
ഒറ്റസിനിമ കൊണ്ട് മലയാളികളുടെ ഇഷ്ട നായികയായി മാറിയ ലിച്ചിയെന്ന രേഷ്മ അന്ന രാജന് ലാല്ജോസിന്റെ സിനിമയില് സൂപ്പര്താരത്തിന്റെ നായികയാവുന്നു.
പ്രൊഫഷന് കൊണ്ട് രേഷ്മ ഒരു മാലാഖയാണ്. ആതുരശുശ്രൂഷക. പക്ഷേ, ഇപ്പോള് രേഷ്മ അറിയപ്പെടുന്നത് മോഹന്ലാലിന്റെ നായികയായിട്ടാണ്. ലാല് ജോസും മോഹന്ലാലും ഒത്തു ചേരുന്നു എന്നതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയുണര്ത്തുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് രേഷ്മ അന്ന രാജന് നായികയാവുന്നത്.
പുതുമുഖങ്ങളിലൂടെ തരംഗം സൃഷ്ടിച്ച അങ്കമാലി ഡയറീസ് എന്ന കൊച്ചുസിനിമയിലൂടെ നടിയായി അരങ്ങേറ്റം കുറിച്ച രേഷ്മയ്ക്ക് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല. കാരണം അവസരങ്ങള് ഈ നടിക്കു പിന്നാലെയാണ്. ലിച്ചിയിലൂടെ മലയാളികള്ക്ക് പ്രിയപ്പെട്ടവളായ രേഷ്മയുടെ വിശേഷങ്ങളിലേക്ക്...
മേരി മിസ്സിന്റെ ഉത്ഭവം
വെളിപാടിന്റെ പുസ്തകത്തിലെ കഥാപാത്രത്തെക്കുറിച്ച് കൂടുതല് വെളിപ്പെടുത്താന് ബുദ്ധിമുട്ടുണ്ട്. ലാലേട്ടന്റെ നായികയായ മേരി മിസ്സ് എന്ന അദ്ധ്യാപികയുടെ വേഷമാണിതില്. വ്യത്യസ്തമായ ഒരു പ്രമേയമാണ് ലാല്ജോസ് സാര് പറയുന്നത്. മലയാള സിനിമയില് ഇങ്ങനൊരു സബ്ജക്ട് ഞാന് കണ്ടിട്ടില്ല.
സിനിമയുടെ വിഷയവും കഥയുമൊക്കെ തിരക്കഥാകൃത്ത് ബെന്നിച്ചേട്ടന് വിവരിച്ച ശേഷം എന്നോടു ചോദിച്ചു::ഇപ്പോള് അഭിനയിക്കാന് തയാറാണോ?? ഞാന് ശരിക്കും ഹാപ്പിയായിരുന്നു. ഒരു വലിയ യെസ് പറഞ്ഞെങ്കിലും കഥാപാത്രത്തെക്കുറിച്ച് നൂറു സംശയങ്ങളായിരുന്നു. ഇങ്ങനെ വരുമ്പോള് അതങ്ങനെ വരും എന്നിങ്ങനെ... എല്ലാം ബെന്നിച്ചേട്ടന് വ്യക്തമാക്കിത്തന്നു.
എങ്കിലും കഥാപാത്രം എങ്ങനെയൊക്കെ മാറിമറിയുമെന്ന് കൃത്യമായറിയില്ലായിരുന്നു. അതുകൊണ്ടായിരുന്നു സംശയങ്ങള്. ബെന്നിച്ചേട്ടന് പറഞ്ഞു: സിനിമ തുടങ്ങുമ്പോള് നിന്റെ എല്ലാ സംശയങ്ങളും മാറിക്കിട്ടും, ടെന്ഷനടിക്കേണ്ട.. സത്യം പറഞ്ഞാല് എനിക്കിപ്പോഴാണ് എല്ലാം മനസ്സിലാകുന്നത്. ആ ത്രില്ലില്ലാണ് ഓരോ സീനും ചെയ്യാന് തയാറെടുക്കുന്നത്.
