
മോഹനം ഒരു രാഗമാണ്. മലയാളികള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന, എത്രകേട്ടാലും മതിവരാത്ത കര്‍ണാടക സംഗീതരാഗം. അതു പോലെ എത്രയാവര്‍ത്തിച്ചാലും മലയാളിക്കു മടുക്കാത്ത ചില ബലഹീനതകളുണ്ട്, യേശുദാസിനെയും മോഹന്‍ലാലിനെയും പോലെ. ഒരാളുടെ ആലാപനവും രണ്ടാമന്റെ അഭിനയവും തലമുറകള്‍ക്കിപ്പുറവും പുതുമ നശിക്കാതെയങ്ങനെ...
പക്ഷേ ഇവരിരുവരും വലിയ ഭീഷണി തന്നെയാണ്, സിനിമാക്കാര്‍ക്കും പത്രക്കാര്‍ക്കും. ഇത്രയധികം ഗാനങ്ങളാലപിച്ച മലയാളത്തിന്റെ ദാസേട്ടനു പറ്റിയ പാട്ട് കണ്ടെത്തുക, തുറന്ന പുസ്തകം പോലുള്ള അദ്ദേഹത്തോട് ഇനിയൊരഭിമുഖത്തില്‍ എന്താണു ചോദിക്കുക എന്നതെല്ലാം വെല്ലുവിളികളാണ്.
മലയാളിയുടെ ലാലേട്ടന്റെ കാര്യത്തിലും ഇതു വാസ്തവം. മലയാള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുള്ളത് മോഹന്‍ലാലിനെപ്പറ്റിയാണ്. അദ്ദേഹത്തിനും വായനക്കാര്‍ക്കും ആവര്‍ത്തനമെന്നു തോന്നിക്കാത്ത എന്തു ചോദിക്കുമെന്നതാണ് വെല്ലുവിളി.
അദ്ദേഹത്തിനിണങ്ങുന്ന വേഷം കണ്ടെത്താനുള്ള സംവിധായകരുടെ വെല്ലുവിളിയോളം ഗൗരവമുണ്ടതിന്. ഏതു ചോദ്യത്തോടും സഹജ ലാളിത്യത്തോടെ, സുജനമര്യാദയോടെ പ്രതികരിക്കുന്ന, ആഴത്തില്‍ മനസുതുറക്കുന്ന പ്രകൃതം, അതാണ് മോഹന്‍ലാലിന്റെ സവിശേഷത.
അഭിനയജീവിതത്തിന്റെ റൂബി ജൂബിലി യിലേക്കു കടക്കുമ്പോള്‍ പത്മശ്രീ മോഹന്‍ലാലിനെ കന്യക ആഘോഷിക്കുകയാണ്, ആദരിക്കുകയാണ്, ഒരു ദീര്‍ഘാഭിമുഖ പരമ്പരയിലൂടെ.
വ്യക്തി
പേരില്‍ തുടങ്ങാം. രാഷ്ട്രപിതാവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഒട്ടും കേരളീയമല്ലാത്ത പേരാണ് താങ്കളുടേ ത്. ഈ പേര് വ്യക്തി/തിര ജീവിതങ്ങളില്‍ സ്വാധീനിച്ചത്...?
നെഗറ്റീവായിട്ടൊന്നും ബാധിച്ചിട്ടി ല്ല. നിങ്ങള്‍ പറഞ്ഞതുപോലെ, മോഹന്‍ലാല്‍ എന്നത് അന്ന് അത്യപൂര്‍വമായ പേരായിരുന്നു. അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്.
എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരീലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ കണ്ടെത്തിയതാണ്. അതൊരുപക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരു ന്നു.
വല്യപ്പൂപ്പന്‍ അങ്ങനൊരു പേരിടുമ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാന്‍ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവര്‍ സമ്മതിച്ചു എന്നുള്ളതാണ് വ ലിയ കാര്യം.
സ്‌കൂളിലും കോളജിലുമൊന്നും പേരു കൊണ്ട് എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ചു പേരെ ആ പേരില്‍ എന്നെ വിളിക്കൂ. അടുപ്പമുള്ളവര്‍ എന്നെ ലാലു എന്നാണു വിളിച്ചിരുന്നത്.
പിന്നീട് ലാലേട്ടാ എന്നായപ്പോള്‍... ആ വിളിയുടെ ഒരു ഈ ണം, താളം...ഒക്കെയുണ്ടല്ലോ..ദാസേട്ടാ...എന്നു യേശുദാസിനെ വിളിക്കുന്നതു
പോലെ..
