ഒ.വി.വിജയനെയും മേതില്‍ രാധാകൃഷ്ണനെയും പ്രചോദനമായിക്കണ്ട എഴുത്തുകാരന് പക്ഷേ അവര്ക്കില്ലാത്തവിധം ദൃശ്യഭാഷയുടെ അക്ഷരക്കൂട്ടവും നന്നേ വഴങ്ങി. ആദ്യ സിനിമയിലൂടെ ലഭിച്ച ദേശീയ പുരസ്കാരം.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാകാന്‍ പോകുന്ന ഒടിയന്റെ സ്ക്രിപ്റ്റിനു പിന്നില്‍ ഹരികൃഷ്ണന്റെ ഭാവനയാണ്. അക്ഷരങ്ങളെ സ്നേഹിച്ച്, ശാസ്ത്രജ്ഞനാകാന്‍ കൊതിച്ച് സിനിമക്കാരനായ ഹരികൃഷ്ണന്റെ എഴുത്തുജീവിതത്തിലൂടെ.
പത്രപ്രവര്‍ത്തനത്തിലേക്കു വന്നത്?
ഞാന്‍ പത്രപ്രവര്‍ത്തനം പഠിച്ചിട്ടില്ല. ബോട്ടണിയിലായിരുന്നു പിജി. സയന്റിസ്റ്റാകാനായിരുന്നു ആഗ്രഹം. പി. ജി കഴിഞ്ഞപ്പോള്‍ എനിക്കൊരു അമേരിക്കന്‍ സ്കോളര്‍ഷിപ്പ് കിട്ടി, ഉപരിപഠനത്തിന്.
അമ്മാവന് അമേരിക്കയിലാണ്. അതിന്റെ പരീക്ഷ കഴിഞ്ഞു. ആ സമയത്താണ് അച്ഛന്റെ മരണം. പിന്നീട് നാട്ടില്‍ത്തന്നെ ജോലിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
ആയിടയ്ക്കാണ് മലയാള മനോരമയില്‍ ടെസ്റ്റെഴുതി കയറിയത്. പത്രപ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെങ്കിലും സയന്‍സിനോടൊപ്പം എഴുത്തും കൂടെക്കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ എഴുത്ത് എന്ന അടിസ്ഥാന ആവശ്യമുള്ള പത്രപ്രവര്‍ത്തന ജോലി ആയാസരഹിതമായി.
എന്റെ അച്ഛന്റെ ബന്ധുവാണ് മാധവിക്കുട്ടി. അമ്മയുടെ വീട് പാലക്കാടും അച്ഛന്റേത് പൊന്നാനിയിലുമായിരുന്നതുകൊണ്ട് പൊന്നാനിയിലും പാലക്കാടുമൊക്കെയായിട്ടായിരുന്നു പഠനം.
മനോരമയില്‍ വന്നിട്ട് 25 വര്‍ഷമായി. ഇവിടുത്തെ പരിശീലനവും എഴുത്തിന്റെ ബാക്ക്ഗ്രൗണ്ടുംകൊണ്ട് എന്തെഴുതണം എന്നെനിക്ക് അടിസ്ഥാനം കിട്ടിയതിനാല്‍ അക്കാര്യത്തില്‍ സേഫായിരുന്നു.
അച്ഛന്റെ ബന്ധു ടി.കെ.ജി നായര്‍ അന്ന് ലീഡര്‍ റെറ്ററാണ് (മുഖപ്രസംഗം എഴുതുന്നയാള്‍) അദ്ദേഹം ഞങ്ങളുടെ ട്രെയിനിംഗിന്റെ ഡയറക്ടര്‍ കൂടിയാണ്. അദ്ദേഹമാണ് പത്രപ്രവര്‍ത്തനത്തില്‍ എന്റെ ഗുരു.
പിന്നീട് ഞാനും മനോരമയിലെ ലീഡര്‍ റൈറ്ററായി. വാര്‍ത്തയോട് ഇടപെടുകയും മുഖ്യധാരാ പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ രീതികളും അനുഭവിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍.
സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതുന്നത്?
പത്ത് വര്‍ഷം മുന്‍പ് സമകാലിക മലയാളത്തിന്റെ എഡിറ്റര്‍ എസ്. ജയചന്ദ്രന്‍നായര്‍ സാര്‍ എന്നെ വിളിച്ചു. ഡയറക്ടര്‍ ഷാജി. എന്‍. കരുണിന് ഹരികൃഷ്ണനെ ഒന്നു കാണണമെന്ന് പറയുന്നു. ഒന്നവിടെവരെ പോകണം.. അപ്പോള്‍ ഷാജിസാര് എറണാകുളത്തുണ്ട്. ഞാന്‍ ഷാജി സാറിനെ കാണാന്‍ ചെന്നു. എന്തിനാണ് അദ്ദേഹത്തെപ്പോലൊരാള്‍ എന്നെ കാണുന്നതെന്ന ആകാംക്ഷയുണ്ടായിരുന്നു.
ഞാന്‍ ചെന്നു സാറിന്റെ മുന്നിലിരുന്നു. ടേബിളില്‍ കുറേ സിനിമകളുടെ ഡി. വി.ഡികള്‍ കിടക്കുന്നുണ്ട്. എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞുതുടങ്ങും മുന്‍പ് ഞാന്‍ ആ ഡി.വി.ഡികള്‍ താല്പര്യത്തോടെ എടുത്തു. അത്ഭുതം.
അതെല്ലാം ഞാന്‍ കണ്ട സിനിമകള്‍. അവിടെയിരിക്കുന്ന സിനിമകളെല്ലാം ഞാന്‍ കണ്ടതാണെന്നത് അദ്ദേഹമറിഞ്ഞത് വളരെ ആകാംക്ഷയോടെയാണ്. പിന്നീടെനിക്ക് മനസിലായി ആ മേശയില്‍ കിടന്നത് സിനിമയിലേക്കുള്ള എന്റെ വിസിറ്റിംഗ് കാര്‍ഡുകളാണെന്ന്.
കുട്ടിസ്രാങ്കിന്റെ സ്ക്രിപ്റ്റ് പല ഘട്ടങ്ങള്‍ പിന്നിട്ടിട്ടും തൃപ്തനല്ലാതെ നില്‍ക്കുകയായിരുന്നു ഷാജി സാര്‍. ആ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ കൂടെ നില്‍ക്കണം. അതാണാവശ്യം. സിനിമയെപ്പറ്റി ഒരു ധാരണയുമില്ലാത്ത എന്നെ എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചു. എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്.
ഹരിയുടെ എഴുത്തിന്റെ ശൈലി എന്നെ ആകര്‍ഷിച്ചു. വിഷ്വലായി എഴുതാന്‍ അറിയാവുന്നവര്‍ക്ക് സ്ക്രിപ്റ്റെഴുതാനും കഴിയും.. അദ്ദേഹം പറഞ്ഞു. പരസ്പര ബന്ധമില്ലാത്ത പല കഥകളേയും കൂട്ടിയിണക്കിക്കൊണ്ടുളള കഥയായിരുന്നു കുട്ടിസ്രാങ്കിന്റേത്.
സങ്കീര്‍ണ്ണമായ ആ നോണ്‍ ലീനിയര്‍ കഥനം എന്റെ കയ്യില്‍ വഴങ്ങി. പറഞ്ഞതിലും നേരത്തെ എഴുതിക്കൊടുക്കാനും കഴിഞ്ഞു. എഴുത്തിന്റെ സമയത്തൊന്നും ഒട്ടും ബുദ്ധിമുട്ടിയിട്ടില്ല എന്നതും എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ എഴുതിയത് വായിച്ചശേഷം ഷാജി സാര്‍ പറഞ്ഞത് എനിക്കിന്നും അത്ഭുതമാണ്.
