ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃകാ ആശുപത്രിയില്‍. എംപി ആയിരിക്കെ ഗൊരഖ്പൂരിലെ ഈ ആശുപത്രിയില്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യോഗി ആദിത്യനാഥ് വോട്ട് തേടിയിരുന്നത്. യോഗി ആദിത്യനാഥ് അഞ്ച് തവണ ലോക്സഭാ എംപിയായിരുന്ന ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രിയാണ് കുട്ടികള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ്.
ബിആര്‍ഡി ആശുപത്രിയിലുണ്ടായ ദുരന്തം വ്യക്തിപരമായും രാഷ്ട്രീയമായും യോഗി ആദിത്യനാഥിന് തിരിച്ചടിയാണ്. മസ്തിഷ്കജ്വരത്തിനെതിരെ സംസ്ഥാന വ്യാപക പ്രചരണം നയിക്കുന്നതിനിടെയാണ് ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചത്. മസ്തിഷ്കജ്വരം ബാധിച്ച് യുപിയില്‍ ഈ വര്‍ഷം 114 മരണങ്ങള് സംഭവിച്ചിരുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ യുപിയില്‍ മസ്തിഷ്കജ്വരം ബാധിച്ച് 40,000 കുട്ടികള്‍ മരിച്ചതായാണ് കണക്ക്.
യുപിയിലെ പ്രധാന ആരോഗ്യപ്രശ്നമെന്ന നിലയ്ക്ക് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മസ്തിഷ്കജ്വരത്തിന്റെ ചികിത്സയ്ക്കായി ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് ബിആര്‍ഡി മെഡിക്കല്‍ കോളജ്. ഇവിടെയാണ് ഓക്സിജന്‍ കിട്ടാതെ 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചത്. ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് ദുരന്ത കാരണം. ഓക്സിജന്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 66 ലക്ഷം രൂപ കുടിശിഖ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് കമ്പനി വിതരണം നിര്‍ത്തിയത്.






