
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്തുമായി അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് രംഗത്ത്. എഫ്-16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ് ഇന്ത്യയില്‍ ആരംഭിച്ചാല്‍ വിമാനങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യാല്‍ ഒരുക്കമാണെന്നാണ് അമേരിക്കന്‍ യുദ്ധവിമാന നിര്‍മാതാക്കളുടെ വാഗ്ദാനം.
ഒറ്റ എന്‍ജിനുള്ള 100 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള പ്ലാന്റ് ഇന്ത്യയില്‍ ആരംഭിക്കാന്‍ അമേരിക്കന്‍ കമ്പനിക്കു പുറമെ സ്വീഡല്‍ വിമാനകമ്പനിയായ സാബും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എഫ്-16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് വഴി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ലോക്ക്ഹീഡ് വക്താവ് അറിയിച്ചു.
ടെക്സസ്, ഫോര്‍ട്ട്വര്‍ത്ത് എന്നിവിടങ്ങളിലാണ് നിലവില്‍ ലോക്ക്ഹീഡിന് പ്ലാന്റുകള്‍ ഉള്ളത്. ഇത് കലിഫോര്‍ണിയയിലെ ഗ്രീന്വില്ലയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഗ്രീന്വില്ലയ്ക്ക് പുറത്തേക്ക് നിര്‍മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്ക് നല്‍കിയിട്ടുള്ള വാഗ്ദാനം.






