
മക്ക: വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം കുറിക്കാനിരിക്കെ, തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കാനും, സുരക്ഷാ നടപടികള്‍ കുറ്റമറ്റതാക്കാനും നിതാന്ത ജാഗ്രതയുമായി സൗദി ഭരണകൂടം. ഈ വര്‍ഷം നാലു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ കൂടുതലായി ഹജ് നിര്വഹിക്കാനെത്തിയിട്ടുണ്ടെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4,18,000 ലേറെ തീര്‍ഥാടകരാണ് കൂടുതലായെത്തിയത്.
ഇന്ന് രാത്രിയോടെ ഇന്ത്യന്‍ ഹജ് സംഘം മിനായിലേക്ക് തിരിക്കും. വ്യാഴാഴ്ചയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ അറഫ സംഗമം നടക്കുന്നത് .
വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്നലെ ഉച്ചവരെ 17,35,391 തീര്‍ഥാടകര്‍ എത്തി. 9,30,000 പുരുഷന്മാരും 8,04,000 വനിതകളും. 16,31,979 ഹാജിമാര്‍ വിമാന മാര്‍ഗവും 88,585 പേര് കര മാര്‍ഗവും 14,827 പേര് കപ്പല്‍ മാര്‍ഗവുമാണ് പുണ്യഭൂമിയില്‍ എത്തിയതെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ പറഞ്ഞു.
വിദേശ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള അവസാന ദിവസം ദുല്‍ഹജ് ഒമ്പതു വരെയായി ഈ വര്‍ഷം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സൗദിയില്‍ നിന്ന് ഹജ് നിര്‍വഹിക്കുന്നതിന് 1,23,415 സ്വദേശികള്‍ക്കും 10,912 വിദേശികള്‍ക്കുമാണ് അനുമതി പത്രം നല്‍കിയിട്ടുള്ളത്. ഇന്നലെ വരെ 1,340 ഖത്തരി തീര്‍ഥാടകര്‍ സല്‍വ അതിര്‍ത്തി പോസ്റ്റ് വഴി സൗദിയില്‍ പ്രവേശിച്ചു. എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള തീര്‍ഥാടകര്‍ക്കും തുല്യ പരിഗണനയാണ് നല്‍കുന്നതെന്നും ആരോടും വിവേചനം കാണിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വ്യാജ പാസ്പോര്‍ട്ടുകളിലും വിസകളിലുമായി എത്തിയ 64 തീര്‍ഥാടകരുടെ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലര്‍ മറ്റുള്ളവരുടെ പാസ്പോര്‍ട്ടുകളുമായി ആള്‍മാറാട്ടം നടത്തി എത്തിയവരും മറ്റു ചിലര്‍ സൗദിയില്‍നിന്ന് നാടുകടത്തിയ ശേഷം പേരുമാറ്റി പുതിയ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് എത്തിയവരുമാണ്. ഇത്തരക്കാരെ പിടികൂടുന്നതിന് പ്രവേശന കവാടങ്ങളില്‍ അതിനൂതന യന്ത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. 847 ഉപകരണങ്ങള്‍ ഇതിനായി പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ചിരുന്നു.
ഇത്തവണ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന ദിനങ്ങളില്‍ 45 ഡിഗ്രി വരെ ചൂട് ഉണ്ടാവുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. അതിതാപം മൂലമുണ്ടാവുന്ന അടിയന്തരസാഹചര്യങ്ങളെ നേരിടാന്‍ അധികൃതര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച ആതുര സേവന വിഭാഗവും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും വന്‍ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്
170000 തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കുക. ഇതില്‍ 45000 പേര് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലാണ് എത്തിയത്.
ഹജ് കമ്മിറ്റി വഴി 1,25,025 തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജിനായി ബുക്ക് ചെയ്തിരുന്നത്. ഇതില്‍ സാങ്കേതിക കാരണങ്ങളാല്‍ എത്താന്‍ കഴിയാതെ പോയ ഏതാനും പേരൊഴികെ അവശേഷിക്കുന്ന എല്ലാവരും പുണ്യഭൂമിയില്‍ എത്തി. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഇത്തവണ ഇന്ത്യയില്‍ നിന്നും 45,000 തീര്‍ഥാടകരും ഹജ് നിര്വഹിക്കാനെത്തിയിട്ടുണ്ട്.
ലക്ഷദ്വീപ് ,മാഹി എന്നിവടങ്ങളിലെ തീര്‍ഥാടകരുള്‍പ്പെടെ കേരളത്തില്‍നിന്ന് ഹജ് കമ്മറ്റി വഴി 11,807 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പതിനായിരത്തിലേറെ ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തിയിട്ടുണ്ട് .
ഇന്ത്യന്‍ ഹാജിമാര്‍ക്ക് സുഗമമായി ഹജ് നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇന്ത്യന്‍ ഹജ് മിഷന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് പറഞ്ഞു.
ഹാജിമാരുടെ മിന ടെന്റ്, ട്രെയിന്‍ യാത്രാ കൂപ്പണുകളുടെ വിതരണം പൂര്‍ത്തിയായി . മിനയിലേക്കുള്ള യാത്രാ നിര്‍ദേശങ്ങളും ഹാജിമാര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ ഹജ് സൗഹൃദ സംഘത്തില്‍
കേന്ദ്ര വിദശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബി.ജെ.പി വക്താവ് സയ്യിദ് സഫര്‍ ഇസ്ലാമും എത്തിയിട്ടുണ്ട് .മിനായില്‍ രാജാവൊരുക്കുന്ന സ്വീകരണത്തിലും ഇവര്‍ സംബന്ധിക്കും.
-ചെറിയാന് കിടങ്ങന്നൂര്‍ .






