
മോഹനം ഒരു രാഗമാണ്. മലയാളികള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന, എത്രകേട്ടാലും മതിവരാത്ത കര്‍ണാടക സംഗീതരാഗം. അതു പോലെ എത്രയാവര്‍ത്തിച്ചാലും മലയാളിക്കു മടുക്കാത്ത ചില ബലഹീനതകളുണ്ട്, യേശുദാസിനെയും മോഹന്‍ലാലിനെയും പോലെ. ഒരാളുടെ ആലാപനവും രണ്ടാമന്റെ അഭിനയവും തലമുറകള്‍ക്കിപ്പുറവും പുതുമ നശിക്കാതെയങ്ങനെ...
പക്ഷേ ഇവരിരുവരും വലിയ ഭീഷണി തന്നെയാണ്, സിനിമാക്കാര്‍ക്കും പത്രക്കാര്‍ക്കും. ഇത്രയധികം ഗാനങ്ങളാലപിച്ച മലയാളത്തിന്റെ ദാസേട്ടനു പറ്റിയ പാട്ട് കണ്ടെത്തുക, തുറന്ന പുസ്തകം പോലുള്ള അദ്ദേഹത്തോട് ഇനിയൊരഭിമുഖത്തില്‍ എന്താണു ചോദിക്കുക എന്നതെല്ലാം വെല്ലുവിളികളാണ്.
മലയാളിയുടെ ലാലേട്ടന്റെ കാര്യത്തിലും ഇതു വാസ്തവം. മലയാള താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുള്ളത് മോഹന്‍ലാലിനെപ്പറ്റിയാണ്. അദ്ദേഹത്തിനും വായനക്കാര്‍ക്കും ആവര്‍ത്തനമെന്നു തോന്നിക്കാത്ത എന്തു ചോദിക്കുമെന്നതാണ് വെല്ലുവിളി.
അദ്ദേഹത്തിനിണങ്ങുന്ന വേഷം കണ്ടെത്താനുള്ള സംവിധായകരുടെ വെല്ലുവിളിയോളം ഗൗരവമുണ്ടതിന്. ഏതു ചോദ്യത്തോടും സഹജ ലാളിത്യത്തോടെ, സുജനമര്യാദയോടെ പ്രതികരിക്കുന്ന, ആഴത്തില്‍ മനസുതുറക്കുന്ന പ്രകൃതം, അതാണ് മോഹന്‍ലാലിന്റെ സവിശേഷത.
അഭിനയജീവിതത്തിന്റെ റൂബി ജൂബിലി യിലേക്കു കടക്കുമ്പോള്‍ പത്മശ്രീ മോഹന്‍ലാലിനെ കന്യക ആഘോഷിക്കുകയാണ്, ആദരിക്കുകയാണ്, ഒരു ദീര്‍ഘാഭിമുഖ പരമ്പരയിലൂടെ.
വ്യക്തി
പേരില്‍ തുടങ്ങാം. രാഷ്ട്രപിതാവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഒട്ടും കേരളീയമല്ലാത്ത പേരാണ് താങ്കളുടേ ത്. ഈ പേര് വ്യക്തി/തിര ജീവിതങ്ങളില്‍ സ്വാധീനിച്ചത്...?
നെഗറ്റീവായിട്ടൊന്നും ബാധിച്ചിട്ടി ല്ല. നിങ്ങള്‍ പറഞ്ഞതുപോലെ, മോഹന്‍ലാല്‍ എന്നത് അന്ന് അത്യപൂര്‍വമായ പേരായിരുന്നു. അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്.
എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരീലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ കണ്ടെത്തിയതാണ്. അതൊരുപക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരു ന്നു.
വല്യപ്പൂപ്പന്‍ അങ്ങനൊരു പേരിടുമ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാന്‍ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവര്‍ സമ്മതിച്ചു എന്നുള്ളതാണ് വ ലിയ കാര്യം.
സ്‌കൂളിലും കോളജിലുമൊന്നും പേരു കൊണ്ട് എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ചു പേരെ ആ പേരില്‍ എന്നെ വിളിക്കൂ. അടുപ്പമുള്ളവര്‍ എന്നെ ലാലു എന്നാണു വിളിച്ചിരുന്നത്.
പിന്നീട് ലാലേട്ടാ എന്നായപ്പോള്‍... ആ വിളിയുടെ ഒരു ഈ ണം, താളം...ഒക്കെയുണ്ടല്ലോ..ദാസേട്ടാ...എന്നു യേശുദാസിനെ വിളിക്കുന്നതു
പോലെ..
എന്റെ പേരു വേറെ എന്തെങ്കിലുമായിരുന്നെങ്കില്‍ ചിലപ്പോളൊരുപക്ഷേ ആ വിളിപ്പേരു പോലുമുണ്ടാവില്ലായിരുന്നു. അപ്പോള്‍ വളരെയധികം ആ പേര് എന്നെ സഹായിച്ചിട്ടുണ്ട് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
ദേശ-ഭാഷാ അതിരുകള്‍ക്കപ്പുറമൊരു സ്വീകാര്യതയ്ക്ക് ഈ പേര് നിമിത്തമായിട്ടില്ലേ?
സിനിമയില്‍ വന്നപ്പോഴും മോഹന്‍ലാല്‍ എന്ന പേര് മാറ്റണമെന്നോ മറ്റോ ആരും പറഞ്ഞില്ല. വളരെ അപൂര്‍വമാള്‍ക്കാര്‍ മാത്രമേ എന്നെ മോഹന്‍ എന്നു വിളിക്കാറു ള്ളൂ.
