
മുംബൈ: വന്ദേമാതരം ആലപിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ട പ്രകാരമാണ്, അതിനെ നിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും കേന്ദ്ര പാര്‍ലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി.
വന്ദേമാതരം പാടുന്നത് തികച്ചും വ്യക്തിപരമായ താത്പര്യം മാത്രമാണ്. പാടുന്നവര്‍ക്ക് പാടാം. ഇഷ്ടമില്ലാത്തവര്‍ പാടേണ്ടതില്ല. പാടിയില്ല എന്നതുകൊണ്ട് അവര്‍ ദേശവിരുദ്ധരൊന്നുമാകില്ലെന്ന് മുംബൈയില്‍ നടന്ന പരിപാടിക്കിടെ നഖ്വി പറഞ്ഞു. എന്നാല്‍ ചിലര്‍ വന്ദേമാതരത്തെ മനപ്പൂര്‍വ്വം എതിര്‍ക്കുന്നുണ്ട്. അത് മോശം കാര്യമാണ്. രാജ്യതാത്പര്യത്തിന് എതിരുമാണ്.
സ്കൂളുകളിലും കോളേജുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ആവശ്യം എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മിയെ ബിജെപി എംഎല്‍എമാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
തമിഴ്നാട്ടിലെ സ്കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിന്തുടര്ന്ന് മഹാരാഷ്ട്രയിലും ഇത് നടപ്പിലാക്കണമെന്ന് ബിജെപി എംഎല്‍എ രാജ് പുരോഹിത് നിയമസഭയില്‍ ആവശ്യപ്പെട്ടത്.






