
മലയാള സിനിമാ പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കിയ ചിത്രങ്ങളിലൊന്നായിരുന്നു ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന മൂത്തോന്. എന്നാല്‍ ഈ വര്‍ഷം ചിത്രമെത്തില്ല. നിവിന്റെ സിനിമാ തിരക്കുകളാണ് ഷൂട്ടിങ് വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങളാണ് നിവിനെ തേടിയെത്തുന്നത്. ഹേയ് ജൂഡ്, റിച്ചി, മൂത്തോന് എന്നിവയാണ് ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞത്. മൂത്തോന് ഷൂട്ടിങ് വൈകുന്നതിന്റെ വിഷമം ഗീതു മോഹന്‍ദാസ് പങ്കുവെച്ചു.
ഓണക്കാലത്ത് ഉത്സവമായി മാറിയ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യെ അനുമോദിച്ചെഴുതിയ കുറിപ്പിലാണ് ഗീതു മൂത്തോനെക്കുറിച്ചും പരാമര്‍ശിച്ചത്. 'ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു സിനിമാ ആദ്യ ദിനം ആദ്യ ഷോ കാണുന്നത്. മികച്ച, കഴിവുറ്റ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ. എല്ലാവരെയും മനസ്സ് നിറഞ്ഞ് അഭിനന്ദിക്കുന്നു. ഇതില്‍ നിന്നും തികച്ച് വ്യത്യസ്തമായ മറ്റൊരു അവതാരമായി മൂത്തോനില്‍ നിവിനെത്തുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാവുന്നില്ല'
ചെറുപ്പത്തിലെ വേര് പിരിയേണ്ടി വന്ന രണ്ട് കുട്ടികളുടെ കഥയാണ് മൂത്തോന്. തന്റെ കാണാതായ സഹോദരനെ അന്വേഷിച്ചു ലക്ഷദ്വീപിലേക്ക് പോകുന്ന ബാലനിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. നിവിന്‍ പോളി ഇത് വരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷം കാണുന്നതിനായി തന്നെ കാത്തിരിക്കുകയാണ് നിവിന്‍ പോളിയുടെ ചിത്രങ്ങളെ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകരും






