
മുംബൈ: കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി. ശക്തമായി തുടരുന്ന മഴയില്‍ നഗരത്തിലെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. നഗരമേഖലകളില്‍ പോലും വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 2005 ജൂലൈയ്ക്ക് ശേഷമുണ്ടായ ഏറ്റവും കനത്ത മഴയാണ് മുംബൈയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വെളിപ്പെടുത്തി.
നഗരത്തില്‍ ദുരന്ത നിവാരണ സേന രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മുതല്‍ കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റും വീശുന്നുണ്ട്. നഗരത്തിലെ ആശുപത്രികളടക്കം ഒട്ടുമിക്ക കെട്ടിടങ്ങളിലും വെള്ളം കയറി. അത്യാവശ്യമെങ്കില്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍ മുംബൈ പോലീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നു. അതിനാല്‍ യാത്രകള്‍ അടക്കം മാറ്റി വയ്ക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്ര ഒഴിവാക്കാന്‍ സാധിക്കാത്തവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുംബൈ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിവിധ ഫ്ളൈറ്റുകള്‍ വൈകി. 20 മിനിറ്റ് വരെ വിമാനങ്ങള്‍ വൈകിയതായി മുംബൈ വിമാനത്താവള വക്താവ് വീണ ചിപ്ലുങ്കര്‍ പറഞ്ഞു.






