ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ദിലീപ് നായകനായ രാമലീല ഇന്നലെ തീയറ്ററുകളില്‍ എത്തിയിരുന്നു. ചിത്രത്തിന് ദിലീപ് ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ ഒട്ടുമിക്ക കേന്ദ്രങ്ങളില്‍ ഷോ ഹൗസ്ഫുള്ളായിരുന്നു. ചിത്രം വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് ദിലീപ് ഓണ്‍ലൈന്‍ നന്ദി പറഞ്ഞു. ദിലീപ് ഓണ്‍ലൈന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നന്ദി പ്രകടനം. രാമലീല റിലീസ് ചെയ്യുന്ന ദിവസം കരിദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്തവര്‍ക്ക് ഇപ്പോള്‍ മറുപടിയില്ലെന്ന് ദിലീപ് ഓണ്‍ലൈന്‍ പരിഹസിച്ചു.
അതേസമയം രാമലീലയ്ക്കൊപ്പം ഇറങ്ങിയ മഞ്ജു വാര്യര്‍ ചിത്രം ഉദാഹരണം സുജാത നല്ല ചിത്രമാണെങ്കില്‍ അതും കാണണമെന്ന് ദിലീപ് ഓണ്‍ലൈന്‍ ആവശ്യപ്പെട്ടു. ഫാന്റം പ്രവീണ്‍ എന്ന നവാഗത സംവിധായകന്റെ ചിത്രമാണത്. മുഖ്യവേഷം ചെയ്തവരുടെ കുടുംബ ചരിത്രം നോക്കാതെ കോടികള്‍ ഇറക്കിയ ജോജുവിന്റേയും മാര്ട്ടിന് പ്രക്കാര്ട്ടിന്റേയും ചിത്രമാണത്. അറിഞ്ഞടത്തോളം ഒരമ്മയ്ക്ക് മകളോടുള്ള സ്നേഹം തുറന്നു കാട്ടുന്ന ചിത്രമാണത്. പ്രധാന വേഷം ചെയ്തവരുടെ യഥാര്‍ത്ഥ ജീവിതവുമായി താരതമ്യം ചെയ്ത് ആ സിനിമയെ തകര്‍ക്കരുതെന്നും ദിലീപ് ഓണ്‍ലൈന്‍.
ദിലീപ് ഓണ്‍ലൈന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയപെട്ടവരെ,
രാമലീലയെയും രാമനുണ്ണിയെയും ഇരു കൈയും നീട്ടി സ്വീകരിച്ചതിനു നന്ദി. കഴിഞ്ഞ കുറെ ദിവസങ്ങളായി ദിലീപിനെ താറടിക്കാൻ മാത്രം ശ്രമിച്ചു കൊണ്ടിരുന്ന ചില മാധ്യമങ്ങളുടെയും സിനിമ പ്രവർത്തകരുടെയും ദിലീപിനെ എതിർക്കാൻ മാത്രം ഉണ്ടാക്കിയ വനിതാ സംഘടനയുടെയും വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളി എന്നറിയുന്നതിൽ സന്തോഷം. അതോടൊപ്പം ചില ഫെമിനിസ്റ്റ് എഴുത്തുകാർ രാമലീല റിലീസ് ആകുന്ന ദിവസം "കലാ ബോധം" ഉള്ളവർ കരിദിനം ആചരിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു. അവരും ഇപ്പോൾ മറുപടി ഇല്ലാത്ത അവസ്ഥയിൽ ആണ്. റിലീസിന് മുന്നേ ഞങ്ങൾ പറഞ്ഞത് ഇപ്പോളും ആവർത്തിക്കുന്നു. ഇത് ദിലീപേട്ടന്റെ മാത്രം സിനിമയല്ല. ഇതിൽ ക്യാമറക്കു മുന്നിലും പിന്നിലും ഒരുപാട് പേര് പ്രവർത്തിച്ചിട്ടുണ്ട്. ഇത് അവരുടെയും കഠിനാധ്വാനത്തിന്റെ ഫലം ആണ്.
മറ്റൊന്ന് കൂടി പറയട്ടെ. രാമലീലക്കൊപ്പം ഇറങ്ങിയ 'ഉദാഹരണം സുജാത' ഒരു നല്ല ചിത്രാമാണെങ്കിൽ അതിന് നേരെ സിനിമാ പ്രേമികളായ നമ്മള് കണ്ണടക്കരുത് . കേരളത്തിലെ നല്ലവരായ പ്രേക്ഷകരോട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാൻ ഉള്ളത് നിങ്ങൾ ആ സിനിമയും കണ്ടു വിജയിപ്പിക്കണം എന്നാണ്. ഫാന്റം പ്രവീൺ എന്ന കഴിവുള്ള ഒരു നവാഗത സംവിധായകന്റെ ചിത്രം ആണ് അത്. മുഖ്യ വേഷം ചെയ്തവരുടെ കുടുംബ ചരിത്രം നോക്കാതെ കോടികൾ ഇറക്കിയ നിർമാതാക്കൾ ആയ മാർട്ടിൻ പ്രക്കാട്ടിന്റെയും ജോജുവിന്റെയും സിനിമ ആണ് അത്. ദിലീപേട്ടനോടുള്ള ഇഷ്ടം കാരണം ദിലീപേട്ടന് എതിരെ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കപ്പെടുന്നവരുടെ സിനിമ കാണാതിരിക്കരുത്. അറിഞ്ഞിടത്തോളം ഒരു അമ്മക്ക് മകളോടുള്ള സ്നേഹം തുറന്നു കാട്ടുന്ന ചിത്രം ആണ് അത്. പ്രധാന വേഷം ചെയ്തവരുടെ യഥാർത്ഥ ജീവിതവും ആയി താരതമ്യം ചെയ്തു ആ സിനിമയെ തകർക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.
സസ്നേഹം
ദിലീപ് ഓൺലൈൻ






