കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കര്‍ക്കശ നിലപാടില്‍ നിന്നും ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ പിന്മാറിയതില് സിനിമയിലെ വനിതാ കൂട്ടായ്മക്ക് അതൃപ്തി. ദിലീപ് ചിത്രമായ രാമലീലയ്ക്ക് എതിരെ ഉള്‍പ്പെടെ വനിതാ കൂട്ടായ്മ പ്രതിഷേധം ശക്തമായിരിക്കെയാണ് മഞ്ജു നിലപാട് മയപ്പെടുത്തിയത്. രാമലീല റിലീസ് ചെയ്യുന്ന 28ന് വനിതാ കൂട്ടായ്മ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനിരിക്കെ മഞ്ജു നിലപാട് മയപ്പെടുത്തിയത് വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്.
മഞ്ജു മുന്നില്‍ നിന്ന് നയിച്ചത് കൊണ്ട് സ്വന്തം നിലനില്‍പ്പ് പോലും നോക്കാതെയാണ് പലരും വനിതാ കൂട്ടായ്്മയില്‍ എത്തിയത്. ഇതിനിടെ മഞ്ജു ദിലീപ് അനുകൂല നിലപാടിലേക്ക് വന്നത് തങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നാണ് വനിതാ കൂട്ടായ്മയിലെ അംഗങ്ങളുടെ നിലപാട്. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി മഞ്ജുവാണ് ആദ്യം ശക്തമായ നിലപാട് സ്വീകരിച്ചത്. നടി ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞതും മഞ്ജുവാണ്. പിന്നീട് മഞ്ജുവിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് കേസില്‍ അന്വേഷണം ശക്തമായത്.
വനിതാ കൂട്ടായ്മ കര്‍ക്കശ നിലപാടുമായി മുന്നോട്ട് പോകുമ്പോഴാണ് മുന്‍ ഭര്‍ത്താവിന് അനുകൂലമായി മഞ്ജു നിലപാട് മാറ്റിയത്. സ്വന്തം നിലനില്‍പ്പ് നോക്കിയാണ് മഞ്ജു നിലപാട് മാറ്റിയതെന്നാണ് വിലയിരുത്തല്‍. ഉദാഹരണം സുജാത എന്ന തന്റെ ചിത്രത്തിന് തിരിച്ചടിയാകാതിരിക്കാനാണ് മഞ്ജുവിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍. രാമലീല തീയറ്ററുകളില്‍ എത്തുന്ന 28ന് തന്നെയാണ് ഉദാഹരണം സുജാതയും തീയറ്ററുകളില്‍ എത്തുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ഏതാനും ചിലരൊഴികെ സിനിമയില്‍ ഭൂരിപക്ഷവും ദിലീപ് അനുകൂലികളാണ്. രാമലീലയോട് മുഖംതിരിച്ചു നിന്നാല്‍ താന്‍ സിനിമാ മേഖലയില്‍ ഒറ്റപ്പെടുമെന്ന തിരിച്ചറിവാണ് മഞ്ജു രാമലീല അനുകൂല നിലപാട് സ്വീകരിക്കാന്‍ കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയിലെ ഭൂരിപക്ഷം ദിലീപിനൊപ്പം നില്ക്കുമ്പോള് തനിക്ക് ഒറ്റയ്ക്ക് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് മഞ്ജു തിരിച്ചറിയുന്നു.






