
മലയാളികളുടെ പ്രിയതാരം ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 38 വർഷങ്ങൾക്ക് ശേഷം സംവിധായകന് പ്രിയദർശനൊപ്പം ഒരു പരസ്യ ചിത്രത്തിന് വേണ്ടി ഒന്നിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ലിസി ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
'ചിത്രം' എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ പരസ്യ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, യഥാർത്ഥ ജീവിതത്തിലെ തന്റെ മകൾ കല്യാണി പ്രിയദർശന്റെ അമ്മയായിട്ടാണ് ലിസി ഇതിൽ അഭിനയിക്കുന്നത് എന്നതാണ്. കല്യാൺ ജ്വല്ലേഴ്സിന് വേണ്ടിയാണ് ഈ പരസ്യം ഒരുങ്ങുന്നത്.
ഷൂട്ടിംഗ് സെറ്റിലെ വൈകാരികവും രസകരവുമായ ഓർമ്മകൾ ലിസി പങ്കുവെച്ചത് ഇങ്ങനെ: "പ്രിയേട്ടന്റെ കൂടെ ഞാൻ അവസാനമായി ജോലി ചെയ്തിട്ട് ഇപ്പോൾ 38 വർഷമായി, വീണ്ടും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അളവറ്റ സന്തോഷമുണ്ട്! ഞങ്ങൾ ഒന്നിച്ച് ചെയ്ത അവസാന ചിത്രം ഐക്കോണിക് ആയ 'ചിത്രം' ആയിരുന്നു. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, കല്യാൺ ജ്വല്ലേഴ്സിന്റെ ഈ പരസ്യ ചിത്രത്തിൽ എന്റെ സ്വന്തം മകൾ കല്യാണി പ്രിയദർശന്റെ റീൽ അമ്മയായിട്ടാണ് ഞാൻ അഭിനയിക്കുന്നത്.
ഇത്രയും വർഷങ്ങൾക്ക് ശേഷം സെറ്റിൽ വന്നപ്പോൾ എനിക്ക് പരിഭ്രമമുണ്ടോ എന്ന് പ്രിയേട്ടന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഭിലാഷ് ചോദിച്ചപ്പോൾ, ഇല്ലെന്നാണ് ഞാൻ മറുപടി നൽകിയത്. കാരണം എന്നെ ഏറ്റവും ഭംഗിയായി കാണിക്കാൻ എന്റെ ഏറ്റവും നല്ലതും മോശവുമായ ഫേഷ്യൽ ആംഗിളുകൾ വരെ പ്രിയേട്ടന് നന്നായി അറിയാം. (ഇത് കേട്ടുകൊണ്ട് വന്ന പ്രിയേട്ടൻ പെട്ടെന്ന് തമാശയായി പറഞ്ഞു, 'അവളുടെ ഏറ്റവും നല്ലതും മോശവുമായ സ്വഭാവങ്ങളും എനിക്ക് നന്നായി അറിയാം!'). സെറ്റിൽ എനിക്ക് അതൊരു വലിയ നോസ്റ്റാൾജിയ ആയിരുന്നു! സന്തോഷം കൊണ്ടുവന്ന കണ്ണീരടക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ഷൂട്ടിംഗ് സെറ്റ് മുഴുവൻ ഒരു പിക്നിക് സ്പോട്ട് പോലെയായിരുന്നു.
പ്രിയേട്ടന്റെയും കല്യാണിയുടെയും കൂടെ ഒന്നിച്ച് പ്രവർത്തിക്കാൻ ഇങ്ങനെയൊരു മികച്ച അവസരം നൽകിയതിന് കല്യാൺ ജ്വല്ലേഴ്സിനോട് ഞാൻ ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു. എന്റെ മനസ്സ് ഇപ്പോൾ പലവിധ വികാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്! എന്റെ ജീവിതം ഒരു പൂർണ്ണ വൃത്തം പൂർത്തിയാക്കിയത് പോലെ തോന്നുന്നു! എന്റെ പ്രിയപ്പെട്ട പ്രേക്ഷകരെ, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും പിന്തുണയും എനിക്ക് വേണം."
ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്ന പ്രിയദർശൻ-ലിസി കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലെ ഈ പോസ്റ്റിന് താഴെ നടൻ ഇന്ദ്രജിത്ത് സുകുമാരൻ, നസ്ലൻ, നസ്രിയ നസീം, ശാന്തി ബാലചന്ദ്രൻ, പ്രയാഗ മാർട്ടിൻ, വിസ്മയ മോഹൻലാൽ തുടങ്ങി നിരവധി താരങ്ങളാണ് ലൈക്കുകളും ആശംസകളുമായി പിന്തുണ അറിയിച്ചിട്ടുള്ളത്.
1990 ഡസംബര്‍ 13 നായിരുന്നു പ്രിയദര്‍ശന്റെയും ലിസിയുടെയും വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്ന് ലിസ്സി ഇടവേളയെടുത്തു. 26 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2016 ല്‍ വേര്‍പിരിഞ്ഞ ഇരുവരും ഈയടുത്താണ് വീണ്ടുംഒന്നിച്ചത്.






