സനല്‍ കുമാര്‍ ശശിധരന്റെ പുതിയ ചിത്രമായ സെക്സി ദുര്‍ഗയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡ്. ഇന്ത്യയിലെ തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ നിബന്ധന പ്രകാരം സിനിമയുടെ പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റുമെന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് അറിയിച്ചു. എന്നാല്‍ വിദേശരാജ്യങ്ങളിലും ഓണ്‍ലൈനിലും സെക്സി ദുര്‍ഗ എന്ന പേരില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കും.
ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് സെക്സി ദുര്‍ഗ. ചിത്രത്തിന് പത്തോളം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സനല്‍ കുമാര്‍ ശശിധരന്റെ മൂന്നാമത്തെ ചിത്രമാണ് സെക്സി ദുര്‍ഗ. കണ്ണന് നായരും രാജശ്രീ ദേശ്പാണ്ഡെയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉന്മാദിയുടെ മരണം എന്ന നാലാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് സനല്‍ കുമാര്‍.
പൂര്‍ണമായും ക്രൗഡ് ഫണ്ടിംഗില്‍ നിര്‍മ്മിച്ച ഒരാള്‍പ്പൊക്കമാണ് സനല്‍ കുമാര്‍ ശശിധരന്റെ ആദ്യ ചിത്രം. മീന കന്ദസാമിയും പ്രകാശ് ബാരെയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ഒഴിവ് ദിവസത്തെ കളി ആണ് സനലിന്റെ രണ്ടാമത്തെ ചിത്രം.