ലിച്ചിയും അങ്കമാലി ഡയറീസും
അങ്കമാലി ഡയറീസില് നിന്ന് തികച്ചും വ്യത്യസ്തമാണിത്. അതില് എല്ലാവരും പുതുമുഖങ്ങള്. ഒരാഴ്ചത്തെ ട്രെയിനിങ്ങും രണ്ടു ദിവസത്തെ സ്ക്രിപ്റ്റ് വായനയുമൊക്കെ കഴിഞ്ഞാണഭിനയിച്ചു തുടങ്ങിയത്. തിരക്കഥയില് എല്ലാമുണ്ട്, മാത്രമല്ല കൂടെ അഭിനയിച്ച അപ്പാനിയുടെയും പെപ്പയുടെയും സംഭാഷണം വരെ എനിക്കറിയാം. എന്റെ സംഭാഷണങ്ങള് അവര്ക്കുമറിയാം. സ്ക്രിപ്റ്റ് മനഃപാഠമാണ്.
പക്ഷേ അതുപോലെയല്ല വെളിപാടിന്റെ പുസ്തകം. വലിയൊരു കഥയാണ്. തിരക്കഥ നേരത്തെ തന്നെ വായിക്കാന് തന്നെങ്കിലും എല്ലാ കഥാപാത്രങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. തിരക്കഥയില് എല്ലാവരുടെയും പോര്ഷനുണ്ട്, പക്ഷേ എന്റെ സംഭാഷണം മാത്രമേ ഞാന് മനഃപാഠമാക്കാറുള്ളു.
ഒപ്പമഭിനയിക്കുന്നവരെല്ലാം സീനിയര് താരങ്ങളായതു കൊണ്ട് ഒറ്റ ടേക്കിന് എല്ലാം ഒക്കെയാക്കും. എനിക്കാ ണെങ്കില് ടേക്കിന്റെ ബഹളമാണ്. അപ്പോള്പ്പിന്നെ മറ്റുള്ളവരുടെ സംഭാഷണം കൂടി നോക്കാന് പോയാലുള്ള അവസ്ഥ പറയണോ?.
ദ ത്രീ 'എല്'സ്
ലിജോ ജോസ് പെല്ലിശ്ശേരി സാറാണ് എന്നെ വെള്ളിത്തിരയിലെത്തിച്ചത്. എന്നെ സംബന്ധിച്ച് ലിജോ സാര് ഒരു അത്ഭുതമാണ്. ആദ്യമായി അഭിനയിക്കുന്നത് കൊണ്ട് എ
ന്റെ ഒരു സീനൊക്കെ എത്ര ടേക്ക് പോയെന്നു പോലുമറിയില്ല. പക്ഷേ ഓരോ പ്രാവശ്യവും സംസാരിക്കുമ്പോള് ആദ്യം പറഞ്ഞ അതേ രീതിയിലാണ് അദ്ദേഹം പറയുന്നത്.
വളരെ ശാന്തപ്രകൃതം. കൂടെ അഭിനയിച്ച പെപ്പയോടൊക്കെ സെറ്റില് വച്ച് ചൂടാകുന്നത് കണ്ടിട്ടുണ്ട്. എന്നോട് ചൂടായാല് ഉള്ളതു പോലും ചെയ്യില്ല എന്നറിയുന്നതു കൊണ്ടാകും വളരെ സോഫ്റ്റായിട്ടാണ് എല്ലാം പറഞ്ഞു തന്നത്.
സാറിന്റെ ആ സമീപനമാണ് അങ്കമാലി ഡയറീസിനെ ഇത്ര വലിയ വിജയമാക്കിയത് എന്നു തോന്നാറുണ്ട്.ലാല് ജോസ് സാറിനെ പരിചയപ്പെടുന്നതു പോലും വെളിപാടിന്റെ പുസ്തകത്തിന്റെ സമയത്താണ്. ലാല് സാറിന്റെ സിനിമയെന്ന് പറഞ്ഞാല് തന്നെ ഒരു പ്രത്യേകതയാണ്.
ഷൂട്ടിംഗില് ഓരോ സീനിലും ഏതു റിയാക്ഷന് വേണമെന്ന് ലാല് സാര് പറയും. എങ്കിലും ടെന്ഷന് കാരണം തെറ്റിപ്പോകും. അഞ്ചാറു തവണ ശരിയാകാതെ വരുമ്പോള് സാര് വഴക്കു പറയും. അതു കേള്ക്കുന്നതോടെ എല്ലാം കറക്ടാകും!
ലാലേട്ടനെക്കുറിച്ച് പ്രത്യേകിച്ച് എന്തു പറയാനാണ്. അദ്ദേഹം ഒരു വിസ്മയമല്ലേ! എല്ലാ സീനും ഒറ്റ ടേക്കില് ഒാക്കെ.
അതു കാണുമ്പോള് തന്നെ എനിക്കു ടെന്ഷനാണ്. അദ്ദേഹത്തിന് ഞാന് കാരണം ബുദ്ധിമുട്ടുണ്ടാകരുതെന്ന ചിന്തയുള്ളതു കൊണ്ട് ഒറ്റ ടേക്കില് ഒക്കെയാക്കാന് ഞാനും ശ്രമിക്കാറുണ്ട്. എപ്പോഴെങ്കിലും തെറ്റിയാല് ദൈവദൂതനെപ്പോലെ ലാലേട്ടനെത്തും.
ഞാനാദ്യം കയറി വരാം, ആ കൊച്ച് രണ്ടാമത് വരട്ടെ. അപ്പോള് ടൈമിംഗ് കറക്ടാവില്ലേ?എന്നു ചോദിച്ച് എന്റെ ടെന്ഷന് കുറയ്ക്കും. പുതുമുഖമാണെന്നു കരുതി ലാലേട്ടന് മാറ്റി നിര്ത്താറില്ല. കട്ട പിന്തുണയാണ്.
ലാലേട്ടനെ ഞാനാദ്യം നേരില് കാണുന്നത് ഈ സെറ്റിലാണ്. സ്റ്റാഫ് റൂമിലേക്ക് ലാലേട്ടന് കയറി വരുന്നതാണ് ആദ്യ സീന്. ഞാനാണെങ്കില് അദ്ദേഹത്തെ കണ്ട എക്സൈറ്റ്മെന്റിനേക്കാളേറെ ടെന്ഷനിലായിരുന്നു. ആക്ടിംഗ്മൂഡ് വന്നു കഴിയുമ്പോള് എങ്ങനെ ചെയ്യണം ഏതു റിയാക്ഷന് കൊടുക്കണം എന്നുള്ള മൈന്ഡാണെനിക്ക്.
ഒരുപാട് പേര് ഫോട്ടോയ്ക്കും മറ്റുമായി ലാലേട്ടനെ കാത്തിരിക്കുമ്പോഴാണ് അദ്ദേഹം സീനെടുക്കാന് വരുന്നത്. അദ്ദേഹമാണെങ്കില് ഒറ്റ ടേക്കില് എല്ലാം റെഡിയാക്കുമെന്ന് കേട്ടറിവുണ്ട്.

നമ്മുടെ ഭാഗത്ത് നിന്നൊരു തെറ്റ് വന്നാല് അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. ഞാന് കാരണം അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം നഷ്ടമാകരുതെന്നുള്ളതു കൊണ്ട് ഒറ്റ ടേക്കില് ഓക്കെയാക്കാന് പരമാവധി ശ്രമിച്ചു.
ലാലേട്ടന് വന്നു കഴിയുമ്പോള് തന്നെ ഒരു പോസിറ്റീവ് എനര്ജിയാണ്. നമസ്തേ പറഞ്ഞ് അദ്ദേഹം സീന് തീര്ത്തു പോയപ്പോള് മുതല് എനിക്കൊരു എനര്ജി വന്നു. എന്റെ കഥാപാത്രത്തിന്റെ റിയാക്ഷന് കൊടുക്കാന് ലാല് സാര് പറഞ്ഞപ്പോള് ഞാന് ചെയ്തു.