ഇനി മുതല്‍ നമുക്ക് എല്ലാസിനിമകളിലും ഒന്നിച്ച് വര്‍ക്ക് ചെയ്യണം.. അങ്ങനെയൊക്കെ പറയാന്‍ ഷാജിസാറിനെപ്പോലൊരാള്ക്കേ കഴിയൂ. അതുപോലെ മറ്റൊരു അത്ഭുതം, ഒട്ടും പ്രതീക്ഷിക്കാതെ നാഷണല്‍ അവാര്‍ഡ്! കുട്ടിസ്രാങ്ക് കഴിഞ്ഞ് രണ്ടു സിനിമയില്‍ക്കൂടി ഞങ്ങള്‍ ഒന്നിച്ചു.
സിനിമയെ സ്നേഹിച്ചുതുടങ്ങുന്നത്..?
കുട്ടിക്കാലം മുതല്‍ സിനിമ കാണുമായിരുന്നു. ഞങ്ങളുടേത് നാട്ടിന്‍പുറമായിരുന്നു. അവിടെയൊന്നും പുതിയ സിനിമ കാണാനുള്ള സൗകര്യങ്ങളില്ല. പൊന്നാനിയിലെ കൗമാരകാലത്ത് തൃശൂര്‍ പോയി വേണം സിനിമ കാണാന്‍. നാട്ടില്‍ നിന്ന് ഒന്നൊന്നര മണിക്കൂര്‍ യാത്രചെയ്യണം.
ഏഴിലും എട്ടിലും പഠിക്കുന്ന സമയത്തു ക്ലാസ് കട്ട് ചെയ്തും മറ്റും സിനിമയ്ക്ക് പോയിട്ടുണ്ട്. ഒരു ദിവസം രണ്ടും മൂന്നും സിനിമ കാണും. ഒരു എട്ടാം ക്ലാസുകാരനായിരുന്നു അത് ചെയ്തിരുന്നതെന്നോര്ക്കണം. രാവിലെ പോയി ഇതെല്ലാം കണ്ട് തിരിച്ചുവരും. പഠനത്തോടൊപ്പം എന്റെ സിനിമാതാല്പര്യത്തെക്കൂടി വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചിരുന്നു.
അക്കാലത്തെനിക്കു ഡയറി എഴുതുന്ന സ്വഭാവമുണ്ടായിരുന്നു. ഡയറിയില്‍ ഒരേയൊരു കാര്യമേയുള്ളൂ. കണ്ട സിനിമകളെക്കുറിച്ചുമാത്രം. ഇന്നെനിക്ക് അത്യാവശ്യം ലോകസിനിമയുടെ ഡി.വി.ഡി ശേഖരമുള്ള നല്ല ലൈബ്രറി തന്നെയുണ്ട്. പഠനകാലത്ത് ഡോക്യൂമെന്ററികളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പില്ക്കാലത്ത് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ദേശീയ അവാര്‍ഡ് തന്ന വലിയ സന്തോഷം?
ദേശീയ ഫിലിം അവാര്‍ഡ് വാങ്ങുന്ന കേരളത്തിലെ മുഖ്യധാര പത്രപ്രവര്‍ത്തകരില്‍ ആദ്യത്തെയാളാണ് ഞാന്‍. അതിനുശേഷം കുറേ അഭിനന്ദനങ്ങളും സ്വീകരണങ്ങളും ലഭിച്ചെങ്കിലും എപ്പോഴും ഓര്‍ക്കുന്ന ഒന്ന് എന്റെ സുഹൃത്തുക്കള്‍ നല്കിയ സ്നേഹമാണ്.
കാരണം അവാര്‍ഡ് കിട്ടിയ ദിവസം ടി. വി ഇന്റര്‍വ്യൂകളും മറ്റും കഴിഞ്ഞ് വൈകിട്ട് ന്യൂസ് ഡസ്കിലേക്ക് വരുമ്പോള്‍ എന്റെ സഹപ്രവര്‍ത്തകരൊക്കെ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്ന അതിസുന്ദരമായ കാഴ്ച മറക്കാന്‍ പറ്റില്ല.
