
തൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ചത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലായതിനാൽ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.
തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ സുരക്ഷയെക്കരുതി അയൽവീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി അവർ പതിവുപോലെ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് സഫിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഭരണങ്ങൾ നഷ്ടപ്പെട്ടത് മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്നു.
ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.






