
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പി.ടി ഇബ്രാഹിമിന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമി ആണെന്ന് സെറ്റില്‍മെന്റ് രജിസ്റ്ററിലുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും രേഖമൂലം നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.
ചെറുവള്ളി എസ്റ്റേറ്റില്‍ 2,263 ഏക്കര്‍ ഭൂമിയാണുള്ളത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നാണ് ഡോ.കെ.പി യോഹന്നാന് മെതോപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച് എസ്റ്റേറ്റ് വാങ്ങുന്നത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തു വിമാനത്താവളം നിര്‍മ്മിക്കാമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് അധ്യക്ഷനായ നാലംഗ ഉദ്യോഗസ്ഥ സമിതി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്.
അടുത്തിടെ ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വത്തിന്റെ നൂറേക്കര്‍ ഭൂമിയുണ്ടെന്നും ഇത് ദേവസ്വത്തിന് തിരികെ നല്‍കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞിരുന്നു.






