്നത്.
വിവിധ ഭാഷകളില് അഭിനയിച്ചു. ഭാഷ എപ്പോഴെങ്കിലും തടസ്സമായിട്ടുണ്ടോ ?
എനിക്കു മാത്രമല്ല ഒരു അഭിനേതാവിനും ഭാഷ ഒരിക്കലുമൊരു തടസ്സമല്ല. മലയാളം ശരിക്കറിയില്ല എന്നത് പ്രശ്നമാണ്. പക്ഷേ അതൊരിക്കലും കഥാപാത്രത്തെ ബാധിക്കില്ല. ഇപ്പോള്ത്തന്നെ മനപൂര്വ്വമായി വലിയ ഇടവേളയെടുത്തു. അതുകൊണ്ടാണ് വീണ്ടും നല്ല സിനിമകളുടെ ഭാഗമാകാന് തീരുമാനിച്ചത്.
എന്റെ ഗുരുവും വഴികാട്ടിയുമൊക്കെയായ ബാലു സാറിന്റെ ട്രിബ്യൂട്ട് എന്നോണം അഴിയാത കോലങ്ങള് ആണ് തിരിച്ചു വരവില് ആദ്യം ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു. കഥാ വ്യത്യസ്തമാണെങ്കിലും അദ്ദേഹത്തിനൊരു ശ്രദ്ധാഞ്ജലിയായിട്ടാണ് ആ പേരു തന്നെ നല്കിയത്.
പിറവിയെക്കുറിച്ച് ?
പിറവി ശരിക്കും ഒരു സംവിധായകന്റെ സാഹസ സംരംഭമാണ്. ഷാജി എന്. കരുണ് മികച്ച സംവിധായകന് മാത്രമല്ല സമര്ത്ഥനായ ഛായാഗ്രാഹകന് കൂടിയാണ്. അദ്ദേഹത്തിന്റെ ഫ്രെയിമുകള് വിസ്മയിപ്പിക്കുന്നതാണ്.
പ്രാധാന്യമുള്ള പല സിനിമകളും ആ സംവിധാനത്തിലുണ്ടായിട്ടുണ്ട്. സീരിയസ്സായി സിനിമയെ കാണുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ കന്നിസംവിധാന സംരംഭമായ പിറവിയില് ഞാന് ആദ്യ നായികയായി. അതുതന്നെ വലിയൊരു അനുഗ്രഹവും ബഹുമതിയുമാണെനിക്ക്.

ബോള്ഡായ, വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ടല്ലോ ?
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ജീവിതത്തിന് രണ്ടു വശമുണ്ട്, പോസിറ്റീവും നെഗറ്റീവും. ദേശീയ അവാര്ഡ് നേടിത്തന്ന തെലുങ്ക് സിനിമ ദാസിയും, പത്മകുമാര് സാറിന്റെ സമ്മോഹനവുമൊക്കെ ആ ഗണത്തില് പെടുന്നതാണ്.
ബോള് ഡായ കഥാപാത്രങ്ങളാണ് രണ്ടും. സ്ത്രീയുടെ രണ്ടു വ്യത്യസ്ത ഡൈമന്ഷനുകളാണവ. അല്പം എക്പോസൊക്കെ ചെയ്യേണ്ടിവന്നിട്ടുണ്ട്. അക്കാലത്തു വലിയ വാര്ത്തയായിരുന്നു. സ്മിതാജി ചക്രയില് ചെയ്തതുപോലെ എന്നൊക്കെ...
രണ്ടു കഥാപാത്രത്തോടും നിഷ്കര്ഷയുള്ള സമീപനമായിരുന്നു. കഥാപാത്രങ്ങളുടെ വ്യാപ്തിയും മൂല്യവും സംവിധായകന്റെ മനസ്സില് ആ കഥാപാത്രങ്ങളെക്കുറിച്ചുള്ള വീക്ഷണവും ശരിക്കും മനസ്സിലാക്കി. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നതിലായിരുന്നു എന്റെ താത്പര്യം.