ലാലേ ലാലേല എന്നു വിളിച്ചു വിളിച്ച് അതങ്ങു പതിഞ്ഞു. എളുപ്പം വിളിക്കാവുന്ന പേരാണല്ലോ അത്.
നോര്‍ത്തിലൊക്കെയാണെങ്കിലും,മലയാളിയാണോ, തമിഴനാണോ, തെലുങ്കനാണോ, ഉത്തരേന്ത്യനാ ണോ എന്നൊന്നും തിരിച്ചറിയാനാവാത്ത ഐഡന്റിറ്റി അതിനുണ്ടായി. പറഞ്ഞു പറഞ്ഞു പിന്നതങ്ങു പതിയുകയും ചെയ്തു.
എന്റെ ചേട്ടന്റെ പേര് പ്യാരീലാല്‍ എന്നാണ്. മലയാളി അധികം കേട്ടിട്ടില്ലാത്ത പേരാണ്. ലക്ഷ്മീകാന്ത് പ്യാരേലാല്‍ മാരില്ലേ? അവരില്‍ നിന്നാവാം ചേട്ടനാ പേര് കിട്ടിയത്.
എനിക്കിപ്പോഴും അതൊരു വലിയ മിസ്റ്ററിയാണ്. ഒരു കുട്ടിക്കു പേരിടുക അത്ര പ്രധാനപ്പെട്ട കാര്യമാണല്ലോ? പത്തനം തിട്ടയിലെ ഓമല്ലൂരിനടുത്തു ഇലന്തൂര്‍ പുന്നയ്ക്കലില്‍ നിന്നൊരാള്‍ക്ക് ഇങ്ങനൊരു പേരിടുക. എന്തോ ഒരു പ്രത്യേകതയായിരിക്കും.
പേര് ജീവിതത്തില്‍ ഒരു പ്രശ്‌നമാവുമ്പോഴാണല്ലോ നാം അതേപ്പറ്റി ചിന്തിക്കുന്നത്. എന്നെ സംബന്ധിച്ച് ഉള്ള പേര് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഈ പേര് എന്നെ വളരെ സഹായിച്ചു.(ചിരി)
നിത അംബാനി വരെ കോര്‍പറേറ്റ് ചുമതലകളടക്കം വഹിക്കു ന്നു. ഇന്ത്യയില്‍ ജോലി ചെയ്യു ന്ന ഭാര്യമാരാണിന്നധികം. എന്നാ ല്‍ താര പത്‌നിമാരിലേറെയും വീ ട്ടമ്മമാരാണ്. എന്തു കൊണ്ടാ ണു സുചിത്രയെ സാമ്പത്തിക സ്വാത ന്ത്ര്യമുള്ളൊരു ജോലിക്ക്/ സംരം ഭത്തിന് പ്രേരിപ്പിക്കാത്തത്?
ഞങ്ങളുടെ കല്യാണം കഴിയുമ്പോള്‍ സുചിക്ക് 21 വയസേയുള്ളൂ. അന്നുമിന്നും അവര്‍ക്കു ജോലിയെടുക്കേണ്ട ആവശ്യം വന്നിട്ടില്ല. പിന്നെ, ഒരുപാടു കഴിവുകളുള്ള, സ്വന്തമായി സ്വതന്ത്രമായി ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്ന ആളാണു സുചി. ക്രാഫ്റ്റില്‍ കമ്പമുണ്ട്. കവിതകളെഴുതും, പബ്‌ളീഷ് ചെയ്യണമെന്നൊന്നുമില്ല.
വളരെ വലിയ കുടുംബമാണ് സുചിയുടേത്. നമ്മളൊന്നും കരുതും പോലെയല്ല. വീട്ടില്‍ ഒരു ദിവസം 25 പേരെങ്കിലുമുണ്ടാവും ഗസ്റ്റായിട്ട്. വലിയ സൗഹൃദവലയം തന്നെയുള്ളയാളാണ് സുചി.
സ്വന്തം കാര്യം നോക്കാന്‍ ജോലിക്കു പോകേണ്ട അവസ്ഥയുണ്ടായിരുന്നില്ല അവരുടെ കുടുംബത്തിലും. അവിടെ ചെന്നാല്‍ അവരൊക്കെയായിട്ട് എപ്പോഴും ബിസിയായിരിക്കുമവര്‍. മക്കളുടെ കാര്യം നോക്കാനുമൊക്കെ വലിയ താല്‍പര്യമാണ്.
ഇടയ്ക്ക് കുറച്ചുനാള്‍ ഞങ്ങള്‍ ദുബായിലായിരുന്നു. അന്നവിടെ ഞങ്ങള്‍ക്ക് ഒരു ഫ്രോസണ്‍ ബ്രഡ് ഫാക്ടറി ബിസിനസുണ്ടായിരുന്നു. കാര്യങ്ങളൊക്കെ മാനേജ് ചെയ്തിരുന്നത് സുചി ഒറ്റയ്ക്കാണ്. സ്വയം കാറോടിച്ച്, സാമ്പത്തിക കാര്യങ്ങളും കുട്ടികളുടെ കാര്യവും വരെ നോക്കി... അല്ലാതെ ചിലരെപ്പോലെ, നമ്മുടെ പ്രൊഫഷനല്‍ ലൈഫിലൊന്നും കയറി, നമ്മുടെ കോസ്റ്റിയൂം നോക്കാം, ഡേറ്റ്‌സ് നോക്കാം എന്നൊക്കെ പറഞ്ഞ് ഇടപെടാറില്ല സുചി.
സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നോ ജോലിക്കു പോകണമെന്നോ പറഞ്ഞാലും അതു വേണ്ടെന്നു പറയുന്നയാളല്ല ഞാന്‍. അവര്‍ക്കവരുടെ സ്വാതന്ത്ര്യമുണ്ട്. അവരൊരു വ്യക്തിയാണ്. അവരുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്നയാളാണു ഞാന്‍.
ഭാര്യയെ ഏതു വേഷത്തില്‍ കാണാനാണ് ആഗ്രഹം? ഒരിക്കലെങ്കിലും സുചിത്രയ്ക്ക് ഇഷ്ടമുള്ള വസ്ത്രം വാങ്ങി സമ്മാനിച്ചിട്ടുണ്ടോ? ഭക്ഷണമുണ്ടാക്കി വിളമ്പി യിട്ടുണ്ടോ?
ലേശം തടിച്ച പ്രകൃതം കാരണം അധികം സാരിയുടുക്കാറില്ല സുചി. സാരിയുടുക്കേണ്ടിവരുമ്പോള്‍ ടെന്‍ഷനുമാണ്, ശരിയായോ അഴിഞ്ഞെങ്ങാനും പോകുമോ എന്നൊക്കെയോര്‍ത്ത്. മാത്രമല്ല, സാരിയുടുക്കുക എന്നു പറയുന്നതു തന്നെ ഒരു കലയാണ്.
ആകര്‍ഷകമായി സാരിയുടുക്കുക വളരെ പ്രയാസമാണ്. നല്ല ഭംഗിക്ക്, ഷെയ്‌പ്പൊപ്പിച്ച് ഉടുക്കുക...അതിലൊരു സൗന്ദര്യമുണ്ട്. സാരിയുടുക്കാനൊക്കെ ഞാന്‍ സുചിയെ സഹായിക്കാറുണ്ട്, പ്‌ളീറ്റ് പിടിച്ചു കൊടുക്കാറുണ്ട്. എന്നാല്‍ സുചി സാധാരണയായുപയോഗിക്കുക ചുരിദാറാണ്.
ഞാന്‍ വാങ്ങിക്കൊടുക്കുന്നതിനേക്കാളധികം സുചി എനിക്കുവേണ്ടിയാണു തുണി വാങ്ങാറുള്ളത്. എനിക്ക് ഷര്‍ട്ടുകള്‍ വലിയ ഇഷ്ടമാണ്. എപ്പോഴും ഈ ഷൂട്ടിങിനാവശ്യമുള്ള സെറ്റ് വസ്ത്രങ്ങളിട്ടിട്ട് നല്ലൊരു ഷര്‍ട്ടു കണ്ടാല്‍ വാങ്ങാന്‍ എനിക്കാഗ്രഹമാണ്. മാത്രമല്ല, നമ്മുടെയൊക്കെ ചെറുപ്പത്തില്‍ ഒരു ഷര്‍ട്ട് കിട്ടുകയെന്നൊക്കെ പറയുന്നത് വലിയ കാര്യമായിരുന്നു.
ആണ്ടിനും സംക്രാന്തിക്കുമാണ് പുതിയൊരു ഷര്‍ട്ടോ പാന്റ്‌സോ മറ്റോ കിട്ടുക. അതും റെഡിമെയ്‌ഡൊന്നുമല്ല. തുണിയെടുത്ത് തയ്ക്കാന്‍ കൊടുത്ത്...ടെയ്‌ലര്‍ കനിഞ്ഞ് തയ്ച്ചു കിട്ടുന്നതും കാത്ത്.... അതുകൊണ്ടുതന്നെ സ്വന്തമായി ഏറ്റവുമധികം വാങ്ങുന്നതും നല്ല ഷര്‍ട്ടുകളാവും.
സുചിക്കാണെങ്കില്‍ നല്ല കളര്‍ സെന്‍സും ഡ്രസ് സെന്‍സുമാണ്. നല്ല സെലക്ഷനാണ്. എനിക്കാവട്ടെ സ്ഥിരമായി ഈ ഷൂട്ടിങ് വസ്ത്രമിട്ട് അങ്ങനെ വലിയ ഫാഷന്‍ സെന്‍സൊന്നുമൊട്ടില്ല താനും. ഞങ്ങളൊന്നിച്ച് ഷോപ്പിങിനു പോകാറുണ്ട്. ഞാനും ചേര്‍ന്ന് സുചിക്കുവേണ്ടിയും ഡ്രസ് തെരഞ്ഞെടുക്കാറുണ്ട്.
ഭക്ഷണകാര്യത്തില്‍ അങ്ങനെയല്ല. തീര്‍ച്ചയായും ഞാന്‍ നല്ലൊരു കുക്കാണ്. സുചിയുമതേ. ഞാനുള്ളപ്പോഴൊക്കെ അടുക്കളയില്‍ കയറാറുണ്ട്. ഞങ്ങളൊന്നിച്ചും പാചകം ചെയ്യാറുണ്ട്. ഞാന്‍ തായ് ഫുഡും ജാപ്പനീസ് ഫുഡും ഇറ്റാലിയന്‍ ഫുഡുമൊക്കെ ഉണ്ടാക്കാറുണ്ട്.