എന്റെ പേരു വേറെ എന്തെങ്കിലുമായിരുന്നെങ്കില്‍ ചിലപ്പോളൊരുപക്ഷേ ആ വിളിപ്പേരു പോലുമുണ്ടാവില്ലായിരുന്നു. അപ്പോള്‍ വളരെയധികം ആ പേര് എന്നെ സഹായിച്ചിട്ടുണ്ട് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
ദേശ-ഭാഷാ അതിരുകള്‍ക്കപ്പുറമൊരു സ്വീകാര്യതയ്ക്ക് ഈ പേര് നിമിത്തമായിട്ടില്ലേ?
സിനിമയില്‍ വന്നപ്പോഴും മോഹന്‍ലാല്‍ എന്ന പേര് മാറ്റണമെന്നോ മറ്റോ ആരും പറഞ്ഞില്ല. വളരെ അപൂര്‍വമാള്‍ക്കാര്‍ മാത്രമേ എന്നെ മോഹന്‍ എന്നു വിളിക്കാറു ള്ളൂ.
ലാലേ ലാലേല എന്നു വിളിച്ചു വിളിച്ച് അതങ്ങു പതിഞ്ഞു. എളുപ്പം വിളിക്കാവുന്ന പേരാണല്ലോ അത്.
നോര്‍ത്തിലൊക്കെയാണെങ്കിലും,മലയാളിയാണോ, തമിഴനാണോ, തെലുങ്കനാണോ, ഉത്തരേന്ത്യനാ ണോ എന്നൊന്നും തിരിച്ചറിയാനാവാത്ത ഐഡന്റിറ്റി അതിനുണ്ടായി. പറഞ്ഞു പറഞ്ഞു പിന്നതങ്ങു പതിയുകയും ചെയ്തു.
എന്റെ ചേട്ടന്റെ പേര് പ്യാരീലാല്‍ എന്നാണ്. മലയാളി അധികം കേട്ടിട്ടില്ലാത്ത പേരാണ്. ലക്ഷ്മീകാന്ത് പ്യാരേലാല്‍ മാരില്ലേ? അവരില്‍ നിന്നാവാം ചേട്ടനാ പേര് കിട്ടിയത്.
എനിക്കിപ്പോഴും അതൊരു വലിയ മിസ്റ്ററിയാണ്. ഒരു കുട്ടിക്കു പേരിടുക അത്ര പ്രധാനപ്പെട്ട കാര്യമാണല്ലോ? പത്തനം തിട്ടയിലെ ഓമല്ലൂരിനടുത്തു ഇലന്തൂര്‍ പുന്നയ്ക്കലില്‍ നിന്നൊരാള്‍ക്ക് ഇങ്ങനൊരു പേരിടുക. എന്തോ ഒരു പ്രത്യേകതയായിരിക്കും.
പേര് ജീവിതത്തില്‍ ഒരു പ്രശ്‌നമാവുമ്പോഴാണല്ലോ നാം അതേപ്പറ്റി ചിന്തിക്കുന്നത്. എന്നെ സംബന്ധിച്ച് ഉള്ള പേര് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഈ പേര് എന്നെ വളരെ സഹായിച്ചു.(ചിരി)
ഭാര്യയെ ഏതു വേഷത്തില്‍ കാണാനാണ് ആഗ്രഹം? ഒരിക്കലെങ്കിലും സുചിത്രയ്ക്ക് ഇഷ്ടമുള്ള വസ്ത്രം വാങ്ങി സമ്മാനിച്ചിട്ടുണ്ടോ? ഭക്ഷണമുണ്ടാക്കി വിളമ്പി യിട്ടുണ്ടോ?
ലേശം തടിച്ച പ്രകൃതം കാരണം അധികം സാരിയുടുക്കാറില്ല സുചി. സാരിയുടുക്കേണ്ടിവരുമ്പോള്‍ ടെന്‍ഷനുമാണ്, ശരിയായോ അഴിഞ്ഞെങ്ങാനും പോകുമോ എന്നൊക്കെയോര്‍ത്ത്. മാത്രമല്ല, സാരിയുടുക്കുക എന്നു പറയുന്നതു തന്നെ ഒരു കലയാണ്.
