ആ ഉറച്ച തീരുമാനം വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര മാറ്റി
ആ ഉറച്ച തീരുമാനം വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര മാറ്റി
Authored by Web Desk | Last updated: 15 Aug 2017, 10:39 AM | 1 min read
നയന്‍താര ജില്ലാ കലക്ടറായി എത്തുന്ന ചിത്രമാണ് ആരം. നയന്‍സിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരിക്കും ആരമിലേതെന്നാണ് സംസാരം. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുളള കഥയാണ് ആരം പറയുന്നത്. കൃഷി പ്രധാന ഉപജീവന മാര്‍ഗമായി ജീവിക്കുന്ന ഒരു കൂട്ടം കര്‍ഷകര്‍ ജലക്ഷാമം മൂലം ബുദ്ധിമുട്ടുന്നു. ഗ്രാമത്തെ പഴയസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ കലക്ടര്‍ നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
നവാഗതനായ ഗോപി നൈനാറാണ് ആരത്തിന്റെ സംവിധായകന്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ വിഘ്നേഷ്, രമേഷ് എന്നിവരും ആരമില്‍ അഭിനയിക്കുന്നുണ്ട്. അടുത്തിടെയായി സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രങ്ങളിലാണ് നയന്‍സ് കൂടുതലും അഭിനയിക്കുന്നത്. അതിനാല്‍തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് തമിഴ് മക്കള്‍ നയന്‍സിനെ സ്നേഹത്തോടെ വിളിക്കുന്നത്.
നയന്‍താരയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് 2013 ല്‍ പുറത്തിറങ്ങിയ രാജ റാണി. നയന്‍താര, ആര്യ, ജയ്, നസ്റിയ നസിം എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം വന്‍ ഹിറ്റായിരുന്നു. നയന്‍താര അവസാനമായി ഒരു ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളില്‍ പങ്കെടുത്തതും രാജാ റാണിക്ക് മാത്രമായിരുന്നു. അതിനുശേഷം ഇനി മുതല്‍ താന്‍ നായികയാവുന്ന ഒരു ചിത്രത്തിന്റെയും പ്രൊമോഷന് പരിപാടികളില്‍ പങ്കെടുക്കില്ലെന്നായിരുന്നു താരത്തിന്റെ തീരുമാനം. എന്നാല്‍ ഇപ്പോഴിതാ ആരമിനുവേണ്ടി ആ തീരുമാനം തിരുത്തിയിരിക്കുകയാണ് നയന്‍താര. സണ്‍ ടിവിയില്‍ സ്വാതന്ത്ര്യദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ആരമിന്റെ പ്രൊമോഷന് പരിപാടിയില്‍ നയന്‍താരയാണ് അതിഥി. പരിപാടിയില്‍ നയന്‍സ് എത്തുന്നതിന്റെ നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷം നയന്‍താരയെ വീണ്ടും ഒരു ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയില്‍ കാണാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. അതേസമയം, ആരമിന്റെ പ്രൊഡ്യൂസര്‍ കൊട്ടപാടി രാജേഷ് ചിത്രത്തിന്റെ നിര്മാതാവായതിനാലാണ് നയന്‍സ് പ്രൊമോഷന് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നാണ് കോളിവുഡിലെ സംസാരവിഷയം.