പിന്നെ എനിക്കു മാത്രമുണ്ടാക്കാനാവുന്ന ചില റസീപ്പികളും. (ചിരി) ഒരിക്കലും ആവര്‍ത്തിക്കാനാവാത്ത, പിന്നീടൊരിക്കലുമുണ്ടാക്കാനാവാത്ത ചില വിഭവങ്ങള്‍. അവയൊക്കെ വച്ചു വിളമ്പിക്കൊടുക്കാറുണ്ട് ഭാര്യയ്ക്കും മക്കള്‍ക്കും.
ഞാന്‍ പറയാറുണ്ട,് ഞാനതില്‍ ഒരല്‍പം സ്‌നേഹം കൂടി കലര്‍ത്തിയാണുണ്ടാക്കുന്നതെന്ന്..(കുസൃതിയുള്ള തനി ലാല്‍ ചിരി)പിന്നെ സുചിയുടെ സ്വഭാവം, ഞാനുണ്ടാക്കിക്കൊടുക്കുന്നതിന്റെയും തെരഞ്ഞെടുത്തുകൊടുക്കുന്നതിന്റെയുമൊന്നും കുറ്റം കണ്ടുപിടിക്കാറില്ലവര്‍.
ഭാര്യയുമായി കലഹിക്കാറുണ്ടോ?
എന്റെ തിരക്കുകള്‍ നന്നായിട്ടറിയാവുന്നയാളാണു സുചി. അധികവും പിരിഞ്ഞു നില്‍ക്കുന്നതുകൊണ്ടു തന്നെ തമ്മില്‍ കാണുന്ന കുറച്ചു സമയം പ്രണയത്തിലാവുകയാണ് പതിവ്!
പരസ്പരം മാനിക്കുകയും പ്രൊഫഷനിലിടപെടാതെയുമുള്ളൊരു ബന്ധമാണ് ഞങ്ങളുടേത്. അന്യോന്യം കുറ്റപ്പെടുത്താറില്ല. അതുകൊണ്ടുതന്നെ അധികം പ്രശ്‌നങ്ങളില്ല. സുചിയോട് ഞാന്‍ കള്ളം പറയാറില്ല. അതുകൊണ്ടു തന്നെ കലാപങ്ങളുമില്ല.
ഇന്നിന്നയിടത്തു പോയി അല്ലേ??എന്നു ചോദിച്ചാല്‍ പോയി.. എന്നേ ഞാന്‍ പറയൂ. കാരണം ഞാന്‍ കള്ളം പറഞ്ഞാ ല്‍ സുചിക്കതു കണ്ടുപിടിക്കാനാവും. ഗോസിപ്പുകളുള്ള ലോകമാണല്ലോ സിനിമ. അവര്‍ക്കറിയാം. അതുപോലെ തൊഴിലിലും ഞാന്‍ കള്ളം കാണിക്കാറില്ല.
എന്റെ ഇഷ്ടങ്ങളെ എതിര്‍ക്കാറില്ല സുചി. സുചിയുടെ ഇഷ്ടങ്ങളെ ഞാനും. ഇപ്പോള്‍ ഞാന്‍ വലിയ വില കൊടുത്ത് ഒരു ആര്‍ട്ടിഫാക്ട് വാങ്ങിക്കൊണ്ടുവന്നാല്‍, എന്തിനാ ആവശ്യമില്ലാതെ ഇത്രയും പണം ചെലവാക്കി ഇങ്ങനൊന്നു വാങ്ങിയത്??എന്നവര്‍ ചോദിക്കില്ല.
കാരണം അതെന്റെ ഇഷ്ടമാണെന്നു സുചിക്കറിയാം. അവര്‍ക്ക് അവരുടെ ഇഷ്ടങ്ങളുണ്ടെന്ന് എനിക്കുമറിയാം. അതില്‍ പരസ്പരം ഇടപെടാറില്ല, മാനിക്കാറേയുള്ളൂ. വളരെ ഡിപ്ലോമാറ്റിക്ക് എന്നു തന്നെ പറയാവുന്ന വിധത്തിലാണ് സുചി എന്നെ കൈകാര്യം ചെയ്യുക.
സിനിമ
മോഹന്‍ലാല്‍ ആദ്യം കണ്ട സിനിമയേതാണ്?
എനിക്കോര്‍മ്മയില്ല. അങ്ങനെ കൃത്യമായി പറയാനെനിക്കറിയില്ല. സ്വതവേ പോയകാര്യങ്ങള്‍ അങ്ങനെ കൃത്യമായി ഓര്‍ത്തുവയ്ക്കുന്നൊരാളല്ല ഞാന്‍.
അച്ഛനുമമ്മയുമൊക്കെ അന്നു ധാരാളം സിനിമകാണാന്‍ പോകുമായിരുന്നു. അവരുടെ കൂട്ടത്തില്‍ ഞങ്ങളും.
അതുകൊണ്ട് ആദ്യം കണ്ട സിനിമയേതെന്ന് ഓര്‍ത്തുപറയാന്‍ വിഷമമാണ്. അമ്മയോടും ഞാനിതു ചോദിച്ചിട്ടുണ്ട്, എന്നെയും കൊണ്ടു പോയി കണ്ട ആദ്യ സിനിമയേതെന്ന്. അവര്‍ക്കും അതത്ര കൃത്യമായി ഓര്‍മ്മയില്ല.
ഓര്‍മ്മയില്‍ നില്‍ക്കുന്ന ആദ്യത്തെ സിനിമാദൃശ്യമേതാ ണ്? അതെന്തുകൊണ്ട് ഓര്‍ക്കുന്നു? പ്രേക്ഷകനെന്ന നിലയ്ക്ക് കാണുന്ന ഒരു സിനിമയില്‍ ഏറ്റവും ശ്രദ്ധിക്കു കയും ഓര്‍ത്തുവയ്ക്കുകയും ചെയ്യുന്നതെന്താണ്?