സമാനമായ സംഭവം എന്റെ മകള്‍ ശാരികയ്ക്കും ഉണ്ടായി. അവളന്ന് കോട്ടയം ഗിരിദീപം സ്കൂളിലാണ് പഠിക്കുന്നത്. എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയ ദിവസം പത്രത്തില്‍ ആദ്യ പേജില്‍ത്തന്നെ വാര്‍ത്തയും പടവും ഉണ്ടായിരുന്നു.
അവള് വൈകുന്നേരം സ്കൂളില്‍നിന്ന് വന്നുപറഞ്ഞു: അച്ഛാ ഇന്ന് അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ എന്നെ അടുത്തുവിളിച്ച് നിര്‍ത്തി, അച്ഛന് അവാര്‍ഡ് കിട്ടിയതിന് സ്കൂളില്‍ എല്ലാവരും കൂടി കയ്യടിച്ച് അഭിനന്ദിച്ചു.. ഈ രണ്ട് കയ്യടികള്‍ എന്റെ കൂടെ ഇപ്പോഴും ഉണ്ട്.
കുടുംബത്തിന്റെ പിന്തുണ?
എന്റെയും രാജിയുടേയും പ്രണയ വിവാഹമായിരുന്നു. കോട്ടയത്താണ് താമസം. ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. മകള്‍ എന്‍ജിനിയറിംഗ് കഴിഞ്ഞു ഇപ്പോള്‍ ടെക്നോ പാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.
ഒരു ഭാര്യക്ക് സഹിക്കാനാവുന്നതിനുമപ്പുറത്താണ് എന്റെ സിനിമാഭ്രാന്ത്. രാത്രി ഒരുമണിക്കും ചിലപ്പോള്‍ രാവിലെ ഏഴു മണിക്കുപോലും അവള് വന്നു നോക്കുമ്പോള്‍ ഞാന്‍ സിനിമ കാണുകയായിരിക്കും. ഇത്രയും സിനിമാ ഭ്രാന്തുള്ള ഒരു ഭര്‍ത്താവിനെ സഹിക്കുക എളുപ്പമല്ല.
അതുകൊണ്ടുതന്നെ സിനിമയെക്കുറിച്ചുള്ള എന്റെ അടുത്ത പുസ്തകം ഞാന്‍ സമര്‍പ്പിക്കുന്നത് ഭാര്യയ്ക്കും മകള്‍ക്കുമാണ്. സമര്‍പ്പണ വാചകം ഇതാണ് സിനിമ കാണുമ്പോള്‍ ഒപ്പമിരുന്നതിന്, ഒപ്പം ഇരിക്കാതിരുന്നതിനും...
അമ്മയുടെ നാട് പാലക്കാട് അതിര്‍ത്തിയിലാണ്. അടുത്ത് മൂന്ന് നഗരങ്ങളു ണ്ട്. പാലക്കാട്, പൊള്ളാച്ചി, കോയമ്പത്തൂര്‍. അതുകൊണ്ടുതന്നെ തമിഴ് സിനിമകളും കാണുമായിരുന്നു. തമിഴ്നാട്ടില്‍ റിലീസ് ചെയ്യുന്ന മണിരത്നത്തിന്റെയും മറ്റും സിനിമകള്‍ ഞാനും സൂഹൃത്തുക്കള്‍ക്കൊപ്പം പോയി കാണും.
അന്നും ഇന്നും എന്റെ പ്രണയം സിനിമയോടാണ്. ആ ആത്മാര്‍ഥതയുടെ ഫലമാണു കാമുകിയില്‍ നിന്നെനിക്കു തിരിച്ചു കിട്ടുന്നത്. കാലങ്ങളോളം രാത്രികളില്‍ സിനിമകള്‍ കണ്ടു ക്ഷീണിച്ചു വീര്‍ത്ത കണ്പോളകള് തിരിച്ചു തരുന്ന സമ്മാനം!
