
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനം. ജയിലില്‍ വച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ ഈ മാസം 16 വരെ റിമാന്‍ഡ് ചെയ്തു. അടച്ചിട്ട കോടതി മുറിയിലായിരുന്നു ഇന്നത്തെ നടപടികള്‍.
അതേസമയം, ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നിയമ നടപടി നേരിടുന്ന നടന് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അജു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നടിയുടെ പേര് വെളിപ്പെടുത്തിയത് ദുരുദ്ദേശത്തോടെയല്ലെന്നും നടിയുമായി അടുത്ത സൗഹൃദമാണ് ഉള്ളതെന്നും അജു ഹര്‍ജിയില്‍ പറയുന്നു. നടിയ്ക്ക് തന്നോട് വിരോധമില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആക്രമണത്തിന് ഇരയായ നടിക്കും നടന് ദിലീപിനും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടത്തിയ പ്രസ്താവനയിലാണ് അജു വര്‍ഗീസ് നടിയുടെ പേര് പരാമര്‍ശിച്ചത്. ഇത് വിവാദമായതോടെ ഒരു സ്വകാര്യ വ്യക്തി നല്കിയ പരാതില്‍ പോലീസ് കേസ് എടുക്കുകയും അജുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അജുവിന്റെ മൊബൈല്‍ അടക്കമുള്ളവ പോലീസ് പിടിച്ചുവച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് നടന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു. നിയമത്തെ കുറിച്ചുള്ള തന്റെ അജ്ഞതയാണ് നടിയുടെ പേര് വെളിപ്പെടുത്താന്‍ കാരണമെന്ന് അജു പിന്നീട് പറഞ്ഞിരുന്നു.






