
ന്യൂഡല്‍ഹി: കേരളത്തില്‍ ഏറ്റ വമ്പന്‍ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിര്‍ണ്ണായകമായ സിപിഐ ദേശീയ കൗണ് സില് യോഗത്തില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള ഭൂരിഭാഗം നേതാക്കളും വിട്ടുനിന്നത് പാര്‍ട്ടി വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. സംസ്ഥാനത്തു നിന്നുള്ള 12 അംഗങ്ങളില്‍ 9 പേരും യോഗത്തിന് എത്താതിരുന്നത് കേന്ദ്ര നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
12 ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ 4 പേര് മാത്രമാണ് യോഗത്തിനെത്തിയത്. ഇതില്‍ മൂന്ന് പേര് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. കെ. രാജ ന്, പി. പ്രസാദ്, ജി.ആര്. അനില്‍, ജെ. ചിഞ്ചുറാണി എന്നീ മന്ത്രിമാരും പി.പി. സുനീര്‍, ചിറ്റയം ഗോപകുമാര്‍, പി. വസന്തം, സത്യന് മൊകേരി, ഗോവിന്ദന് പള്ളിക്കാപ്പില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തില്ല. ഔദ്യോഗികമായി അവധി അപേക്ഷ നല്‍കിയത് പി. പ്രസാദ് മാത്രമാണ്. ബാക്കി 8 പേരും മുന്‍കൂട്ടി അറിയിക്കാതെയാണ് വിട്ടുനിന്നത്.
സാധാരണഗതിയില്‍ അതത് സംസ്ഥാനങ്ങളിലെ അംഗങ്ങളാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍ കേരള നേതാക്കളുടെ അസാന്നിധ്യം മൂലം ദേശീയ സെക്രട്ടേറിയറ്റ് അംഗം പി. സന്തോഷ് കുമാറിന് ഈ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ഇടതുമുന്നണിയിലെ 'തിരുത്തല്‍ ശക്തി' എന്ന് സ്വയം അവകാശ പ്പെടുന്ന സിപിഐ, ഇപ്പോള്‍ സ്വന്തം സംഘടനയ്ക്കുള്ളിലെ അച്ചടക്കമില്ലായ്മ നേരിടുകയാണോ എന്ന ചോദ്യം ഉയരുന്നു.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതാക്കള്‍ ഇത്തരത്തില്‍ വിട്ടുനിന്നത് ബോധപൂര്‍വമാണോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണോ അതോ കേന്ദ്ര നേതൃത്വത്തോടുള്ള പ്രതിഷേധമാണോ ഈ വിട്ടു നില്ക്കല് എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. നേതാക്കളുടെ ഈ നടപടി സിപിഐയുടെ സംഘടനാ രീതികള്‍ക്ക് വിരുദ്ധമാണെന്ന വിലയി രുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉള്ളത്.






