
മുംബൈ: ഹരിയാനയ്ക്ക് പിന്നാലെ മുംബൈയില്‍ നിന്നും ഞെട്ടിക്കുന്ന ഒരു സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ പിന്തുടര്ന്ന് വീട്ടിലെത്തി ശല്യപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായത് സോഫ്ട്വേര്‍ എന്‍ജിനീയര്‍. മലാഡ് സ്വദേശിയായ നിതിന്‍ ശര്‍മ്മയാണ് പിടിയിലായത്.
അദിതി നാഗ്പാല്‍ (34) ആണ് ഞെട്ടിക്കുന്ന സംഭവം ഫേസ്ബുക്കലൂടെ പങ്കിട്ടത്. തന്നെ പിന്തുടര്‍ന്ന ആളുടെ ചിത്രവും ഇവര്‍ പുറത്തുവിട്ടിരുന്നു. മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് സംശയിക്കുന്നതായും അദിതി പോസ്റ്റില്‍ പറയുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കുട്ടികളെയും സഹോദരിയെയും കാറില്‍ ഇരുത്തിയ ശേഷം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നുവാങ്ങി മടങ്ങിയ തന്നെ 20 മിനിറ്റോളം നിതിന്‍ പിന്തുടര്ന്നു. വീട്ടിലെത്തിയ കോളിംഗ് ബെല്‍ അടിച്ച് തന്നെ വിളിച്ചിറക്കുകയും 'ദാഹിക്കുന്നു'വെന്ന് അറിയിക്കുകയും ചെയ്തു. അയാളെ പുറത്താക്കി താന്‍ വാതില്‍ വലിച്ചടച്ചുവെന്ന് അദിതി പറഞ്ഞു.
ഫാഷന്‍ ഡിസൈനറാണ് യുവതി. പത്തുവര്‍ഷമായി മുംബൈയില്‍ താമസിക്കുന്നു. ഇത്രയും കാലം മുംബൈ ഏറ്റവും സുരക്ഷിത നഗരമായാണ് താന്‍ കരുതിയിരുന്നത്. ആ ചിന്തയ്ക്ക് കഴിഞ്ഞ സംഭവത്തോടെ മാറ്റംവന്നുവെന്നും അവര്‍ പറയുന്നു.
യാതൊരു ഭയവുമില്ലാതെയാണ് അയാള്‍ തന്നെ സമീപിച്ചത്. സുരക്ഷാ കാമറകള്‍ ഉണ്ടെന്ന ഭയം പോലും അയാള്‍ക്ക് ഉണ്ടായിരുന്നില്ല. സുരക്ഷാഗാര്ഡിനേയോ പോലീസിനെയോ അയാള്‍ ഭയക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ചിത്രം താനെടുത്തു എന്നറിഞ്ഞിട്ടും വളരെ ശാന്തനായാണ് അയാള്‍ നിന്നതെന്നും അദിതി പറയുന്നു.
ഹരിയാനയില്‍ യുവതിയെ കാറില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തിയ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ മകന് അറസ്റ്റിലായതിനു പിന്നാലെയാണ് രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം ലഭിച്ചത്. സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവന്നതോടെയാണ് ഇത്തരം സംഭവങ്ങള്‍ പുറംലോകമറിഞ്ഞത്.