സ്ക്രിപ്റ്റ് എഴുതുന്ന രീതി..?
ഇപ്പോഴും ദിവസവും ഒരു സിനിമയെങ്കിലും കാണാറുണ്ട്. നന്നായി സിനിമ കാണുന്ന എല്ലാവര്ക്കും സ്ക്രിപ്റ്റെഴുതാന്‍ പറ്റുമെന്നാണെന്റെ വിശ്വാസം. കുട്ടിക്കാലം മുതല്‍ എഴുത്തിനെ സ്നേഹിക്കുന്നതുകൊണ്ട് നിരന്തരമായി എഴുതുകകൂടി ചെയ്തിരുന്നു. അതുകൊണ്ട് സിനിമ എഴുത്ത് എനിക്ക് വിഷമമുള്ള കാര്യമല്ല.
സംവിധായകനനുസരിച്ചാണ് നമ്മള് തിരക്കഥ എഴുതുന്നത്. കുട്ടിസ്രാങ്ക് എഴുതുംമുന്‍പ് ഞാന്‍ ചെയ്തത് ഷാജി സാറിന്റെ അതുവരെയുള്ള സിനിമകള്‍ വീണ്ടും കാണുകയായിരുന്നു.
എന്താണ് ഷാജി സാറിന്റെ സിനിമാ കാഴ്ചപ്പാട്, അദ്ദേഹം കഥ പറയാനാഗ്രഹിക്കുന്നതെങ്ങനെ എന്നൊക്കെ ഒന്നുകൂടി തിട്ടമാക്കിയശേഷം എഴുതാന്‍ തുടങ്ങി. പി. എഫ്. മാത്യൂസ് കുട്ടിസ്രാങ്കിന്റെ ഒരു ഭാഗം നേരത്തെ ചെയ്തിരുന്നു. ബാക്കി രണ്ട് ഭാഗം ഞങ്ങളൊരുമിച്ച് പുതുതായി എഴുതി.
പിന്നീടാണ് സ്വപാനം ചെയ്തത്. ആ സിനിമയും സങ്കീര്‍ണ്ണമായിരുന്നു. കുട്ടിസ്രാങ്കിന് മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാഷണല്‍ അവാര്‍ഡ് കിട്ടിയെങ്കിലും സ്വപാനം ഉദ്ദേശിച്ച വിജയമായില്ല. അതിനുശേഷം ഷാജിസാറിനുവേണ്ടിത്തന്നെ ഗാഥ യ്ക്കു സ്ക്രിപ്ര്റ്റ് എഴുതി.
ഫ്രാന്‍സ്-പോളണ്ട്-ഇന്ത്യ സംയുക്തസംരംഭമായ ഗാഥ ഷാജി.എന്‍. കരുണ്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമാകുമെന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. വ്യത്യസ്തമായ സ്ക്രിപ്റ്റായിരുന്നു ഗാഥ.
ടി.പത്മനാഭന്റെ കടല്‍ എന്ന കഥയെ ആസ്പദമാക്കിയ സിനിമ. പല നായകന്മാരെയും ആലോചിച്ച് ഇപ്പോള്‍ ഷാരൂഖാനില്‍ വരെയെത്തിനില്‍ക്കുന്നു. അടുത്ത വര്‍ഷം ആ വലിയ ചിത്രം സാധ്യമാവുമെന്നാണു പ്രതീക്ഷ.
എഴുതുമ്പോള്‍ ജീവിതത്തില്‍ കണ്ട കഥാപാത്രങ്ങളും മറ്റും കടന്നുവരാറുണ്ടോ?
