
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചില്ലെന്ന ആരോപണത്തിന് വിശദീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. 2018ൽ നിപ വ്യാപകമായി പടർന്നുപിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അന്നത്തെ മന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നിപ മാത്രമല്ല, ഷിഗെല്ലയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗിയെ അഡ്മിറ്റ് ചെയ്യുന്നതടക്കമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് താൻ മടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. സെൻട്രലൈസ്ഡ് പ്രവർത്തനത്തിന് കൂടുതൽ സൗകര്യം തിരുവനന്തപുരത്താണുള്ളത്. മാത്രമല്ല, നിപ വ്യാപിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ നിപ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ അന്നുതന്നെ തിരികെ വരുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിപ ഇതുവരെ അപകടകാരിയായ സാഹചര്യമല്ലെന്നും രോഗിയുടെ ജീവൻ നിലനിർത്താനുള്ള പോരാട്ടമാണ് ഡോക്ടർമാർ നടത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചു.