ആകര്‍ഷകമായി സാരിയുടുക്കുക വളരെ പ്രയാസമാണ്. നല്ല ഭംഗിക്ക്, ഷെയ്‌പ്പൊപ്പിച്ച് ഉടുക്കുക...അതിലൊരു സൗന്ദര്യമുണ്ട്. സാരിയുടുക്കാനൊക്കെ ഞാന്‍ സുചിയെ സഹായിക്കാറുണ്ട്, പ്‌ളീറ്റ് പിടിച്ചു കൊടുക്കാറുണ്ട്. എന്നാല്‍ സുചി സാധാരണയായുപയോഗിക്കുക ചുരിദാറാണ്.
ഞാന്‍ വാങ്ങിക്കൊടുക്കുന്നതിനേക്കാളധികം സുചി എനിക്കുവേണ്ടിയാണു തുണി വാങ്ങാറുള്ളത്. എനിക്ക് ഷര്‍ട്ടുകള്‍ വലിയ ഇഷ്ടമാണ്. എപ്പോഴും ഈ ഷൂട്ടിങിനാവശ്യമുള്ള സെറ്റ് വസ്ത്രങ്ങളിട്ടിട്ട് നല്ലൊരു ഷര്‍ട്ടു കണ്ടാല്‍ വാങ്ങാന്‍ എനിക്കാഗ്രഹമാണ്. മാത്രമല്ല, നമ്മുടെയൊക്കെ ചെറുപ്പത്തില്‍ ഒരു ഷര്‍ട്ട് കിട്ടുകയെന്നൊക്കെ പറയുന്നത് വലിയ കാര്യമായിരുന്നു.
ആണ്ടിനും സംക്രാന്തിക്കുമാണ് പുതിയൊരു ഷര്‍ട്ടോ പാന്റ്‌സോ മറ്റോ കിട്ടുക. അതും റെഡിമെയ്‌ഡൊന്നുമല്ല. തുണിയെടുത്ത് തയ്ക്കാന്‍ കൊടുത്ത്...ടെയ്‌ലര്‍ കനിഞ്ഞ് തയ്ച്ചു കിട്ടുന്നതും കാത്ത്.... അതുകൊണ്ടുതന്നെ സ്വന്തമായി ഏറ്റവുമധികം വാങ്ങുന്നതും നല്ല ഷര്‍ട്ടുകളാവും.
സുചിക്കാണെങ്കില്‍ നല്ല കളര്‍ സെന്‍സും ഡ്രസ് സെന്‍സുമാണ്. നല്ല സെലക്ഷനാണ്. എനിക്കാവട്ടെ സ്ഥിരമായി ഈ ഷൂട്ടിങ് വസ്ത്രമിട്ട് അങ്ങനെ വലിയ ഫാഷന്‍ സെന്‍സൊന്നുമൊട്ടില്ല താനും. ഞങ്ങളൊന്നിച്ച് ഷോപ്പിങിനു പോകാറുണ്ട്. ഞാനും ചേര്‍ന്ന് സുചിക്കുവേണ്ടിയും ഡ്രസ് തെരഞ്ഞെടുക്കാറുണ്ട്.
ഭക്ഷണകാര്യത്തില്‍ അങ്ങനെയല്ല. തീര്‍ച്ചയായും ഞാന്‍ നല്ലൊരു കുക്കാണ്. സുചിയുമതേ. ഞാനുള്ളപ്പോഴൊക്കെ അടുക്കളയില്‍ കയറാറുണ്ട്. ഞങ്ങളൊന്നിച്ചും പാചകം ചെയ്യാറുണ്ട്. ഞാന്‍ തായ് ഫുഡും ജാപ്പനീസ് ഫുഡും ഇറ്റാലിയന്‍ ഫുഡുമൊക്കെ ഉണ്ടാക്കാറുണ്ട്.
പിന്നെ എനിക്കു മാത്രമുണ്ടാക്കാനാവുന്ന ചില റസീപ്പികളും. (ചിരി) ഒരിക്കലും ആവര്‍ത്തിക്കാനാവാത്ത, പിന്നീടൊരിക്കലുമുണ്ടാക്കാനാവാത്ത ചില വിഭവങ്ങള്‍. അവയൊക്കെ വച്ചു വിളമ്പിക്കൊടുക്കാറുണ്ട് ഭാര്യയ്ക്കും മക്കള്‍ക്കും.
ഭാര്യയുമായി കലഹിക്കാറുണ്ടോ?
എന്റെ തിരക്കുകള്‍ നന്നായിട്ടറിയാവുന്നയാളാണു സുചി. അധികവും പിരിഞ്ഞു നില്‍ക്കുന്നതുകൊണ്ടു തന്നെ തമ്മില്‍ കാണുന്ന കുറച്ചു സമയം പ്രണയത്തിലാവുകയാണ് പതിവ്!
