
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച പി.ഡി.പി ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ഓള് കേരളാ ബസ് ഓപ്പറേറ്റേഴ്സ് വ്യക്തമാക്കി. ബസുകള്‍ സാധാരണ പോലെ സര്‍വീസ് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
ബംഗുളൂരു സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബുദുള്‍ നാസര്‍ മദനി, മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേയ്ക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കര്‍ണ്ണാടക എന്‍ഐഎ കോടതി തള്ളിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ പി.ഡി.പി ആഹ്വാനം ചെയ്തിരിക്കുന്നത്.
ബുധനാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരി ടൗണ്ഹാലിലാണ് മദനിയുടെ മൂത്തമകന് ഹാഫിസ് ഉമര്‍ മുക്താറിന്റെ വിവാഹം നടക്കുന്നത്.






