കോഴിക്കോട് : നിങ്ങളുടെ എഴുത്ത് അധ്യാപകന് യോജിച്ചതല്ലെന്ന് ആരോപിച്ച് സ്വപ്ന സ്ഖലനത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ കവിത എഴുതിയ അധ്യാപകനെ കോളെജ് പുറത്താക്കി. കോഴിക്കോട് നാദാപുരം എംഇടി കോളെജിലെ അധ്യാപകന് അജിന് ലാലിനെയാണ് വ്യക്തമായ കാരണങ്ങളില്ലാതെ മാനേജ്മെന്റ് പുറത്താക്കിയത്. ഇന്നലെയാണ് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് അജിന് ലഭിക്കുന്നത്. സ്വപ്ന സ്ഖലനത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ കവിത എഴുതിയതിന്റെ പേരില്‍ അജിന് സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോളെജിന്റെയും നടപടി.
പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ലീവിന് പോകാനായിരുന്നു അജിനോട് മാനേജ്മെന്റിന്റെ നിര്‍ദ്ദേശം. ലീവ് കഴിഞ്ഞപ്പോള്‍ ഓണം വെക്കേഷനെത്തി. അതിന് ശേഷവും കോളെജില്‍ നിന്നും ഒരു അനക്കവുമുണ്ടാകാത്തതിനെ തുടര്‍ന്ന് ഇന്നലെ അജിന് കോളെജില്‍ പോയി. അപ്പോഴാണ് പുറത്താക്കുന്ന വിവരം അറിയുന്നത്. കാരണം ചോദിച്ചപ്പോള്‍ നിങ്ങളുടെ എഴുത്ത് അധ്യാപകന് ചേര്‍ന്നതല്ല എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പിഴവുകളുണ്ടായിട്ടുണ്ടോ എന്ന് പ്രിന്‍സിപ്പലിനോട് ചോദിച്ചു. അതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടുണ്ടോ എന്നും അജിന് ആരാഞ്ഞു. ഇല്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. എന്റെ സാന്നിദ്ധ്യം കോളെജില്‍ പ്രതികൂല സാന്നിദ്ധ്യം സൃഷ്ടിക്കുമെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് അത്തരത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അജിന് പറഞ്ഞു. അവര്‍ പറഞ്ഞ കാരണങ്ങള്‍ക്കൊന്നും വ്യക്തതയില്ലെന്നും അജിന് പറയുന്നു.
ഓഗസ്റ്റ് 28 നായിരുന്നു വിവാദം ഉയര്‍ത്തിയ വരികള്‍ അജിന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. സ്വപ്നം അതിന്റെ രതിമൂര്‍ച്ഛയില്‍ എത്തുമ്പോഴാണ് സ്വപ്ന സ്ഖലനം സംഭവിക്കുന്നത്. ഞാന്‍ ഇന്ന് അവളെ ശരിക്കും കണ്ടു. എന്റെ തുടകള്‍ നനഞ്ഞു എന്നു ഞാന്‍ തിരിച്ചറിയുന്നതുവരെയും അത് അവള് തന്നെ ആയിരുന്നു. എന്നായിരുന്നു അജിന്റെ ഫെയ്സ്ബുക് പോസ്റ്റ്. വിദ്യാര്‍ത്ഥികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പലതരത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. കോളെജിലെ അധ്യാപകരുമായി തീരുമാനിച്ച ശേഷമാണ് പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ അധ്യാപകരുമായി അത്തരത്തില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ മാനേജ്മെന്റ് നടത്തിയിട്ടില്ലെന്ന് അജിന് പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അധ്യാപകര്‍ മാനേജുമെന്റിന് കത്തുനല്‍കിയെന്നും അജിന് പറയുന്നു. സംഭവത്തിന് ശേഷം നിരവധിയാളുകള്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. കോളെജിലേക്ക് തിരികെ എത്താന്‍ കഴിയുമെന്നാണ് പലരും അഭിപ്രായപ്പെട്ടതെന്നും അജിന് പറയുന്നു.