ഒറ്റ ടേക്കില് ഒക്കെയായി. അത്രയും കോണ്ഫിഡന്റായി എനിക്കത് ചെയ്യാന് കഴിഞ്ഞു. ലാലേട്ടന്റെ പോസിറ്റീവ് എനര്ജിയെക്കുറിച്ച് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു, എനിക്കത് നേരിട്ട് ഫീല് ചെയ്തു. ലാല്ജോസ് സാര് പറയുന്നതു പോലെ, ദൈവീകമായ ഒരു ചൈതന്യമാണ് ലാലേട്ടന്.
സിനിമ കാണുന്ന കുട്ടിക്കാലം
കെ.സി രാജന്റെയും ഷീബ രാജന്റെയും രണ്ടാമത്തെ മകളായിട്ടാണ് ഞാന് ജനിച്ചത്. ചേട്ടന് ഷോണ് രാജനും ഞാനും പണ്ടു മുതലേ ലാലേട്ടന്റെയും മമ്മൂക്കയുടെയുമൊക്കെ ആരാധകരാണ്. നഴ്സിങ്ങിന് ചേരും വരെ ധാരാളം സിനിമ കാണുമായിരുന്നു.
തിയേറ്ററില് പോകാറില്ലെങ്കിലും ടി.വിയിലെ ഒരു സിനിമ പോലും വിടില്ല. ഡാഡി കൂടുതലും ഇംഗ്ലീഷ് സിനിമകളായിരുന്നു കാണുക. അതുകൊണ്ട് ടി.വി വച്ചാല് ഞാനും ചേട്ടനും ആദ്യം തിരയുന്നത് എച്ച്.ബി.ഒ, സ്റ്റാര് മൂവീസ് ഒക്കെയാണ്. ഡാഡിക്കൊപ്പമിരിക്കുന്നതു കൊണ്ട് കണ്ട സിനിമ തന്നെ ഒരുപാട് തവണ കാണും.
ഞാനും ചേട്ടനും ഡാഡിയും ഒരുമിച്ചിരിക്കുമ്പോള് മലയാളം കാണാമെന്നു പറഞ്ഞ് ഞാനത് വയ്ക്കും. പരീക്ഷാസമയത്ത് കേബിള് കട്ട് ചെയ്യുന്ന പതിവുണ്ടായിരുന്നു വീട്ടില്. വേനലവധിക്കാലത്ത് കേബിള് കണക്ഷന് വീണ്ടുമെടുക്കാന് കുറച്ചു സമയമെടുത്തു. അന്ന് വീട്ടിലുണ്ടായിരുന്നത് മാന്നാര് മത്തായിയുടെ സി.ഡിയാണ്.
സമയം പോകാന് അത് ഒരു ദിവസം അഞ്ചോ ആറോ പ്രാവശ്യം കണ്ടിട്ടുണ്ട്. തമാശ സിനിമകള് അന്നേ ഇഷ്ടമാണ്. വെള്ളിത്തിരയിലെത്തുമെന്ന് അന്നൊന്നും ചിന്തിച്ചിട്ടേയില്ല. അതൊക്കെ വേറെ ലോകമാണെന്നാണ് വിചാരം. ഡാഡിയും മമ്മിയും ചേട്ടനും മാത്രമുള്ള ലോകത്തു ചുരുങ്ങാനായിരുന്നു എനിക്കിഷ്ടം.
കലാവേദികള് അന്യം
കുട്ടിക്കാലത്ത് മമ്മിയുടെ സാരിയൊക്കെ ച്ചുറ്റി ചില ഫാഷന് ഷോയൊക്കെ വീട്ടില് ചെയ്യുമായിരുന്നു. അന്നു വേദികളേക്കാള് താത്പര്യം സ്പോര്ട്സിനോടാണ്. ആലുവ ഗവ. സ്കൂളില് എട്ടാം ക്ലാസില് പഠിക്കുമ്പോഴാണ് അമല പോള് അവിടെത്തുന്നത്. ഞങ്ങള് വളരെ പെട്ടെന്ന് സുഹൃത്തുക്കളായി.