എനിക്കൊരു കുഴപ്പമുള്ളത് ഇങ്ങനത്തെ പല കാര്യങ്ങളും ഓര്‍ത്തുവച്ച് പറയാനാവില്ല. ഓര്‍മകളില്‍ ജീവിക്കുന്നൊരാളല്ല ഞാന്‍. എന്നാലും നമ്മള്‍ പഠിക്കുന്ന കാലത്തൊക്കെ സെക്കന്‍ഡ് ഷോകളുമൊക്കെയായി സിനിമയൊക്കെ കണ്ട്... അങ്ങനൊരു രീതിയായിരുന്നു.
തിരുവനന്തപുരത്തെ ശ്രീപത്മനാഭ, അല്ലെങ്കില്‍ ന്യൂ തീയറ്റര്‍... പിന്നെ ശക്തി (ഇപ്പോഴത്തെ കൃപ സിനിമ) ഇവിടെയൊക്കെ നമ്മള്‍ സ്ഥിരം പ്രേക്ഷകരായിരുന്നു. കോളജിലൊക്കെയായപ്പോള്‍ ഒരുപാടു സിനിമകള്‍ കാണുമായിരുന്നു. അവയില്‍ ഒരുപാടു രംഗങ്ങളും നിമിഷങ്ങളും ഓര്‍ക്കുന്നുമുണ്ട്.
സ്വാഭാവികമായി നസീര്‍സാറിന്റെ പടങ്ങളൊക്കെയായിരിക്കാം എന്നെ ഏറ്റവും ഇഷ്ടപ്പെടുത്തിയിട്ടുള്ളത്. ബ്‌ളാക്ക് ആന്‍ഡ് വൈറ്റാണല്ലോ. പിന്നിടെപ്പോഴെങ്കിലും പാട്ടു സീനൊക്കെ ടിവിയില്‍ കാണുമ്പോഴായിരിക്കും ഓ ഈ സിനിമ പണ്ടു നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോാ എന്നോര്‍ക്കുക.
പലപ്പോഴും അതിന്റെ പേരു പോലും ഓര്‍മയിലുണ്ടായിരിക്കില്ല. പിന്നെ ചില പ്രത്യേകതയുള്ള സിനിമകള്‍, അക്കാലത്തെ തരംഗമായിരുന്ന ഷോലെ കണ്ടത്, തിരുവനന്തപുരത്ത് ന്യൂ തീയറ്ററിലായിരുന്നു, 70 എം.എമ്മില്‍..അതൊക്കെ ഓര്‍ക്കുന്നുണ്ട്.
പിന്നെ എം.ജി.ആറിന്റെ സിനിമകള്‍. എം.ജി.ആറിനെ എനിക്കു വലിയ ഇഷ്ടമായിരുന്നു. നസീര്‍ സാറിന്റെ ഒരുപാടു സിനിമകള്‍...
വന്‍ പണംവാരിപ്പടങ്ങളിലും വിശ്വസിനിമകളിലും വേഷ മിട്ടയാളാണല്ലോ? താങ്കളിലെ കാണിയെ തൃപ്തിപ്പെടു ത്തുന്ന സിനിമകള്‍ എങ്ങനെയുളളതാണ്?
എനിക്ക് എല്ലാ സിനിമകളും ഇഷ്ടമാണ്. ഞാന്‍ ആര്‍ട്ട് മൂവിയെയും ഇഷ്ടപ്പെടുന്നു, കൊമ്മേഴ്‌സ്യല്‍ സിനിമയെയും ഇഷ്ടപ്പെടുന്നു. എപ്പോഴും സിനിമ സക്‌സസ് ആവുന്നത് അതില്‍ നിന്ന് യു ഹാവ് ടു ടേക്ക് സംതിങ്.. എന്നാവുമ്പോഴാണ്.
ഒരു സിനിമ എന്തു കൊണ്ടു ഹിറ്റാവുന്നു എന്നു ചോദിച്ചാല്‍ അതില്‍ നിന്നൊരു മെസേജ്, ഒരു സന്ദേശം നമുക്ക് ഉള്‍ക്കൊള്ളാനുണ്ടാവുമ്പോഴാണ്. ഇപ്പോള്‍ പുലിമുരുകന്‍ തന്നെ കുട്ടികളെയടക്കം ഇത്രയ്ക്ക് ആകര്‍ഷിക്കുമ്പോള്‍ അതിനകത്ത് എന്തോ ഒരു സംഗതിയുണ്ട്. അതെന്താണെന്നു നമുക്ക് പിന്‍പോയിന്റ് ചെയ്തു പറയാനാവില്ല.
ഭാഗ്യം കൊണ്ട് എനിക്കു രണ്ടു തരം സിനിമകളിലും അഭിനയിക്കാനായി. ശശികുമാര്‍ സാറിന്റെ സിനിമകളില്‍ അഭിനയിച്ച കാലത്തു തന്നെ അരവിന്ദേട്ടന്റെ സിനിമകളിലും അഭിനയിക്കാനായി. അതുകൊണ്ട് എനിക്കങ്ങനെ കൊമ്മേഴ്‌സ്യല്‍ -ആര്‍ട്ട് ഹൗസ് തരംതിരിവുകളൊന്നും തോന്നിയിട്ടില്ല.
