കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ നിര്‍ണ്ണായക തെളിവായത് ഒരു ശബ്ദരേഖയെന്ന് സൂചന. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഒരു മാസം കഴിഞ്ഞ് ദിലീപ് അടുത്ത സുഹൃത്തായ ഒരു ഹാസ്യനടനോട് നടത്തിയ സംഭാഷണമാണ് പോലീസിന് പിടിവള്ളിയായതെന്നാണ് സൂചന. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പോലീസിന് ലഭിച്ചു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ നടിയുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും പിന്നീട് തെറ്റിയതിനെക്കുറിച്ചും ദിലീപ് പറയുന്നുണ്ട്.
തന്റെ കുടുംബജീവിതം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് ഈ സംഭാഷണത്തില്‍ ദിലീപ് പറയുന്നുണ്ട്. ഈ ശബ്ദരേഖ പോലീസ് കോടതിയില്‍ നിര്‍ണ്ണായക തെളിവായി അവതരിപ്പിക്കും. ഇതടക്കമുള്ള തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതി ദിലീപിന് നാല് തവണ ജാമ്യം നിഷേധിച്ചത്. ഗൂഢാലോചനാ കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണ്ണായകമായ ശബ്ദരേഖയെക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നത്. കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ച് ദിലീപ് പുറത്തിറങ്ങുന്നത് തടയാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഒക്ടോബര്‍ എട്ടിന് ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയും. അതിന് ഒരു ദിവസം മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തിരക്കിട്ട നീക്കം. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സോപാധിക ജാമ്യം ലഭിക്കും. ഇത് അന്വേഷണ സംഘത്തിന് വന്‍ തിരിച്ചടിയാകും. അതിനിടെ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ഊര്‍ജിതമാക്കി. ഈ ഫോണ്‍ കണ്ടെത്താത്തതും അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്.






