
ന്യൂഡല്ഹി: ഉത്തര്പ്രദേശിലെ ഗൊരഖ്പൂരിലെ സര്ക്കാര് ആശുപത്രിയില് കുട്ടികള് ഓക്സിജന് കിട്ടാതെ മരിച്ച സംഭവത്തില് സര്ക്കാരിനെ പരോക്ഷമായി ന്യായീകരിച്ച് ക്രിക്കറ്റ് താരം വീരേന്ദ്രര് സേവാഗ്. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖം കാരണമാണ് കുട്ടികള് മരിച്ചതെന്ന് സേവാഗ് ട്വീറ്റ് ചെയ്തു. സംഭവത്തില് ദുഃഖം രേഖപ്പെടുത്തുന്നു. രാജ്യമൊട്ടാകെ കുട്ടികളെ കൊല്ലുന്ന അസുഖമാണിത്. 50,000 കുട്ടികള് ഇതുവരെ മരിച്ചിട്ടുണ്ടെന്നും സേവാഗ് ട്വീറ്റ് ചെയ്തു.
കുട്ടികളുടെ മരണത്തില് സര്ക്കാരിനെ പരോക്ഷമായി ന്യായീകരിക്കുന്ന സേവാഗിനെതിരെ ട്വിറ്ററില് രൂക്ഷവിമര്ശനമാണ് ഉയരുന്നത്. ബിജെപി വക്താവിനെപ്പോലെയാണ് സേവാഗ് സംസാരിക്കുന്നത്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടോയെന്നും താരത്തോട് വിമര്ശകര് ചോദിച്ചു.
ഗൊരഖ്പൂരിലെ ബിആര്ഡി സര്ക്കാര് മെഡിക്കല് കോളജിലാണ് 70 കുട്ടികള് ഓക്സിജന് കിട്ടാതെ മരിച്ചത്. ആശുപത്രിക്ക് ഓക്സിജന് വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്ത്തിയതാണ് ദുരന്ത കാരണം. ഓക്സിജന് കമ്പനിക്ക് സര്ക്കാര് നല്കാനുള്ള 70 ലക്ഷം രൂപ കുടിശിഖ ലഭിക്കാതിരുന്നതിനെ തുടര്ന്നാണ് കമ്പനി വിതരണം നിര്ത്തിയത്.







Comments