തന്മാത്ര, ഭ്രമരം, പ്രണയം..അത്തരം സിനിമകളും എനിക്കിഷ്ടമാണ്. ആ സമയത്തു കുറേക്കൂടി വില്‍പന സാധ്യതകളുള്ള ഒരു ആക്ഷന്‍ സിനിമ വേണമെങ്കില്‍ നമുക്കു ചെയ്യാം.
പക്ഷേ കൂടുതല്‍ പെര്‍ഫോം ചെയ്യാനുള്ള സിനിമയിലോട്ടാണ് എന്നും എന്റെ താല്‍പര്യം. അതു പണംവാരിയാകാം, അല്ലാത്തതുമാവാം. ബട്ട് ഇറ്റ് ഷുഡ് ക്യാരി സംതിങ്. അതിനകത്തൊരു മെസേജുണ്ടാവണം, അല്ലെങ്കില്‍ ആള്‍ക്കാരെ രസിപ്പിക്കുന്നതാവണം, ഇതൊന്നുമല്ലെങ്കില്‍ നമുക്കെന്തെങ്കിലും ചെയ്യാനുളളതാവണം.
എനിക്കിഷ്ടപ്പെടുന്നത് ചിലപ്പോള്‍ ആരാധകര്‍ക്കിഷ്ടപ്പെടണമെന്നില്ല. നല്ല സിനിമകളാണെന്നു ഞാന്‍ വിശ്വസിച്ച പലതും വിപണിയില്‍ മോശം സിനിമകളായിത്തീര്‍ന്നിട്ടുണ്ട്. അതിന്റെ സാമ്പത്തികവശം പറയുകയാണെങ്കില്‍ 1000 പേരിരിക്കുന്നൊരു തീയറ്ററില്‍ 800 പേര്‍ക്കെങ്കിലും ഒരു സിനിമ ഇഷ്ടമാവണം.
അല്ലാതെ 200 പേര്‍ക്ക് ഇഷ്ടമായാല്‍പ്പോരാ. അതുകൊണ്ട് എന്നോടു ചോദിച്ചാല്‍ എനിക്കൊരു കൊമ്മേഴ്‌സ്യല്‍ സിനിമ തന്നെയാണ് ഇഷ്ടം. കാരണം ഞാനാ ജനുസില്‍ പ്രൊഫഷനുമായി ഒരുപാടു നാളായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് എത്രയോ പേരുടെ ജീവനോപാധിയാണ്. ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ വിജയ ചിത്രങ്ങള്‍ കൂടിയേ തീരൂ.
പിന്നെ അങ്ങനെ ഡിഫറന്‍ഷ്യേറ്റ് ചെയ്യാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. നല്ല സിനിമ, ചീത്ത സിനിമ എന്നിങ്ങനെ രണ്ടു തരംതിരിവേ വേണ്ടൂ. കമ്പോളത്തില്‍ വിജയിക്കുന്നത് കലാപരം കൂടിയാവട്ടെ. കലാപരമായ സിനിമകള്‍ വിപണിവിജയങ്ങളും. അതാണു നമ്മുടെ ആഗ്രഹം.
സിനിമയുടെ വ്യവസ്ഥാപിത രീതിക്കനുസരിച്ചുള്ള ഒരു രൂപമേയായിരുന്നില്ല താങ്കളുടേത്. സ്വന്തം രൂപത്തില്‍ അപകര്‍ഷം തോന്നിയിട്ടുണ്ടോ? കണ്ണാടിയില്‍ കാണു മ്പോള്‍ എന്താണു മനസില്‍? ഈ രൂപം വച്ച് ചെയ്യേണ്ടി യിരുന്നില്ലെന്നു തോന്നിയ ഏതെങ്കിലുമൊരു വേഷം?
അന്നും ഇന്നും എന്റെ രൂപം അങ്ങനെയായിരുന്നില്ല (ചിരി). സത്യത്തില്‍ നമ്മളതേപ്പറ്റിയൊന്നും ബോതേഡായിരുന്നില്ല. കാരണം ഭയങ്കരമായി ആഗ്രഹിച്ച്, ബോധപൂര്‍വമായി പരിശ്രമിച്ച് ബോഡിയൊക്കെ ഫിറ്റാക്കി ഇതിനു വേണ്ടി ഒരുപാടു തയാറെടുപ്പുകളൊക്കെ നടത്തി...അങ്ങനെ സിനിമയില്‍ വന്ന ഒരാളല്ല ഞാന്‍. അറിയാതെ സിനിമയില്‍ വന്നൊരാളാണ് ഞാന്‍.
അതുകഴിഞ്ഞിട്ട് അതങ്ങനൊരൊഴിക്കലങ്ങു പോവുകയായിരുന്നു. അതിനിടെ ഒരുപാടു കഥാപാത്രങ്ങള്‍. ഒരുപക്ഷേ ഞാന്‍ ചെയ്ത കഥാപാത്രങ്ങളൊ ന്നും അത്ര വലിയ രൂപസൗന്ദര്യമോ ശരീരസൗന്ദര്യമോ ആവശ്യപ്പെടുന്നവയായിരുന്നിരിക്കില്ല. സിനിമയില്‍ വളരെ കുറച്ചുപേരൊഴികെ ഫിസിക്കിനെപ്പറ്റിയൊന്നും വലിയ കോണ്‍ഷ്യസായിരുന്നില്ല.
ജയനെ പോലെ ഒന്നോ രണ്ടോ പേരൊഴികെ, നസീര്‍ സാര്‍ പോലും ലൈറ്റും കാര്യങ്ങളുമൊക്കെ നോക്കുമായിരുന്നു എന്നല്ലാതെ... സുകുമാരേട്ടനായിരുന്നാലും, സോമേട്ടനായാലും, രവികുമാര്‍, ജോസ്...അവരൊക്കെ പെര്‍ഫോര്‍മെന്‍സ് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.