പരസ്പരം മാനിക്കുകയും പ്രൊഫഷനിലിടപെടാതെയുമുള്ളൊരു ബന്ധമാണ് ഞങ്ങളുടേത്. അന്യോന്യം കുറ്റപ്പെടുത്താറില്ല. അതുകൊണ്ടുതന്നെ അധികം പ്രശ്‌നങ്ങളില്ല. സുചിയോട് ഞാന്‍ കള്ളം പറയാറില്ല. അതുകൊണ്ടു തന്നെ കലാപങ്ങളുമില്ല.
ഇന്നിന്നയിടത്തു പോയി അല്ലേ??എന്നു ചോദിച്ചാല്‍ പോയി.. എന്നേ ഞാന്‍ പറയൂ. കാരണം ഞാന്‍ കള്ളം പറഞ്ഞാ ല്‍ സുചിക്കതു കണ്ടുപിടിക്കാനാവും. ഗോസിപ്പുകളുള്ള ലോകമാണല്ലോ സിനിമ. അവര്‍ക്കറിയാം. അതുപോലെ തൊഴിലിലും ഞാന്‍ കള്ളം കാണിക്കാറില്ല.
എന്റെ ഇഷ്ടങ്ങളെ എതിര്‍ക്കാറില്ല സുചി. സുചിയുടെ ഇഷ്ടങ്ങളെ ഞാനും. ഇപ്പോള്‍ ഞാന്‍ വലിയ വില കൊടുത്ത് ഒരു ആര്‍ട്ടിഫാക്ട് വാങ്ങിക്കൊണ്ടുവന്നാല്‍, എന്തിനാ ആവശ്യമില്ലാതെ ഇത്രയും പണം ചെലവാക്കി ഇങ്ങനൊന്നു വാങ്ങിയത്??എന്നവര്‍ ചോദിക്കില്ല.
കാരണം അതെന്റെ ഇഷ്ടമാണെന്നു സുചിക്കറിയാം. അവര്‍ക്ക് അവരുടെ ഇഷ്ടങ്ങളുണ്ടെന്ന് എനിക്കുമറിയാം. അതില്‍ പരസ്പരം ഇടപെടാറില്ല, മാനിക്കാറേയുള്ളൂ. വളരെ ഡിപ്ലോമാറ്റിക്ക് എന്നു തന്നെ പറയാവുന്ന വിധത്തിലാണ് സുചി എന്നെ കൈകാര്യം ചെയ്യുക.
സിനിമ
മോഹന്‍ലാല്‍ ആദ്യം കണ്ട സിനിമയേതാണ്?
എനിക്കോര്‍മ്മയില്ല. അങ്ങനെ കൃത്യമായി പറയാനെനിക്കറിയില്ല. സ്വതവേ പോയകാര്യങ്ങള്‍ അങ്ങനെ കൃത്യമായി ഓര്‍ത്തുവയ്ക്കുന്നൊരാളല്ല ഞാന്‍.
അച്ഛനുമമ്മയുമൊക്കെ അന്നു ധാരാളം സിനിമകാണാന്‍ പോകുമായിരുന്നു. അവരുടെ കൂട്ടത്തില്‍ ഞങ്ങളും.
അതുകൊണ്ട് ആദ്യം കണ്ട സിനിമയേതെന്ന് ഓര്‍ത്തുപറയാന്‍ വിഷമമാണ്. അമ്മയോടും ഞാനിതു ചോദിച്ചിട്ടുണ്ട്, എന്നെയും കൊണ്ടു പോയി കണ്ട ആദ്യ സിനിമയേതെന്ന്. അവര്‍ക്കും അതത്ര കൃത്യമായി ഓര്‍മ്മയില്ല.
സിനിമയുടെ വ്യവസ്ഥാപിത രീതിക്കനുസരിച്ചുള്ള ഒരു രൂപമേയായിരുന്നില്ല താങ്കളുടേത്. സ്വന്തം രൂപത്തില്‍ അപകര്‍ഷം തോന്നിയിട്ടുണ്ടോ? കണ്ണാടിയില്‍ കാണു മ്പോള്‍ എന്താണു മനസില്‍? ഈ രൂപം വച്ച് ചെയ്യേണ്ടി യിരുന്നില്ലെന്നു തോന്നിയ ഏതെങ്കിലുമൊരു വേഷം?
