
ന്യൂഡല്‍ഹി : പ്രശസ്ത അഭിഭാഷകന് രാം ജേഠ്മലാനി (95) അഭിഭാഷകവൃത്തിക്ക് വിരാമമിടുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ദീപക് മിശ്രയെ ആദരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് ജഠ്മലാനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. വിരമിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിന് മുമ്പില്‍ ഇനി കേസുകളുമായി ഹാജരാകാന്‍ കഴിയില്ലെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 'ജീവിതത്തില്‍ ചില പ്രധാനപ്പെട്ട ജോലികള്‍ ചെയ്യാനുണ്ട്. അഴിമതിക്കാരായ രാഷ്ട്രീയക്കാരില്‍ നിന്നും ഇന്ത്യയെ രക്ഷിക്കണം. അഴിമതിക്കാര്‍ക്കെതിരെ പോരാടണം. നിയമോപദേശം തേടി ഏത് അഭിഭാഷകനും തുടര്‍ന്നും തന്റെ അടുത്തു വരാം' എന്നും ലൈവ് ഷോയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് കുര്യന് ജോസഫിന്റെ പരിഗണനയില്‍ വന്ന ഒരു സര്‍വീസ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച നടന്ന വാദത്തിനിടെ ഇത് തന്റെ അവസാന കേസാണെന്ന് അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിഖ്യാതമായ പല കേസുകളിലും അഭിഭാഷകനായി തിളങ്ങിയിട്ടുള്ള അഠ്മലാനി നിലവില്‍ ബിഹാറില്‍ നിന്നുള്ള രാജ്യസഭാ അംഗം കൂടിയാണ്.
ബി.ജെ.പി അനുഭാവി ആയിരുന്നുവെങ്കിലും സമീപകാലത്ത് ബി.ജെ.പിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്ന അദ്ദേഹം മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. യുപിഎ സര്‍ക്കാരിനെ പോലെ മോഡി സര്‍ക്കാരും രാജ്യത്തെ ഒരുപോലെ പിന്നോട്ടടുപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകനായാണ് രാം ജേഠ്മലാനി അറിയപ്പെട്ടിരുന്നത്. 'ഞാന്‍ ഉയര്‍ന്ന പ്രതിഫലം ഈടാക്കിയിരുന്നു. പക്ഷേ എന്റെ 90 ശതമാനം പ്രാക്ടീസും സൗജന്യമായിരുന്നു. ആദ്യ കേസില്‍ ഹാജരാകാന്‍ ഒരു രൂപയായിരുന്നു ഫഐസായി ലഭിച്ചതെ'ന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.