അങ്ങനെയൊന്നുണ്ടായിട്ടില്ല. എല്ലാം സാങ്കല്‍പ്പികമാണ്. നമ്മള് അത്യാവശ്യം ക്രീയേറ്റീവാണെങ്കില് എല്ലാം സങ്കല്പ്പിച്ചു ണ്ടാക്കാന്‍ കഴിയും. അതൊരു രസമുള്ള എഴുത്തുരീതിയാണ്. അങ്ങനെ എന്റയുള്ളില്നിന്ന് കിട്ടിയ ക്യാരക്ടറാണ് ഒടിയന്. അതിന്റെ സ്ക്രിപ്റ്റും കഴിഞ്ഞു.
ഒടിയനിലേക്ക് വരുന്നത് എങ്ങനെയാണ്?
തുടക്കംതന്നെ ഷാജി എന്‍. കരുണിനെപ്പോലുള്ള ഒരു പ്രതിഭയ്ക്കൊപ്പം. നാഷണല്‍ അവാര്‍ഡ് കിട്ടുന്നു. പിന്നീടെഴുതിയ സ്വപാനവും ഗാഥയും അത്തരത്തില്‍പ്പെട്ട സിനിമകളാണ്. അതിനെല്ലാം ശേഷമാണ് ഒടിയനിലേക്ക് വരുന്നത്.
ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ സിനിമയാണെന്നത് വ്യക്തിപരമായി എന്നെ അതിശയപ്പെടുത്തുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് വേണ്ട സിനിമയാണിത്.
ഇതിന് മുന്‍പ് കയ്യില്‍ ഒതുങ്ങുന്ന ചെറിയ സിനിമകളാണ് ചെയ്തത്. ഒടിയന്റെ ഗ്രാഫിക്സിന് തന്നെ ഏഴ് കോടി രൂപയാണ് ഇപ്പോള്‍ കണക്കാക്കുന്നത്. മോഹന്‍ ലാല്‍, പ്രകാശ് രാജ്, മഞ്ജു വാര്യര്‍ അങ്ങനെ വന്‍ താരനിരതന്നെയുണ്ട് ഈ സിനിമയില്‍.
ഞാനും ഡയറക്ടര്‍ ശ്രീകുമാര്‍ മേനോ നും അടുത്ത സുഹൃത്തുക്കളാണ്. യാദൃ ച്ഛികമായിട്ടാണ് ഞാനദ്ദേഹത്തോട് കഥ പറയുന്നത്. മോഹന്‍ലാല്‍ മതിയെന്ന് ഞങ്ങള്‍ അപ്പോള്‍ത്തന്നെ തീരുമാനിച്ചു. കഥ മോഹന്‍ലാലിനും ഇഷ്ടമായി.
ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥയാണത്. ഒടിയന്മാരുടെ ഒരു വംശാവലി മലബാറിലുണ്ട്. എന്തുകൊണ്ടയാള്ക്ക് ശേഷം ആ വംശം ഇല്ലാതെയായി. അയാളുടെ പ്രതികാരം പക, പ്രണയം, വിജയം, തോല്‍വി, ഒറ്റപ്പെടല്‍ ഇതെല്ലാമാണ്.
ഈ സിനിമ സുഹൃത്തുക്കളുടെ കൂട്ടായ്മയാണെന്നു കേള്‍ക്കുന്നു?
സൗഹൃദത്തിന്റെ മഷിചേര്‍ത്ത് എഴുതുന്ന സുഖം കൂടിയുണ്ട് ഈ ചിത്രത്തിന്. ശ്രീകുമാര്‍ മേനോനും ഞാനും ഒരേ നാട്ടുകാരാണ്. വ്യത്യസ്ത കാലത്ത് ഒേര കോളജിലാണ് പഠിച്ചത്. മോഹന്‍ലാല്‍ എന്റെ സുഹൃത്താണ്. അതുപോലെ മഞ്ജുവും. അതുകൊണ്ട് സുഹൃത്തുക്കള്‍ക്കുവേണ്ടി എഴുതിയ ചിത്രം എന്ന സന്തോഷവും ഉണ്ട്.