
ചെന്നൈ: ഐ.വി ശശിയേ തേടി മരണമെത്തിയത് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിനിടെ. ഇന്നു രാത്രി ഓസ്‌ട്രേലിയായിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു ഐ.വി ശശിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ അറിയിച്ചു. ടിക്കറ്റും വീല്‍ ചെയറും മറ്റ് സംവിധാനങ്ങളും അതിനായി ഒരുക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഉള്ള മകളെ സന്ദര്‍ശിക്കുന്നതിനായിരുന്നു യാത്ര.
അവസാന നിമിഷങ്ങളില്‍ വളരെ ശാന്തമായാണ് കടന്നുപോയതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ന്യുസിലന്‍ഡിലായിരുന്ന മകന്‍ ഇന്നലെ രാത്രിയാണ് വന്നത്. മകനുമായി ഏറെനേരം ചെലവഴിച്ച് സന്തോഷത്തിലായിരുന്നു. പെട്ടെന്നാണ് രോഗം മൂര്‍ച്ഛിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് യാത്രപറഞ്ഞതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഭാര്യയും മകനും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
ഓസ്‌ട്രേലിയയിലുള്ള മകള്‍ എത്തിയ ശേഷമേ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിക്കുകയുള്ളു. താന്‍ എത്തിയ ശേഷം മൃതദേഹം എടുത്താല്‍ മതിയെന്ന് മകള്‍ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് എത്തുന്നതിനുള്ള തിരക്കിലാണ് അവരെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ശശിയുടെ മരണവാര്‍ത്ത അറിഞ്ഞ് ആദ്യം ഓടിയെത്തിയ സഹപ്രവര്‍ത്തകനാണ് പ്രിയദര്‍ശന്‍.






