Authored by Web Desk | Last updated: 27 Jul 2017, 3:08 PM | 4 min read
വാക്കിലും നടപ്പിലും രൂപത്തിലുമൊക്കെ ഇടുക്കിക്കാരിയുടെ ശാലീനത. താരപ്പകിട്ടുകളില്ലാത്ത ലിജോമോള്‍ ജോസിന്റെ ആരോഗ്യ വിശേഷങ്ങളിലേക്ക്
കട്ടപ്പനയിലെ സാഗര തിയറ്റര്‍. സിനിമ കൊട്ടകയുടെ വലിയ സ്ക്രീനില്‍ സോണിയയും ക്രിസ്പിനും തിയറ്ററില്‍ കണ്ടുമുട്ടുന്ന രംഗം.
സോണിയമോളും ക്രിസ്പിനും പ്രേക്ഷകമനസിലേക്ക് ഇടം നേടുമ്പോള്‍ ലിജോ മോളുടെ മനസില്‍ ഇതൊന്നുമായിരുന്നില്ല. ആ രംഗം ഷൂട്ട് ചെയ്ത അതേ തിയറ്ററില്‍ സിനിമ കാണുന്നതിന്റെ കൗതുകാനുഭവമായിരുന്നു.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രം കണ്ടവര്‍ ബേബിച്ചായന്റെ സോണിയ മോളെ മറക്കാനിടയില്ല. പ്രേക്ഷകര്‍ക്കിപ്പോഴും ലിജോ മോള് സോണിയയാണ്.
മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃതിക് റോഷന് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത ലിജോ മോള് ഇടുക്കിയുടെ മുത്ത് തന്നെ. വാക്കിലും നടപ്പിലും രൂപത്തിലുമൊക്കെ ഇടുക്കിക്കാരിയുടെ ശാലീനത. താരപ്പകിട്ടുകളില്ലാത്ത ലിജോമോള്‍ ജോസിന്റെ ആരോഗ്യ വിശേഷങ്ങളിലേക്ക്.
സിനിമയിലെത്തിച്ചത് സിംപിള്‍ ലുക്ക്
ഒരു സിനിമാ താരമാകുമെന്നൊന്നും ഒരിക്കലും വിചാരിച്ചിരുന്നില്ല. ദൈവനിശ്ചയം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോഴും എനിക്ക് അത്ഭുതമാണ്. ഇടയ്ക്കൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്.
എന്തായിരിക്കും മഹേഷിന്റെ പ്രതികാരത്തിലേക്ക് എന്നെ തിരഞ്ഞെടുത്തതിന് കാരണമെന്ന്. ഞാന്‍ വളരെ സിംപിള്‍ ആണ്. അതുകൊണ്ട് മാത്രം അവസരം കിട്ടിയതാണെന്ന് തോന്നുന്നു.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ കാസ്റ്റിങ് കോള്‍ കണ്ടിരുന്നു. പക്ഷേ അഭിനയിക്കണമെന്ന് അത്ര ആഗ്രഹമൊന്നുമില്ലായിരുന്നു.
അതുകൊണ്ട് ഈ ചിത്രത്തിലേക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ടിരുന്നെങ്കിലും വലിയ താല്പര്യം കാണിച്ചില്ല. ഒടുവില്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഫോട്ടോ അയച്ചത്.
എപ്പോഴും വളരെ സിംപിള്‍ ആയിട്ട് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ടായിരിക്കും ആ കഥാപാത്രത്തിന് ഞാന്‍ അനുയോജ്യയാണെന്നു തോന്നിയത്.
ഫോട്ടോ അയച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ഓഡിഷനു വിളിച്ചത്്. അപ്പോഴൊന്നും ഇതത്ര ഗൗരവമായി കണ്ടിരുന്നില്ല. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ഫോട്ടോ അയച്ചു എന്നല്ലാതെ എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.
ഫോട്ടോ അയച്ചിട്ട് ഓഡിഷനു വിളിച്ചില്ലെങ്കിലും ആരും അറിയാന്‍ പോകുന്നില്ലല്ലോ. ആ ധൈര്യത്തില്‍ രണ്ടും കല്പിച്ചാണ് ഫോട്ടോ നല്‍കിയത്.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഓഡിഷനു വിളിച്ചു. ഓഡിഷനു വിളിച്ചപ്പോഴും പോകണോ എന്ന് സംശയമായിരുന്നു. പിന്നെ എല്ലാവരും പറഞ്ഞു, എന്തായാലും അവസരം കിട്ടിയതല്ലേ.
