
ഭോപ്പാല്‍ : മകളെ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ നിരന്തരം ശല്യം ചെയ്തിരുന്ന ആള്‍ക്കെതിരേ പോലീസില്‍ പരാതി നല്കിയ പിതാവിനെ അയല്‍ക്കാരനായ അക്രമിയുടെ സംഘം ജീവനോടെ ചുട്ടെരിച്ചു. മദ്ധ്യപ്രദേശ് ദാമോയില്‍ നടന്ന സംഭവത്തില്‍ 45 കാരന് നര്മാഡാ സാഹു എന്നയാളാണ് മരിച്ചത്.
നര്മാഡ സാഹുവിന്റെ മകളെ അയല്‍ക്കാരനായ സച്ചിന് സാഹു പതിവായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആഗസ്റ്റ് 15 ന് ഇയാള്‍ സച്ചിന് സാഹുവിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സാഹുവിനും കുടുംബത്തിനും സച്ചിനില്‍ നിന്നും നിരന്തരം പല രീതിയിലുള്ള ഭീഷണികള്‍ക്കും ശല്യങ്ങള്‍ക്കും ഇരയാകേണ്ടി വന്നിരുന്നു.
സച്ചിനും സുഹൃത്തുക്കളായ രാംകുമാറും രാജ് കുമാറും ചേര്‍ന്ന് മാസങ്ങളോളം കൊടുത്ത പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട നര്മാഡയെ ദിനംപ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിലായി നര്മാഡയെയും കുടുംബത്തെയും കത്തിച്ച് കൊല്ലുമെന്ന് ശനിയാഴ്ച സച്ചിന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി നര്മാഡേയുടെ വീട്ടിലെത്തുകയും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.
പൊള്ളലേറ്റ് നര്മാഡ അലറി വിളിക്കുന്നത് കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയും ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ പിന്നീട് മരണത്തിന് കീഴടങ്ങി. അക്രമികളെ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