നമുക്കൊക്കെ കിട്ടിയ കഥാപാത്രങ്ങളാണ് നമ്മളെ അതിനു സഹായിച്ചത്. അല്ലാതെ ബാഹ്യസൗന്ദര്യത്തിന് ശരീരത്തിനു പ്രാധാന്യമുള്ള സിനിമയൊന്നും അങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല.
ഒരുപക്ഷേ ഞാനിനിയിപ്പോള്‍ ചെയ്യാന്‍ പോകുന്ന സിനിമ, എം.ടിയുടെ രണ്ടാമൂഴം, അങ്ങനത്തെ സിനിമയായിരിക്കും. ശരിക്കും എം.ടി.യുടെ ഭീമന്‍ വയറൊക്കെയുള്ള ഒരാളാണ്. വൃകോദരന്‍ എന്നു വിളിപ്പേരുള്ളയാള്‍. ഭയങ്കരമായി ഭക്ഷണം കഴിക്കുന്നയാള്‍. അങ്ങനൊരു കഥാപാത്രത്തിനു വേണ്ടി കുറേ തയാറെടുപ്പുകള്‍ വേണം.
ഒരുപാടു ശാരീരികമാറ്റങ്ങള്‍ ആവശ്യപ്പെടുന്ന വേഷമാണ്. വലിയ ഷോള്‍ഡറുള്ള ആളായിരിക്കണം, കാരണം ഗദായുദ്ധത്തില്‍ ഭയങ്കരമായ പ്രാവീണ്യമുള്ളയാളാണ്. രഥം തെളിക്കുന്നതില്‍ മന്നനാണ്. അപ്പോള്‍ അതൊക്കെ പഠിക്കാനായിട്ടും, ആ ശരീരസവിശേഷതകള്‍ ആര്‍ജിക്കാനുമായിട്ട് കുറേനാള്‍ മാറിനിന്നിട്ട് ചില തയാറെടുപ്പുകള്‍ ചെയ്യുകയാണ്.
തീര്‍ച്ചയായിട്ടും ശരീരപ്രകൃതി കുറഞ്ഞിരിക്കുന്നതാണ് ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഈ 40 വര്‍ഷത്തിനിടയ്ക്ക് ഫിസിക്ക് എനിക്കൊരു പ്രശ്‌നമായിട്ടില്ല.
കാണുന്നവര്‍ക്കൊരുപക്ഷേ അസ്വസ്ഥമായി തോന്നിയേക്കാം. അതു നല്ലതാണെന്നു ഞാന്‍ പറയുന്നില്ല. ശരീരപ്രകൃതമെന്നു പറയുന്നത് പല കാര്യങ്ങള്‍ കൊണ്ടാവുന്നതാണല്ലോ. പൈതൃകം, നമ്മുടെ ജനിറ്റിക്‌സ്...എക്‌സര്‍സൈസ് കൊണ്ടൊന്നും അതു പൂര്‍ണമായി മറികടക്കാനാവില്ലല്ലോ.
തീര്‍ച്ചയായും ഞാന്‍ എന്റെ ശരീരപ്രകൃതത്തെപ്പറ്റി ബോധവാനാണ്, അതുകൊണ്ടുതന്നെ അതു കാത്തുസൂക്ഷിക്കാന്‍ അത്യാവശ്യം വ്യായാമമൊക്കെ ഞാന്‍ ചെയ്യുന്നുമുണ്ട്.
മകന്‍, ഭര്‍ത്താവ്, അച്ഛന്‍..
മകന്‍, ഭര്‍ത്താവ്, അച്ഛന്‍.. ഇവയില്‍ ഏ തു മോഹന്‍ലാലിനോടാണ് ഏറ്റവുമധികം നീതിപുലര്‍ത്താനായിട്ടുള്ളത്?
ഭര്‍ത്താവായാല്‍ ഇങ്ങനെയായിരിക്കണം, അച്ഛന്റെ കര്‍ത്തവ്യം ഇതാണ്...അങ്ങനെയൊന്നും ഞാന്‍ ചിന്തിക്കാറില്ല, ചിന്തിച്ചിട്ടുമില്ല.
മകന്‍ എന്ന നിലയില്‍ വളരെ ശരാശരിക്കാരനായ ഒരു സാധാരണക്കാരനായിരുന്നു ഞാന്‍. വളരെ ഓര്‍ഡിനറിയായൊരാള്‍. വലിയ ബ്രില്ല്യന്റ് ഒന്നുമായിരുന്നില്ല. പക്ഷേ അച്ഛനുമമ്മയ്ക്കും എന്നെക്കൊണ്ട് ശല്യമൊന്നുമുണ്ടായിട്ടുമില്ല.
ഇപ്പോള്‍ മക്കളെ ചൊല്ലിയും അങ്ങനത്തെ ചിന്തകളില്ല. അവരെപ്പറ്റി ആവശ്യത്തിലധികം വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുക. ഒരു നാടക/സിനിമാ ഡയലോഗില്ലേ....ഒരച്ഛന്റെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോള്‍...!! ഭര്‍ത്താവെന്ന നിലയ്ക്കും അച്ഛനെന്നനിലയ്ക്കും അങ്ങനെ മാറിനിന്നൊന്നും ചിന്തിച്ചിട്ടില്ല.
