
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. യുപി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്ടനാണ് നടപടി പ്രഖ്യാപിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സസ്പെന്ഷന് ഉത്തരവ് പുറത്ത് വരുന്നതിന് മുന്‍പ് തന്നെ താന്‍ രാജി വച്ചിരുന്നതായി കോളജ് പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടു. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വയ്ക്കുന്നതെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. ഓക്സിജന്‍ കിട്ടാതെ 48 മണിക്കൂറിനുള്ളില്‍ 30 കുട്ടികള്‍ മരിച്ചതാണ് വിവാദമായത്. 17 കുട്ടികള്‍ നിയോനേറ്റല്‍ വാര്‍ഡിലും അഞ്ച് കുട്ടികള്‍ എഇഎസ് വാര്‍ഡിലും എട്ട് പേര് ജനറല്‍ വാര്‍ഡിലുമാണ് മരിച്ചത്.
യോഗി ആദിത്യനാഥ് അഞ്ച് തവണ ലോക്സഭാ എംപിയായിരുന്ന ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രിയാണ് കുട്ടികള്‍ മരിച്ച ബിആര്‍ഡി മെഡിക്കല്‍ കോളജ്. ഇവിടെയാണ് ഓക്സിജന്‍ കിട്ടാതെ 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചത്. ആശുപത്രിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് ദുരന്ത കാരണം. ഓക്സിജന്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 66 ലക്ഷം രൂപ കുടിശിഖ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് കമ്പനി വിതരണം നിര്‍ത്തിയത്.







Comments