
ബല്ലിയ, ഉത്തര്‍പ്രദേശ്: യുവാക്കള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്ന കൗമാരക്കാരിയെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. പതിനേഴ്കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ നാല് യുവാക്കള്‍ കഴിഞ്ഞ ആറ് മാസമായി ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ഉത്തരവാദികളെ പോലീസ് അറസ്റ്റു ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധത്തിലാണ് വീട്ടുകാര്‍.
ഗ്രാമമുഖ്യന്റെ മകന് അടക്കമുള്ള യുവാക്കളാണ് ശല്യപ്പെടുത്തിയിരുന്നത്. സൈക്കിളില്‍ സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കുകളിലെത്തിയ നാല് യുവാക്കള്‍ തടഞ്ഞുവച്ച് ആക്രമിച്ചുവെന്നും നിലത്ത് തള്ളിയിട്ട് കഴുത്ത് മുറിച്ച ശേഷം കടന്നുകളയുകയായിരുന്നുവെന്നും വീട്ടുകാര്‍ പരാതിപ്പെടുന്നു.
ഗ്രാമമുഖ്യന്റെ മകന് പ്രിന്‍സ് തിവാരിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റ് മൂന്നുപേര്‍ ഒളിവിലാണ്. മൂര്‍ച്ചയേറിയ കത്തികൊണ്ട് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ച നിലയിലാണെന്ന് പോലീസ് പറയുന്നു. പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
മകളെ യുവാക്കള്‍ പതിവായി ശല്യപ്പെടുത്തിയിരുന്നതായും വീടിനു പുറത്തിറങ്ങുമ്പോള്‍ അശ്ലീലം പറഞ്ഞിരുന്നതായും അമ്മ പറയുന്നു. ഇതേകുറിച്ച് ഗ്രാമമുഖ്യനോട് പരാതിപ്പെട്ടിരുന്നു. ചെറുപ്പക്കാരുടെ ശല്യം നിര്‍ത്തിതരാമെന്ന് അദ്ദേഹം വാക്കുനല്‍കിയിരുന്നതാണ്. ഇവരുടെ ശല്യം കൂടിയതോടെ മകളെ സ്കൂളില്‍ വിടുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് പഠിക്കാന്‍ അവള് തീരുമാനിച്ചുവെങ്കിലും തങ്ങള്‍ അനുവദിച്ചിരുന്നില്ല. എത്രകാലം ഇങ്ങനെ ഭയന്ന് കഴിയുമെന്ന് പറഞ്ഞ് അവള് ധൈര്യപൂര്‍വ്വം സ്കൂളിലേക്ക് പോവുകയായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.






