തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ഷൈലജയ്ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് സഭയുടെ നടുത്തളത്തില്‍ കുത്തിയിരിക്കുകയാണ്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള ബഹളത്തില്‍ മുങ്ങിയിരിക്കുകയാണ്. നിയമസഭയിലേക്ക് എത്തിയ മന്ത്രിയെ മസ്കറ്റ് ഹോട്ടലിന് മുന്നില്‍ വച്ച് കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു.
ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സമരവും തുടങ്ങിയിരുന്നു. അഞ്ച് പ്രതിപക്ഷ എംഎല്‍എമാരാണ് സമരം ചെയ്യുന്നത്.
അതിനിടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മീഷന് നിയമനത്തിലും മന്ത്രി വിവാദത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാന്‍ നീക്കം തുടങ്ങിയത്. സര്‍ക്കാര്‍ താല്‍പ്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വീഴ്ച വരുത്തിയെന്നാണ് സിപിഎം വിലയിരുത്തല്‍.