ഓഡിഷന് പങ്കെടുക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ഓഡിഷന് പോയത്. ആ കഥാപാത്രത്തിന് ആവശ്യം മേക്കപ്പ് അധികം ഉപയോഗിക്കാത്ത, നാടന്‍ രീതിയിലുള്ള ഒരാെളയായിരുന്നു.
മേക്കപ്പ് ഒന്നും ഉപയോഗിക്കാറില്ല. അതുകൊണ്ട് മാത്രമാണ് എന്നെ തിരഞ്ഞെടുത്തതെന്ന് തോന്നുന്നു. ഇപ്പോഴും മേക്കപ്പിലൊന്നും താല്പര്യമില്ല.
എനിക്കിഷ്ടം അമ്മയുണ്ടാക്കുന്ന ഭക്ഷണം
ഓഡിഷന് കഴിഞ്ഞ് അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞത്. അടുത്ത ദിവസം തന്നെ ഞാന്‍ പോണ്ടിച്ചേരിക്ക് തിരികെ പോയി. അവിടെയാണ് ഞാന്‍ പി. ജി ചെയ്തിരുന്നത്. ക്ലാസ് വെറുതെ മുടക്കണ്ടെന്നു കരുതി. അടുത്ത ദിവസം ക്ലാസില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഫോണ്‍ കോള്‍ വന്നു.
പക്ഷേ ക്ലാസിലായതുകൊണ്ട് സംസാരിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ തന്നെ ആ നമ്പറിലേക്ക് എസ്. എം. എസ് അയച്ചു. ക്ലാസ് കഴിഞ്ഞാലുടന്‍ തിരികെ വിളിക്കണം എന്നു തിരികെ മെസേജ് വന്നു. അങ്ങനെ വിളിക്കുമ്പോഴാണ് ചിത്രത്തിലേക്ക്്് സെലക്റ്റായെന്ന് അറിയുന്നത്. ഇടുക്കിയില്‍ തന്നെയായിരുന്നു ഷൂട്ട്.
എന്റെ വീട്ടില്‍ നിന്നും ഒരു മണിക്കുര്‍ യാത്രയുണ്ടായിരുന്നു ലൊക്കേഷനിലേക്ക്. ഷൂട്ടുള്ളപ്പോള്‍ പോണ്ടിച്ചേരിയില്‍ നിന്നാണ് ലൊക്കേഷനിലേക്ക് എത്തിയിരുന്നത്.
എനിക്ക് അമ്മ ഉണ്ടാക്കുന്ന ഭക്ഷണം വലിയ ഇഷ്ടമാണ്. അതുകൊണ്ട് ഷൂട്ടിന് വരുമ്പോള്‍ വീട്ടില്‍ പോകാന്‍ സമയം കിട്ടുമെന്നൊക്കെ വിചാരിച്ചു.
പക്ഷേ ഷൂട്ട് കഴിയുമ്പോള്‍ ക്ലാസ് കളയണ്ടെന്നു കരുതി വീണ്ടും പോണ്ടിച്ചേരിക്ക് തിരികെ പോകുമായിരുന്നു. അമ്മ എന്ത് ഉണ്ടാക്കി തന്നാലും എനിക്ക് അതൊക്കെ ഇഷ്ടമാണ്. നോണ്‍ വെജ് ഭക്ഷണമാണ് കൂടുതല്‍ താല്പര്യം. അമ്മയോട് അങ്ങനെ നിര്‍ബന്ധങ്ങളൊന്നും പറയാറില്ല. വെജിറ്റേറിയന്‍ ഉണ്ടാക്കിയാലും കഴിക്കും.
ഭക്ഷണകാര്യത്തില്‍ പ്രത്യേകിച്ച് നിര്‍ബന്ധങ്ങളൊന്നുമില്ല. നോണ്‍ വെജ് കിട്ടിയാല്‍ സന്തോഷം. ഹോസ്റ്റലില്‍ ആയിരുന്നതുകൊണ്ട് അവിടുത്തെ ഭക്ഷണവും നമ്മുടെ നാടന്‍ ഭക്ഷണവും തമ്മിലുള്ള വ്യത്യാസം നന്നായി അറിയാം.
