
ന്യുഡല്‍ഹി: ആഡംബര കാറുകളുടെയും എസ്.യു.വികളുടെയും സെസ് ഉയര്‍ത്തുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്കി. സെസ് 15ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. ജൂലായ് ഒന്നിന് ജിഎസ്ടി നിലവില്‍ വന്നതോടെ ഇവയുടെ വില കുറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് എസ്യുവി, ആഡംബര കാറുകളുടെ സെസ് ഉയര്‍ത്തുന്നതിന് ഓഗസ്റ്റ് അഞ്ചിന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
സെസ് നിരക്ക് ഉയര്‍ത്തുന്നത് ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) അനുഛേദം എട്ടില്‍ ഭേദഗതി അനിവാര്യമായി വരും. ജിഎസ്ടിക്കു മുന്‍പ് വാഹനങ്ങളുടെ നികുതി ഏറ്റവും ഉയര്‍ന്നത് 52-54.72 ശതമനം വരെയായിരുന്നു. ഇതുകൂടാതെ 2.5 ശതമാനം സെന്‍ട്രല്‍ സെയില്‍സ് ടാക്സും വന്നിരുന്നു. ജി.എസ്.ടിക്കു ശേഷം മൊത്തം നികുതി 43% ആയി താഴ്ന്നിരുന്നു. ജിഎസ്ടിക്കു മുന്‍പുള്ളത് വിലയിരുത്തി സംസ്ഥാന വിഹിതം 25% സെസ് നിരക്ക് ആക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
ജി.എസ്.ടി വന്നതോടെ എസ്യുവികളുടെ വിലയില്‍ 1-1.3 ലക്ഷം വരെ കുറവ് വന്നിരുന്നു. എക്സൈസ് ഡ്യൂട്ടി, സര്‍വീസ് ടാക്സ്, വാറ്റ് തുടങ്ങി ഒരു ഡസനോളം കേന്ദ്ര, സംസ്ഥാന നികുതികളും ജിഎസ്ടിയുടെ വരവോടെ വെട്ടിക്കുറയ്ക്കപ്പെട്ടിരുന്നു. സെസ് വരുന്നതോടെ അവ മടങ്ങിയെത്തിയേക്കും.






