
ചങ്ങനാശേരി: കുളത്തിലെ ചേറില്‍പൂണ്ട സുഹൃത്തിനെ രക്ഷപ്പെടുത്തി പ്ലസ് ടൂ വിദ്യാര്‍ത്ഥി മരണക്കയത്തിലേക്ക് താണുപോയി. വാഴപ്പള്ളി വടക്കേക്കര കടന്തോട്ട് മാത്യു തോമസിന്റെ മകന് ജിറ്റോ മാത്യു(17)വാണു മരിച്ചത്. വടക്കേക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.
കുളിക്കുന്നതിനിടയില്‍ ചേറില്‍ പൂണ്ടുപോയ സുഹൃത്തിന്റെ ജീവന് രക്ഷപ്പെടുത്തിയ ശേഷം ജിറ്റോ ചേറില്‍ താണുപോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ചെത്തിപ്പുഴക്കടവ് റെയില്‍വേ പാലത്തിനു സമീപം കരുവേലി പാടശേഖരത്തിലെ കുളത്തിലാണു സംഭവം.
കൂട്ടുകാരനെ രക്ഷപ്പെടുത്തി കുളത്തിലേക്കു ജിറ്റോ താണുപോകുകയായിരുന്നു. രക്ഷപ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള തത്രപ്പാടിനിടയില്‍ ജിറ്റോ മുങ്ങിത്താഴുന്നത് ആരും ശ്രദ്ധിച്ചില്ല. ഏറെ നേരം കഴിഞ്ഞ് ജിറ്റോയെ തെരഞ്ഞപ്പോള്‍ ചേറില്‍ പൂണ്ട് ജിറ്റോ മരണത്തിന് കീഴടങ്ങിയിരുന്നു.
പിന്നീടു ചങ്ങനാശേരി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു രണ്ടുമണിക്കൂര്‍ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. സഹപാഠികളും സുഹൃത്തുക്കളും ഉള്‍പ്പെടെ 12 പേരാണു രണ്ടുസംഘമായി ഇവിടെ കുളിക്കാനെത്തിയത്.
പാടശേഖരത്തിനു നടുവില്‍ മീന്‍ വളര്‍ത്താന്‍ തയാറാക്കിയ കുളത്തില്‍ കുളിക്കവേയായിരുന്നു അപകടം. മൃതദേഹം ഇന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിക്കും. വീട്ടുകാരെപോലെ തന്നെ ദു:ഖം അടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കൂട്ടുകാരും.