ഭക്ഷണകാര്യത്തില്‍ അങ്ങനെ നിയന്ത്രണങ്ങള്‍ ഒന്നും ഇതുവരെ ഇല്ല. ഇനി അല്‍പ്പം നിയന്ത്രണങ്ങളൊക്കെ വേണമെന്നു തോന്നുന്നു. ഭക്ഷണം നിയന്ത്രിക്കണമെന്ന് പ്ലാന്‍ ചെയ്യാറുണ്ട്. പക്ഷേ ഒന്നും നടക്കാറില്ല. നോണ്‍ വെജ് ഒഴിവാക്കി, പച്ചക്കറി കൂടുതല്‍ ഭക്ഷണത്തില്‍ ഉള്പ്പെടുത്തണമെന്നുമുണ്ട്്.
പ്രേക്ഷകര്‍ക്കിഷ്ടം നാച്ചുറല്‍ ബ്യൂട്ടി
സിനിമ കണ്ട് അഭിപ്രായം പറയാന്‍ ഒരുപാട്് പേര് വിളിക്കാറുണ്ട്. എന്നെ മേക്കപ്പ് ചെയ്ത് കാണാന്‍ ആഗ്രഹിക്കാത്തവരാണ് കൂടുതലും. പരിപാടികള്‍ക്ക് പോകുമ്പോഴൊക്കെ പലരും നേരിട്ട് വന്ന് പറഞ്ഞിട്ടുണ്ട്.
മേക്കപ്പ്് വേണ്ട കേട്ടോ എന്ന്്. പ്രേക്ഷകര്‍ക്ക് എന്നെ മേക്കപ്പില്ലാതെ കാണാനാണ് താല്പര്യം. റിലീസായ രണ്ട് ചിത്രത്തിലും നാടന്‍ കഥാപാത്രമായിരുന്നു. അത് പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞെന്നു തോന്നുന്നു. പിന്നെ പണ്ട് മുതലേ എനിക്ക് മേക്കപ്പ് ഇഷ്ടവുമല്ല.
ഷൂട്ടിന് മേക്കപ്പ് വേണ്ടതുകൊണ്ട് മാത്രം ലൈറ്റ് ആയിട്ട് ചെയ്യാറുണ്ട്. പ്രോഗ്രാമുകളോ, ഫോട്ടോഷൂട്ടോ വരുമ്പോള്‍ മേക്കപ്പ് ചെയ്യാതെ പറ്റില്ല. തുടക്കക്കാരി ആയതുകൊണ്ട് സ്കിന്‍ കുറച്ചൊക്കെ ശ്രദ്ധിക്കണമെന്ന് മേക്കപ്പ് മാന്‍ പറഞ്ഞു തരാറുണ്ട്.
അതുകൊണ്ട് വീട്ടില്‍ നില്ക്കുമ്പോള് ഫെയ്സ് പാക്ക് ഉപയോഗിക്കും. അതല്ലാതെ വേറെ സൗന്ദര്യ സംരക്ഷണമൊന്നുമില്ല. അമ്മയാണ് ഭക്ഷണകാര്യങ്ങളില്‍ കൂടുതലും ശ്രദ്ധിക്കുക. സൗന്ദര്യ സംരക്ഷണത്തില്‍ അമ്മ ശ്രദ്ധിക്കാറില്ല. അക്കാര്യങ്ങള്‍ക്കൊക്കെ അനിയത്തിയാണ് സഹായിക്കുന്നത്്.
ഫേസ്പായ്ക്ക് മുഖത്തിട്ട് നില്‍ക്കുന്നത് കാണുമ്പോള്‍ അമ്മ പറയാറുണ്ട്. ഇടയ്ക്കൊക്കെ ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് നല്ലതാണെന്ന്്. അമ്മയ്ക്ക് ടിപ്സ് ഒന്നും പറഞ്ഞു തരാന്‍ അറിയില്ല.