അമലയുടെ സുഹൃത്തുക്കളെല്ലാം ചേ ര്ന്ന് ഒരു നാടക ട്രൂപ്പുണ്ടായിരുന്നു. ഞാനും അവരുടെ നാടകം കാണാന് പോകുമായിരുന്നു. പത്താം ക്ലാസില് പഠിക്കുമ്പോള് ഞാനവരുടെ റിഹേഴ്സലിനു പോകുകയും അവരെന്നെ നാടകത്തിലേക്കെ ടുക്കുകയും ചെയ്തു. നാടകത്തില് ശവപ്പെട്ടി പൊക്കുന്നവരില് ഞാനുമുണ്ടായിരുന്നു. എന്റെ മുഖം ആരും കാണാതിരിക്കാന് ഞാനന്ന് പെട്ടി വച്ച് മുഖം മറച്ചു. വേദികളോടത്ര താത്പര്യക്കുറവായിരുന്നു.

ഡാഡിക്ക് ഇറങ്ങാനുള്ള ബുദ്ധിമുട്ട് കണ്ട് ഞാന് ഡാഡിയെ ചേട്ടനെ ഏല്പ്പിച്ച് വണ്ടി വിളിക്കാന് ഓടിയിറങ്ങി. ഡാഡിയും അല്പ്പം വേഗം നടന്നു. പക്ഷേ റോഡെത്തിയപ്പോഴേക്കും ഡാഡി കുഴഞ്ഞു വീണു. നിമിഷവേഗത്തില് കാരത്തുഴ ആശുപത്രിയിലെ എമര്ജന്സി വാര്ഡിലെത്തിച്ചെങ്കിലും ഡാഡി പോയിക്കഴിഞ്ഞിരുന്നു. എല്ലാം ഞൊടിയിടയില് അവസാനിച്ചു.
ഡാഡിയുടെ മരണം വലിയൊരു ആഘാതമായി. ചുറ്റും വല്ലാത്തൊരു ശൂന്യത. മമ്മി ഒരു വശത്തിരുന്ന് കരയുമ്പോള് ചേട്ടന് മറുവശത്തിരുന്ന് കരയും. ഞാന് നിസ്സംഗതയോടെ ഇതെല്ലാം നോക്കി നില്ക്കും.
സാമ്പത്തികം ഞങ്ങളുടെ മുന്നില് ചോദ്യചിഹ്നമായി. അങ്ങനെ ഏഴു ദിവസം കഴിഞ്ഞപ്പോള് ഞാനും ചേട്ടനും ജോലിക്കായിറങ്ങിത്തിരിച്ചു. ഡാഡിയില്ലാത്ത ഏഴാം പക്കം ബാഗുമെടുത്ത് ഞാനുമിറങ്ങി. ഡാഡിയെ കൊണ്ടുപോയ അതേ ആശുപത്രിയിലെ എമര്ജന്സി വാര്ഡിലാണ് ജോയിന് ചെയ്തത്. ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിങ്ങലായിരുന്നു ആ ദിവസം.
ഡാഡിയുടെ ആഗ്രഹം പോലെ നഴ്സാകണം, വിദേശത്ത് പോകണം, എല്ലാവരുടെയും അനുഗ്രഹം വാങ്ങി ജോലിക്ക് പോകണം, കിട്ടുന്ന ആദ്യ ശമ്പളം ഡാഡിക്ക് കൊടുക്കണം എന്നിങ്ങനെ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നുമില്ലാതെ ശൂന്യതയില് നിന്നാണ് ഞാനന്ന് ആദ്യമായി ജോലിക്കിറങ്ങിയത്. ആശുപത്രിയില് ചെന്ന് ഒന്നും ചെയ്യാതെ അവിടെയിരുന്നപ്പോള് വീടിനടുത്തുള്ള നഴ്സ്ചേച്ചി വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി, എല്ലാം പറഞ്ഞു തന്നു.
