
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പരിസരത്തും സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധയാകര്‍ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുളള സൗഹൃദ സംഭാഷണം. തന്റെ കാറില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധിയുമായി കുറച്ചുനേരം ഗൗരവകരവും എന്നാല്‍ ഹൃദ്യവുമായ രീതിയില്‍ സംസാരിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഇരുവരും വളരെ അടുത്തുനിന്ന് ശ്രദ്ധയോടെ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
#WATCH | Delhi: Prime Minister Narendra Modi arrives at Prerna Sthal on the Parliament premises to pay a floral tribute to Mahatma Jyotiba Phule on his 200th birth anniversary today.
Lok Sabha Speaker Om Birla, Lok Sabha LoP Rahul Gandhi, Union Minister Arjun Ram Meghwal, former… pic.twitter.com/QexqUVky1Z— ANI (@ANI) April 11, 2026
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ സാധാരണയായി ഉണ്ടാകാറുളള രൂക്ഷമായ രാഷ്ട്രീയ വാക്‌പോരുകള്‍ക്കിടയില്‍, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുളള നേരിട്ടുളള അനൗദ്യോഗിക സംഭാഷണം ശ്രദ്ധേയമായി. ഇരുവരും സംസാരിക്കുന്നത് കണ്ട് ചുറ്റുമുളളവര്‍ അല്‍പനേരം കൗതുകത്തോടെ നോക്കിനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാമൂഹിക പരിഷ്‌കര്‍ത്താവ് മഹാത്മ ജ്യോതിറാവു ഫൂലെയുടെ ഇരുന്നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയതായിരുന്നു പ്രധാനമന്ത്രി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, രാജ്യസഭ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ ഒത്തുചേര്‍ന്നാണ് ഫൂലെയുടെ സ്മരണ പുതുക്കിയത്.
മോദി-രാഹുല്‍ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കുനന്ത് കാണുന്നത് സന്തോഷകരമാണ് എന്ന് നിരവധി പേര്‍ എക്‌സില്‍ കുറിച്ചു.