ഫോട്ടോ കണ്ടിട്ട് മേക്കപ്പ് കൂടുതലാണെന്ന് പലരും പറയാറുണ്ട്്. എന്റെ നാട്ടില്‍ തന്നെ ഉള്ളവര്‍ പലരും നേരിട്ട് കാണുമ്പോള്‍ പറയും. അതല്ലാതെ ഒരു പരിചയവുമില്ലാത്തവര്‍ ഫോണ്‍ വിളിച്ചൊക്കെ പറഞ്ഞിട്ടുണ്ട്്. 'മേക്കപ്പ് വേണ്ട കേട്ടോ.
ഞങ്ങള്‍ക്ക് മേക്കപ്പ് ഇല്ലാത്തതാണ് ഇഷ്ടം'. എന്നൊക്കെ പറയും. ഇനി റിലീസ് ആകാനുള്ള ഹണീബി 2.5 എന്ന ചിത്രത്തില്‍ അല്‍പ്പം മോഡേണ്‍ കഥാപാത്രമാണ്. മേക്കപ്പിലൊക്കെ അതിന്റേതായ മാറ്റങ്ങള്‍ ഉണ്ട്.
മേക്കപ്പ് ചെയ്യാന്‍ നേരം ഞാന്‍ പ്രത്യേകം മേക്കപ്പ് ചെയ്യുന്ന ചേട്ടനോട് പറഞ്ഞു: 'ചേട്ടാ മേക്കപ്പ് ഒന്നും എനിക്ക്് വലിയ താല്പര്യമില്ല. അതുകൊണ്ട് കുറയ്ക്കണേ'. അവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും. കഥാപാത്രത്തിന് അനുയോജ്യമായ മേക്കപ്പ് ചെയ്യാതിരിക്കാന്‍ കഴിയില്ലല്ലോ.
വീട്ടിലാണെങ്കില്‍ എന്റെ ഭക്ഷണക്രമമൊക്കെ തെറ്റും. അങ്ങനെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന പതിവില്ല. വീട്ടിലെത്തിയാല്‍ ഭക്ഷണസമയമൊക്കെ തോന്നുന്ന പോലെയാണ്. രാവിലെ ഭക്ഷണം കഴിക്കുന്നത് വളരെ വൈകിയാണ്. അതുകൊണ്ട് ഉച്ചഭക്ഷണവും അതിനനുസരിച്ച് വൈകും.
രാവിലെ ഭക്ഷണം കഴിക്കാന്‍ താമസിച്ചാല്‍ ചിലപ്പോള്‍ ഉച്ചയ്ക്ക് ഭക്ഷണം ഒഴിവാക്കാറുണ്ട്്. നാല് നേരവും സമയത്ത് ഭക്ഷണം കഴിക്കുന്ന രീതിയൊന്നും വീട്ടിലെത്തിയാല്‍ എനിക്കില്ല. കുറേ ദിവസം കൂടി വീട്ടില്‍ വരുമ്പോള്‍ അമ്മ എന്തെങ്കിലുമൊക്കെ ഭക്ഷണം ഉണ്ടാക്കി വയ്ക്കും. അതൊക്കെ കഴിക്കും.
ചോറ് ഒരു നേരമെങ്കിലും ഒഴിവാക്കണമെന്നുണ്ട്. അതിനു പകരം ചപ്പാത്തിയോ അല്ലെങ്കില്‍ അരി ആഹാരമോ കഴിച്ചു തുടങ്ങണം. ഇനി പഴയപോലെ മടിപിടിച്ചിരിക്കാന്‍ കഴിയില്ലല്ലോ.
ഭക്ഷണകാര്യത്തില്‍ കുറച്ച് നിയന്ത്രണങ്ങളൊക്കെ വേണം. നേരത്തെ മുതലേ വണ്ണം കുറഞ്ഞ ശരീര പ്രകൃതമാണ് എന്റേത.് അതുകൊണ്ട് പെട്ടെന്ന് വണ്ണം വയ്ക്കുമെന്നു തോന്നുന്നില്ല.
അടുക്കള എന്റെ പരീക്ഷണശാല
വീട്ടിലെത്തിയാല്‍ തനിയെ പാചകം ചെയ്യാറുണ്ട്്. എന്റെ ഇഷ്ടവിഭവങ്ങള്‍ നോണ്‍ വെജായത് കൊണ്ട് അടുക്കളയില്‍ കയറിയാല്‍ ചിക്കന്‍ കറി ഉണ്ടാക്കും. മീന്‍കറിയൊന്നും തയാറാക്കാന്‍ എനിക്കറിയില്ല. ചിക്കന്‍, ബീഫ് ഒക്കെ നന്നായി ഉണ്ടാക്കാറുണ്ട്. അവിയല്‍, സാമ്പാര്‍ ഇതൊന്നും എനിക്കറിയില്ല.