മകള്‍ മായ(വിസ്മയ) ആദ്യം പറ ഞ്ഞു, അവള്‍ക്ക് പെയിന്റിങ് പഠിക്കണമെന്ന്. അവള്‍ ചാര്‍ക്കോള്‍ കൊണ്ടൊക്കെ നന്നായി വരയ്ക്കും. അപ്പോള്‍ അതു പഠിപ്പിച്ചു. അതു മടുത്തു നാടകം പഠക്കണമെന്നു പറഞ്ഞപ്പോള്‍ വിദേശത്തയച്ചു പഠിപ്പിച്ചു. കുറേക്കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഡാന്‍സ് പഠിക്കണമെന്ന്. പിന്നീട് സംഗീതം പഠിക്കണമെന്നായി. ഇപ്പോള്‍ യോഗ പഠിക്കണമെന്നാണ്.
അപ്പു (പ്രണവ്) പൊതുവേ വളരെ ഷൈ ആയ, ഇന്‍ട്രോവേര്‍ട്ടായ ആളായിരുന്നു. മുതിര്‍ന്ന ശേഷം ഇതുവരെ സിനിമയിലഭിനയിക്കണമെന്നൊന്നും പറഞ്ഞിട്ടേയില്ല. ഇപ്പോഴയാള്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ്. അയാളുടെ വയസില്‍ ഞാന്‍ രാജാവിന്റെ മകന്‍ ഒക്കെ ചെയ്തു കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ട് എനിക്കൊരു ആശങ്കയുമില്ല. കാരണം അതയാളുടെ തീരുമാനമാണ്. അവര്‍ വെവ്വേറെ വ്യക്തികളാണ്. അവര്‍ക്കവരുടെ താല്‍പര്യങ്ങളുണ്ട്. അയാള്‍ ഇംഗ്ളീഷി ല്‍ ഒരു ഗാനം എഴുതി കംപോസ് ചെയ്ത് ആദി എന്ന സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. ഫ്രഞ്ചിലൊക്കെ ഗാനങ്ങള്‍ സ്വയം ചിട്ടപ്പെടുത്തുന്ന ആളാണ്.
മക്കള്‍ക്ക് അവരാവശ്യപ്പെടുന്നത്ര ന ല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിയുക, നല്ല മനുഷ്യരായി വളര്‍ത്താനാവുക. അതൊക്കെയാണ് ഞാന്‍ ചെയ്യാന്‍ ശ്രദ്ധിക്കുന്നത്. വളരെ കുറച്ചു മാത്രം അവര്‍ക്കൊപ്പം സമയം ചെലവാക്കുന്ന ഒരാളാണു ഞാന്‍.
എന്നാലും അവരുടെ ഓരോ കാര്യവും അറിയാറുണ്ട്. അതവര്‍ക്കുമറിയാം. മക്കളുടെ കാര്യത്തില്‍ എന്നേക്കാള്‍ കൂടുതല്‍ ഇന്‍വോള്‍വ്‌മെന്റ് സുചിക്കാണ്.
ഭാര്യയുമായിട്ടും ഏറ്റവും കുറച്ചുമാത്രം സമയം ചെലവിട്ടിട്ടുള്ളൊരു ഭര്‍ത്താവാണു ഞാന്‍. കല്യാണം കഴിഞ്ഞ് തികച്ച് ഒരു മാസം ഒറ്റയടിക്ക് ഒന്നിച്ചുതാമസിക്കാ ന്‍ പറ്റിയിട്ടുണ്ടോ എന്നു സംശയമാണ്.
മോഹന്‍ലാല്‍ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും സുന്ദരിയായ സ്ത്രീ?
(ചിരി) സൗന്ദര്യം എങ്ങനെയാണു ഡിഫൈന്‍ ചെയ്യുക എന്നതാണ് ആദ്യത്തെ പ്രശ്‌നം. (വീണ്ടും ചിരി) നമുക്ക് എല്ലാ സ്ത്രീകളിലും സൗന്ദര്യം കണ്ടെത്താം എന്നുള്ളതാണ്. എല്ലാവരിലും സൗന്ദര്യത്തിന്റെ ഒരു എലിമെന്റ് ഉണ്ടാവും. ശരിക്കുമില്ലേ, എനിക്കു സുന്ദരിയായൊരു സ്ത്രീയെ കാണണം.
ഞാന്‍ കണ്ടിട്ടുള്ളതിലും വച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാനുള്ള വെയ്റ്റിങിലാണു ഞാനെന്നു വേണമെങ്കില്‍ പറയാം. ഒരു സുന്ദരിയെ കാണുമ്പോള്‍ അടുത്ത ദിവസം അവരേക്കാള്‍ സുന്ദരിയെ കാണും (ചിരി) അതു കഴിഞ്ഞു വീട്ടില്‍ പോകുമ്പോള്‍ നമ്മള്‍ ഭാര്യയെ കാണും (ചിരി) അപ്പോള്‍ തോന്നും അവരാണു സുന്ദരിയെന്ന്.
അമ്മയെ കാണുമ്പോള്‍ തോന്നും അമ്മയാണ് വലിയ സുന്ദരിയെന്ന്. പിന്നെ പുറത്തിറങ്ങുമ്പോള്‍... (ചി രി) അങ്ങനെ സൗന്ദര്യങ്ങളിലൂടെ സഞ്ചരിച്ചു സഞ്ചരിച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കുക. ഫോണ്‍ നമ്പ ര്‍..... (ചിരി)
എ. ചന്ദ്രശേഖര്‍