അന്നും ഇന്നും എന്റെ രൂപം അങ്ങനെയായിരുന്നില്ല (ചിരി). സത്യത്തില്‍ നമ്മളതേപ്പറ്റിയൊന്നും ബോതേഡായിരുന്നില്ല. കാരണം ഭയങ്കരമായി ആഗ്രഹിച്ച്, ബോധപൂര്‍വമായി പരിശ്രമിച്ച് ബോഡിയൊക്കെ ഫിറ്റാക്കി ഇതിനു വേണ്ടി ഒരുപാടു തയാറെടുപ്പുകളൊക്കെ നടത്തി...അങ്ങനെ സിനിമയില്‍ വന്ന ഒരാളല്ല ഞാന്‍. അറിയാതെ സിനിമയില്‍ വന്നൊരാളാണ് ഞാന്‍.
അതുകഴിഞ്ഞിട്ട് അതങ്ങനൊരൊഴിക്കലങ്ങു പോവുകയായിരുന്നു. അതിനിടെ ഒരുപാടു കഥാപാത്രങ്ങള്‍. ഒരുപക്ഷേ ഞാന്‍ ചെയ്ത കഥാപാത്രങ്ങളൊ ന്നും അത്ര വലിയ രൂപസൗന്ദര്യമോ ശരീരസൗന്ദര്യമോ ആവശ്യപ്പെടുന്നവയായിരുന്നിരിക്കില്ല. സിനിമയില്‍ വളരെ കുറച്ചുപേരൊഴികെ ഫിസിക്കിനെപ്പറ്റിയൊന്നും വലിയ കോണ്‍ഷ്യസായിരുന്നില്ല.
ജയനെ പോലെ ഒന്നോ രണ്ടോ പേരൊഴികെ, നസീര്‍ സാര്‍ പോലും ലൈറ്റും കാര്യങ്ങളുമൊക്കെ നോക്കുമായിരുന്നു എന്നല്ലാതെ... സുകുമാരേട്ടനായിരുന്നാലും, സോമേട്ടനായാലും, രവികുമാര്‍, ജോസ്...അവരൊക്കെ പെര്‍ഫോര്‍മെന്‍സ് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.
നമുക്കൊക്കെ കിട്ടിയ കഥാപാത്രങ്ങളാണ് നമ്മളെ അതിനു സഹായിച്ചത്. അല്ലാതെ ബാഹ്യസൗന്ദര്യത്തിന് ശരീരത്തിനു പ്രാധാന്യമുള്ള സിനിമയൊന്നും അങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല.
ഒരുപക്ഷേ ഞാനിനിയിപ്പോള്‍ ചെയ്യാന്‍ പോകുന്ന സിനിമ, എം.ടിയുടെ രണ്ടാമൂഴം, അങ്ങനത്തെ സിനിമയായിരിക്കും. ശരിക്കും എം.ടി.യുടെ ഭീമന്‍ വയറൊക്കെയുള്ള ഒരാളാണ്. വൃകോദരന്‍ എന്നു വിളിപ്പേരുള്ളയാള്‍. ഭയങ്കരമായി ഭക്ഷണം കഴിക്കുന്നയാള്‍. അങ്ങനൊരു കഥാപാത്രത്തിനു വേണ്ടി കുറേ തയാറെടുപ്പുകള്‍ വേണം.
ഒരുപാടു ശാരീരികമാറ്റങ്ങള്‍ ആവശ്യപ്പെടുന്ന വേഷമാണ്. വലിയ ഷോള്‍ഡറുള്ള ആളായിരിക്കണം, കാരണം ഗദായുദ്ധത്തില്‍ ഭയങ്കരമായ പ്രാവീണ്യമുള്ളയാളാണ്. രഥം തെളിക്കുന്നതില്‍ മന്നനാണ്. അപ്പോള്‍ അതൊക്കെ പഠിക്കാനായിട്ടും, ആ ശരീരസവിശേഷതകള്‍ ആര്‍ജിക്കാനുമായിട്ട് കുറേനാള്‍ മാറിനിന്നിട്ട് ചില തയാറെടുപ്പുകള്‍ ചെയ്യുകയാണ്.
തീര്‍ച്ചയായിട്ടും ശരീരപ്രകൃതി കുറഞ്ഞിരിക്കുന്നതാണ് ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഈ 40 വര്‍ഷത്തിനിടയ്ക്ക് ഫിസിക്ക് എനിക്കൊരു പ്രശ്‌നമായിട്ടില്ല.