പിന്നെ ഫ്രൂട്ട്സ് കഴിക്കുന്ന പതിവൊന്നും പണ്ടേ എനിക്കില്ല. അതുകൊണ്ട് ഭക്ഷണം കഴിഞ്ഞ് പഴങ്ങളൊന്നും കഴിക്കാറില്ല. ഫ്രൂട്ട്സ് വേണമെന്ന് നിര്‍ബന്ധവുമില്ല. വീട്ടില്‍ എപ്പോഴെങ്കിലും വാങ്ങിക്കുമ്പോള്‍ കഴിക്കും അത്രേയുള്ളൂ. വെള്ളം പണ്ടത്തേതിലും കൂടുതല്‍ ഇപ്പോള്‍ കുടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കൃത്യമായി വ്യായാമം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പോണ്ടിച്ചേരിയില്‍ ആയിരുന്ന സമയം പകുതി ദിവസം ഹോസ്റ്റലിലും അവധി കിട്ടുമ്പാള് വീട്ടിലും ആയിരുന്നതുകൊണ്ട് അതൊന്നും നടന്നില്ല.
ആദ്യത്തെ കുറച്ച് ദിവസം നല്ല ഉത്സാഹമാണ്. നടക്കാനൊക്കെ പോകും. പിന്നെ മടി പിടിക്കും. വീട്ടിലും കൂടെയാണെങ്കില്‍ പിന്നെ ഒന്നും പറയണ്ട.
വീട്ടില്‍ ആര്‍ക്കും അഭിനയ പാരമ്പര്യമില്ല
വീട്ടില്‍ ആരുടെ കഴിവാണ് എനിക്ക് കിട്ടിയതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ അഭിനയ പാരമ്പര്യമൊന്നും എനിക്കില്ല. വീട്ടില്‍ ആര്‍ക്കും കലാപരമായ കഴിവുകളില്ല. സ്കൂളിലും കോളജിലുമൊക്കെ ഞാന്‍ പരിപാടിക്ക് പങ്കെടുത്തിട്ടുണ്ടെന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്.
പക്ഷേ പഠിക്കുന്ന സമയത്ത് സ്റ്റേജില്‍ പോലും ഞാന്‍ കയറിയിട്ടില്ല. ഒരു പരിപാടിക്കും പങ്കെടുത്തിട്ടില്ല. ഓഡിഷനു വിളിച്ചപ്പോഴാണ് ഇങ്ങനെ അയച്ചിട്ടുണ്ടെന്ന കാര്യം വീട്ടില്‍പോലും പറയുന്നത്. അന്ന് അച്ഛന് വഴക്ക് പറഞ്ഞു. കാരണം ഞാന്‍ അഭിനയിക്കില്ലെന്ന് വീട്ടില്‍ എല്ലാവര്ക്കും അറിയാം.
അഭിനയിച്ച് കണ്ടിട്ടുമില്ല. അതുകൊണ്ടാണ് ദേഷ്യപ്പെട്ടത്്്. എന്തായാലും അവര്‍ വിളിച്ചതല്ലേ. പോയി നോക്കാമെന്നു അച്ഛന് പറഞ്ഞു. വഴക്ക് പറഞ്ഞെങ്കിലും അച്ഛന് തന്നെയാണ് കൂടെ വന്നത്.
'മഹേഷിന്റെ പ്രതികാരം' കണ്ടപ്പോള്‍ വീട്ടില്‍ എല്ലാവരും ഞെട്ടി. ഇന്‍ഡസ്്ട്രിയില്‍ അടുപ്പമുള്ളവര്‍ ഒരു മേക്കോവര്‍ ആകാമെന്നു പറയാറുണ്ട്. കഥാപാത്രം തിരഞ്ഞെടുക്കുമ്പോഴും ഒരേ രീതി പിന്തുടരരുതെന്ന് ഓര്‍മ്മപ്പെടുത്താറുണ്ട്.