വീടിലെ സുധയും ദാസിയിലെ കമലാക്ഷിയും ദേശീയ അവാര്ഡ് നേടിത്തരുമെന്ന് ചിന്തിച്ചിരുന്നോ ?
ഒരിക്കലുമില്ല. കഥാപാത്രം തെരഞ്ഞെടുക്കുമ്പോള് അതിനോട് 100% നീതി പുലര്ത്താന് ശ്രമിച്ചിട്ടുണ്ട്. അതിലപ്പുറം ചിന്തിച്ചിട്ടില്ല. 25 വര്ഷത്തിനിടയില് മുപ്പതോളം സിനിമകള് മാത്രമേ ഞാന് ചെയ്തിട്ടുള്ളു. അതില് 15 സിനിമകള്ക്കെങ്കിലും പല മേഖലയിലടക്കം ഇരുപത്തിഞ്ചിലധികം ദേശീയ അവാര്ഡുകള് കിട്ടിയിട്ടുണ്ട്.
മൈ വിഷന് നെവര് ഫെയില് അറ്റ് ഓള്. നിഷാദിന്റെ കിണറിനെക്കുറിച്ചും എനിക്കങ്ങനെയൊരു കാഴ്ച്ചപ്പാടുണ്ട്. ശബാനാ ആസ്മിയെപ്പോലെ രണ്ടു ദേശീയ അവാര്ഡ് തുടര്ച്ചയായി ലഭിച്ചതില് വളരെ സന്തോഷമുണ്ട്. ഇതുവരെ ആരുമത് തകര്ത്തിട്ടില്ല എന്നതും വലിയ കാര്യം.
കിണറിനെക്കുറിച്ച് ?
എനിക്കെപ്പോഴും മലയാള സിനിമയെന്നാല് പാഷനാണ്. രണ്ടു ദശാബ്ദത്തിനു ശേഷമാണ് ഞാനൊരു മലയാള സിനിമ ചെയ്യുന്നത്. നിഷാദെന്ന സംവിധായകനെക്കുറിച്ച് കേട്ടിട്ടുണ്ട്.
പകല്, വൈരം എന്നീ സിനിമകള് കണ്ടിട്ടുമുണ്ട്. ഈ സിനിമയെക്കുറിച്ചും ചില വിശ്വാസങ്ങളൊക്കെയുണ്ടായിരുന്നു. ഇന്നു വിശ്വസനീയമായി ആത്മാര്ത്ഥമായി സിനിമയെ സ്നേഹിക്കുന്ന സംവിധായകര് കുറവാണ്.
തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിര്ത്തിയിലെ കഥയാണിത്. അവിടുത്തെ വെള്ളക്ഷാമമാണു പ്രമേയം. ഞാനിതില് സുഗന്ധി എന്ന തമിഴ് സ്ത്രീയെയാണവതരിപ്പിക്കുന്നത്. എന്റെ നാട്ടിലെ കഥാപാത്രമായി എത്തുന്നതില് സന്തോഷമുണ്ട്. കഥാപാത്രത്തെക്കുറിച്ച് കൂടുതല് പറയാനാവില്ല.
ഈ കഥ കേട്ടപ്പോള് എനിക്കതിന്റെ ആഴം മനസ്സിലായി. ഓരോ കഥാപാത്രത്തിലും സംവിധായകന്റെ ആത്മാവുണ്ട്. അതു തിരിച്ചറിഞ്ഞാണ് നിഷാദ് ഈ സിനിമ ചെയ്യുന്നത്.
ഈ സിനിമയ്ക്ക് ആത്മാവുണ്ട്, ആഴമുണ്ട്. കിണര് ദേശീയശ്രദ്ധ നേടുമെന്നതില് എനിക്ക് സംശയമില്ല. ഈ സിനിമയ്ക്കു വേണ്ടിയുള്ള നിഷാദിന്റെ സമര്പ്പണം ഒരിക്കലും വെറുതെയാവില്ല.







Comments