മാലാഖക്കുപ്പായത്തിലേക്ക്...
നഴ്സിങ് സത്യത്തില് ഒരു വരദാനമാണ്. ഈശ്വരാനുഗ്രഹം കിട്ടിയ തൊഴില്. ട്രെയിനിങ്ങിലൂടെയാണ് ഞാന് ജോലിയുടെ പവിത്രത തിരിച്ചറിഞ്ഞത്. നമ്മുടെയുള്ളില് സങ്കടമുണ്ടെങ്കിലും എ സ്മൈല് ക്യാന് ചെയ്ഞ്ച് ദ ഹോള് വേള്ഡ്് എന്ന സത്യം ആ കുപ്പായത്തില് കൂടി തിരിച്ചറിഞ്ഞു.
മാലാഖയെന്ന വിളിപ്പേരു മാത്രമാണ് സത്യത്തില് അതിനുള്ളത്. ആര്ക്കും ആ പരിഗണനയില്ല. തുച്ഛ വേതനത്തില് കഷ്ടപ്പാടിലാണ് നഴ്സുമാരുടെ ജീവിതം. അര്ഹിക്കുന്ന ശമ്പളം ചോദിച്ചാലത് അഹങ്കാരമാകും. നഴ്സിങ് സംഘടനകളുടെ സമരത്തില് എന്റെ പൂര്ണ്ണ പിന്തുണയുണ്ട്.
കാരണം പലരും ലോണെടുത്ത് പഠിച്ച് എത്തിയവരാണ്. ഗര്ഭിണികളായ നഴ്സുമാര് ഒന്പത് മാസം വരെ ജോലി ചെയ്ത് പ്രസവസമയത്തു മാത്രം അവധിയെടുക്കേണ്ടി വരും. ഇങ്ങനെ കഷ്ടപ്പെട്ടിട്ട് ജീവിക്കാനുള്ള ശമ്പളം കിട്ടുകയുമില്ല. ചെയ്യുന്ന ജോലിക്ക് അര്ഹിക്കുന്ന വേതനം അവര്ക്ക് നല്കണം.
വെള്ളിത്തിരയിലെത്തിയത്
രാജഗിരിയില് പഠിക്കുമ്പോള് കോളജിന്റെ പരസ്യ ഹോര്ഡിംഗില് എന്റെ ചിത്രമായിരുന്നു. അതു കണ്ടാണ് അങ്കമാലി ഡയറീസിലേക്ക് വിളിക്കുന്നത്. രാജഗിരിയിലാണെന്നറിയാമെങ്കിലും വിജയ് ബാബു സാര് അടക്കം പലരും എന്റെ മുഖമന്വേഷിച്ച് പല രാജഗിരിയിലൂടെയും ഒരുപാട് അലഞ്ഞു. അവസാനമാണ് എന്നെ കണ്ടെത്തിയത്.
അന്ന് ഞാന് വിദേശത്തേക്ക് പോകാനുള്ള ആലോചനയിലായിരുന്നു. കുടുംബത്തിലുള്ള പലര്ക്കും സിനിമയോട് താത്പര്യമില്ലായിരുന്നു. പക്ഷേ ഞാനത് കാര്യമാക്കിയില്ല. ലൊക്കേഷനിലെത്തുമ്പോള് സ് റ്റാര്ട്ട്, ആക്ഷന്, കട്ട് എന്നീ വാക്കുകള് മാത്രമായിരുന്നു എന്റെ ചെവിയില്. ആരുമത് പറയുന്നത് കേട്ടില്ലെങ്കിലും കഥാപാത്രമായി പെട്ടെന്ന് മാറാന് എനിക്കു കഴിഞ്ഞു. രേഷ്മ രാജനില് നിന്ന് ലിച്ചിയാകുന്നതങ്ങനെയാണ്.







Comments