
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രമുഖര്‍ കുടുങ്ങാനുണ്ടെന്ന സൂചനയുമായി മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍. കേസില്‍ 'ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ല, ഇനിയും കുടുങ്ങാനുണ്ടല്ലോ' എന്നായിരുന്നു രാവിലെ കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോള്‍ പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേസില്‍ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്നും പള്‍സര്‍ സുനി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടന് ദിലീപ് അറസ്റ്റിലായത്. എന്നാല്‍ ദിലീപ് അല്ല, അതിലും പ്രമുഖരായ പലരും കുടുങ്ങാനുണ്ടെന്ന സൂചനയാണ് പള്‍സര്‍ സുനി നല്‍കുന്നത്. ദിലീപല്ലാതെ കേസില്‍ മറ്റാരെങ്കിലും കുടുങ്ങാനുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ചിരിച്ചുകൊണ്ട് പോവുകയാണ് സുനി ചെയ്തത്.
ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ 'കഥ പകുതിയേ ആയുളളൂ'വെന്നും മടങ്ങുപ്പോകുന്നതിനിടെ കൂടുതല്‍ പ്രതികളുണ്ടോയെന്ന ചോദ്യത്തിന് 'ആലുവയില്‍ കിടക്കുന്ന വി.ഐ.പിയോട് ചോദിക്കണമെന്നും' സുനി പറഞ്ഞിരുന്നു.
ജയിലില്‍ നിന്നും ഫോണ്‍വിളിച്ച കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിനല്‍കി. നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി കോടതി ഓഗസ്റ്റ് ഒന്നുവരെയും റിമാന്‍ഡ് നീട്ടിയിരുന്നു. അതിനിടെ മറ്റൊരു നടിയെ ആക്രമിച്ചതിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ കേസില്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നും സൂചനയുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചിലര്‍ കുടുക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒരു നിര്‍മ്മാതാവിന്റെയും ചില നടീ നടന്മാരുടേയും പേരു പറഞ്ഞ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍വിളിച്ചതായി ദിലീപ് നല്കിയ പരാതിയിലും ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിനെതിരെ രാഷ്ട്രീയ നേതാവും നടനായ മകനും ഒരു വനിതാ എ.ഡി.ജി.പിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എയും ആരോപിച്ചിരുന്നു.






