ഇന്‍ഡോര്‍: ഷോക്കേറ്റ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പൊതുസ്ഥലത്ത് ട്രാക്ടറില്‍ വച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്തു. മധ്യപ്രദേശിലെ പാന്നാ ജില്ലയിലെ സിമാരിയയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം പൊതുസ്ഥലത്ത് വച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മഴയായതിനാല്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറ നിര്‍മ്മിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നൂറുകണക്കിന് ഗ്രാമവാസികള്‍ ഇതിന് ദൃക്സാക്ഷികളായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ആരോപണം നിഷേധിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മാത്രമാണ് ട്രാക്ടറില്‍ വച്ച് പരിശോധിച്ചത്. പോസ്റ്റ്മോര്‍ട്ടം നടത്തിയത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒട്ടോപ്സി മുറിയില്‍ വച്ചാണെന്നും ഡോക്ടര്‍ വീരേന്ദ്ര സിംഗ് ചൗഹാന് പറഞ്ഞു.






